കെ.എസ്.ആര്‍.ടി.സി വിഭജിക്കണമെന്ന് ബോര്‍ഡ്: വേണ്ടെന്ന് മന്ത്രി
Kerala
കെ.എസ്.ആര്‍.ടി.സി വിഭജിക്കണമെന്ന് ബോര്‍ഡ്: വേണ്ടെന്ന് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2013, 12:58 am

[]തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ മൂന്ന് മേഖലകളായി വിഭജിക്കണമെന്ന ആസൂത്രണ ബോര്‍ഡിന്റെ ശുപാര്‍ശ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് തള്ളി.

കോര്‍പറേഷനെ തെക്കന്‍ മേഖല, മധ്യമേഖല, വടക്കന്‍ മേഖല എന്നിങ്ങനെ മൂന്നായി വിഭജിക്കണമെന്നും ഓരോ വിഭാഗത്തിനും സ്വയംഭരണാധികാരമുള്ള പ്രത്യേക മാനേജ്‌മെന്റ് വേണമെന്നുമാണ് ബോര്‍ഡിന്റെ ശുപാര്‍ശ.

കെ.എസ്.ആര്‍.ടി.സിയുടെ പേര് കേരളാ സ്‌റ്റേറ്റ് ട്രാന്‍സിറ്റ് അതോറിറ്റിയെന്ന് മാറ്റണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

2030ല്‍ സംസ്ഥാനത്ത് ഗതാഗതസംവിധാനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പറയുന്ന കരട് റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ.

സര്‍ക്കാറോ യു.ഡി.എഫോ ചര്‍ച്ച ചെയ്യാത്ത കാര്യമാണിതെന്നും കോര്‍പറേഷനെ വിഭജിക്കേണ്ട കാര്യമില്ലെന്നുമാണ് മന്ത്രി പറയുന്നത്. കോര്‍പറേഷനെ വിഭജിക്കേണ്ട ആവശ്യമില്ലെന്നും അതുകൊണ്ട് പ്രത്യേക പ്രയോജനമില്ല എന്നുമാണ് മന്ത്രി പറയുന്നത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങള്‍ പ്രത്യേക അതോറിറ്റിക്ക് കീഴില്‍ കൊണ്ടുവരണം.

മോണോറെയിലും കൊച്ചി മെഗ്ഗ്രടായും ഈ അതോറിറ്റികള്‍ക്ക് കീഴിലാക്കണം. ഇവയെല്ലാം പബ്‌ളിക് ട്രാന്‍സിറ്റ് അതോറിറ്റിക്ക് കീഴിലാവണം പ്രവര്‍ത്തിക്കേണ്ടതെന്നുമാണ് ശുപാര്‍ശ.

സംസ്ഥാനത്തെ ഗതാഗതസംവിധാനത്തിന്റെ മേല്‍നോട്ടത്തിനും കൂടുതല്‍ കാര്യക്ഷമതക്കുമാണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രൂപവത്കരിക്കുന്നതെന്നാണ് ആസൂത്രണ ബോര്‍ഡിന്റെ നിലപാട്.

വന്‍ കടക്കെണിയിലായതിനാലാണ് കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കാന്‍ ആസൂത്രണ ബോര്‍ഡ് പദ്ധതിയിടുന്നത്.

എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ മാസത്തെ പെന്‍ഷന്‍ ഇതുവരെ നല്‍കാനായിട്ടില്ല. ശമ്പളം നല്‍കാന്‍ പറ്റാത്ത വിധം പ്രതിസന്ധിയിലാണെന്ന് പറഞ്ഞ മന്ത്രി ധനമന്ത്രാലയത്തിന് നേരെയും രംഗത്ത് വന്നിരുന്നു.