കെ.എസ്. ഹംസയെ പൊന്നാനിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് മുതല്‍ കേള്‍ക്കുന്ന കാര്യമാണ് പൊന്നാനിയില്‍ ഇത്തവണ ലീഗുമായി ഇടഞ്ഞുനില്‍ക്കുന്ന സമസ്ത പ്രവര്‍ത്തകരുടെ വോട്ടുകള്‍ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന്. എന്നാല്‍ കെ.എസ്. ഹംസയെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ ഇടതുമുന്നണി ലക്ഷ്യം വെക്കുന്നത് കേവലം പൊന്നാനിയില്‍ ലീഗുമായി പിണങ്ങിയ സമസ്തക്കാരുടെ വോട്ടുകാര്‍ മാത്രമല്ല, മറിച്ച് സംസ്ഥാനത്തൊട്ടാകെയും ചുരുങ്ങിയത് മലബാര്‍ മേഖലയിലെ ചില സീറ്റുകളിലെയെങ്കിലും അത്തരം വോട്ടുകള്‍ കൂടിയാണ്. ഈ നീക്കം എല്‍.ഡി.എഫിന് ഗുണം ചെയ്യുന്നുണ്ട് എന്ന് തന്നെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ലഭിക്കുന്ന ചില സൂചനകള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വസീഫ് എ.പി. സുന്നി വിഭാഗം നേതാക്കളായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, ഖലീല്‍ ബുഖാരി തങ്ങള്‍ തുടങ്ങിയവരെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ വന്ന ചില കമന്റുകള്‍ അത്തരം ചില സൂചനകള്‍ നല്‍കുന്നതാണ്. കാന്തപുരവുമായും അദ്ദേഹത്തിന്റെ നിലപാടുകളുമായും യോജിപ്പില്ലെങ്കിലും ഇത്തവണ വോട്ട് വസീഫിന് ചെയ്യുമെന്നായിരുന്നു ചില കമന്റുകള്‍. കമന്റ് ചെയ്തവരുടെ പ്രൊഫൈലുകള്‍ പരിശോധിക്കുമ്പോള്‍ അവിടെ ഹൈദരലി തങ്ങളുടെ ചിത്രങ്ങള്‍ കാണുന്നു എന്നതും എല്‍.ഡി.എഫിന്റെ കണക്കൂകൂട്ടല്‍ പിഴച്ചിട്ടില്ല എന്ന് കാണാം.
ഹക്കിം ഫൈസി ആദൃശ്ശേരിയുമായി വാഫി കോളേജുകളുടെ പേരില്‍ സമസ്ത തര്‍ക്കത്തിലേര്‍പ്പെട്ട ഘട്ടത്തില്‍ സമസ്തക്കൊപ്പം നിന്ന് പ്രതിരോധം തീര്‍ത്തതും കെ.എസ്. ഹംസയായിരുന്നു. വാഫി കോളേജുകള്‍ക്ക് പകരമായി സമസ്ത മുന്നോട്ട് വെച്ച എസ്.എന്‍.ഇ.സി സിലബസ് പ്രകാരം സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് മുന്നില്‍ നിന്നതും കെ.എസ്. ഹംസയായിരുന്നു.
കാന്തപുരം വിഭാഗത്തിന്റെ വോട്ടുകള്‍ പരമ്പരാഗതമായി തന്നെ എല്‍.ഡി.എഫിന് ഉറപ്പിക്കാവുന്നതാണ്. ഇപ്പോള്‍ കെ.എസ്. ഹംസയുടെ വരവോടെ ഒരു വിഭാഗം ഇ.കെ. വിഭാഗം സുന്നികളുടെ വോട്ടുകളും തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. സമസ്ത പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാമെന്ന് എല്ലാ തെരഞ്ഞെടുപ്പ് കാലത്തും സമസ്ത നേതാക്കള്‍ പറയുന്നതാണെങ്കിലും സമസ്തയുടെ വോട്ട് എക്കാലത്തും ലഭിച്ചിരുന്നത് യു.ഡി.എഫിന്റെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കാണ്. കെ.എസ്. ഹംസയിലൂടെ അതിലൊരു മാറ്റമുണ്ടാകുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ കെ.എസ്. ഹംസയുടെ വോട്ടഭ്യര്‍ത്ഥിച്ചുള്ള പോസ്റ്റുകളിലൊക്കെയും അദ്ദേഹം സമസ്ത നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുള്‍ക്കൊള്ളിച്ചിരിക്കുന്നതിലൂടെ എല്‍.ഡി.എഫ് എന്താണോ ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാക്കുന്നതാണ്.
ഇതാദ്യമായല്ല എല്‍.ഡി.എഫ് പൊന്നാനിയില്‍ ഇത്തരമൊരു പരീക്ഷണത്തിന് മുതിരുന്നത്. നിലവിലെ മന്ത്രി വി. അബ്ദുറഹമാന്‍, പി.വി. അന്‍വര്‍, ഹുസൈന്‍ രണ്ടത്താണി തുടങ്ങിയവരെയൊക്കെ ഇറക്കി എല്‍.ഡി.എഫ് പൊന്നാനിയില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മൂന്ന് തവണയും പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ തന്നെയായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ചെറുതെങ്കിലും ഒരു പോരാട്ടം നടത്താന്‍ സാധിച്ചിട്ടുള്ളത് വി.അബ്ദുറഹിമാന് മാത്രമാണ്. ബാക്കിയെല്ലായിപ്പോഴും ദയനീയ പരാജയമാണ് എല്‍.ഡി.എഫിന് പൊന്നാനിയിലുണ്ടായിട്ടുള്ളത്. എന്നാല്‍ ഇത്തവണ അതിന് മാറ്റമുണ്ടാകുമെന്നും, കെ.എസ്. ഹംസയിലൂടെ മികച്ച പോരാട്ടം കാഴ്ചവെക്കാനാകുമെന്നുമാണ് എല്‍.ഡി.എഫ് കരുതുന്നത്.
മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിമാരിലൊരാളായിരുന്ന കെ.എസ്. ഹംസ ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ കുഞ്ഞാലിക്കുട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി ചില പ്രതികരണങ്ങള്‍ നടത്തിയതിന്റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. പിന്നീട് ഈ ആരോപണങ്ങള്‍ യൂത്ത്‌ലീഗ് ദേശീയ നേതാവും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ പാണക്കാട് മുഈനലി തങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഹൈദരലി തങ്ങളുടെ മരണത്തിന് പോലും ഈ സാമ്പത്തിക ക്രമക്കേടുകള്‍ കാരണമായി എന്ന് മുഈനലി തങ്ങള്‍ പറഞ്ഞതിന് പിന്നില്‍ കെ.എസ്. ഹംസയുടെ ഇടപെടലുകളുണ്ടായിട്ടുണ്ട് എന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.
കോഴിക്കോട് ലീഗ് ഹൗസില്‍ വെച്ച് മുഈനലി തങ്ങള്‍ക്ക് നേരെ ലീഗ് പ്രവര്‍ത്തകനായ റാഫി അസഭ്യവര്‍ഷം നടത്തിയപ്പോള്‍ മുഈനലി തങ്ങളെ സംരക്ഷിച്ച് കൊണ്ട് കെ.എസ്. ഹംസ രംഗത്തെത്തിയിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.എസ്. ഹംസ ഹൈദരലി തങ്ങളുടെ പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിക്കുകയും മുഈനലി തങ്ങളെ ഈ ഫൗണ്ടേഷന്റെ തലപ്പത്തെത്തിക്കുകയും ചെയ്തു. ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ടവരും, ലീഗുമായി വിയോജിച്ചുനില്‍ക്കുന്ന സമസ്ത പ്രവര്‍ത്തകരെയും ഈ ഫൗണ്ടേഷനുമായി ബന്ധപ്പെടുത്താന്‍ കെ.എസ്. ഹംസക്കായിട്ടുമുണ്ട്.
പരസ്യമായിട്ടല്ലെങ്കിലും മുഈനലി തങ്ങളുടെ പിന്തുണ കെ.എസ്. ഹംസക്കുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ലീഗിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുഈനലി തങ്ങള്‍ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും ആശംസ അറിയിച്ചുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട് എങ്കിലും കെ.എസ്. ഹംസയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ തര്‍ക്കമൊന്നുമുണ്ടാകില്ല. ഹൈദരലി തങ്ങളെ സ്‌നേഹിക്കുന്ന സമസ്തയിലെ ലീഗുകാരുടെ വോട്ടുകള്‍ മുഈനലി തങ്ങള്‍ വഴി കെ.എസ് ഹംസക്ക് ലഭിക്കുമെന്ന് തന്നെയാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്.
ലീഗില്‍ നിന്ന് പുറത്താക്കിയപ്പോഴും സമസ്തയുമായി ഏറെ അടുത്ത് നിന്ന് വ്യക്തിയാണ് കെ.എസ്. ഹംസ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും അദ്ദേഹം സമസ്ത നേതാക്കളെ സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി തങ്ങളെയും ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരെയും കെ.എസ്. ഹംസ സന്ദര്‍ശിക്കുകയും പിന്തുണ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കെ.എസ്. ഹംസക്ക് വോട്ട് പിടിക്കുന്നവരെല്ലാം ആവര്‍ത്തിച്ചു പറയുന്ന കാര്യം പ്രതിസന്ധി ഘട്ടങ്ങളിള്‍ കെ.എസ്. ഹംസ സമസ്തയെ സഹായിച്ചുണ്ട് എന്നതാണ്. ഈ രീതിയില്‍ ലീഗുമായി ഇടഞ്ഞുനില്‍ക്കുന്ന സമസ്ത പ്രവര്‍ത്തകരുടെ വോട്ടുകള്‍ പരമാവധി സമാഹരിക്കുക എന്നതാണ് കെ.എസ്. ഹംസയിലൂടെ പൊന്നാനിയില്‍ എല്‍.ഡി.എഫ് കണക്കുകൂട്ടുന്നത്.
എന്നാല്‍ ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു നേതാവ് എന്നതിലപ്പുറം എന്താണ് പൊന്നാനിയില്‍ കെ.എസ്. ഹംസയുടെ പരിചയം എന്നതാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എല്‍.ഡി.എഫ് നേരിട്ടിരുന്ന പ്രധാനവെല്ലുവിളി. ലീഗ്, സമസ്ത പ്രവര്‍ത്തകര്‍ക്കപ്പുറം കെ.എസ്. ഹംസയെ ആര്‍ക്കുമറിയില്ല എന്നതും വെല്ലുവിളിയാണ്. എന്നാല്‍ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം നല്‍കുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നത്.
ഇത്രയും കാലം സി.പി.ഐ.എം സഹയാത്രികനായി നില്‍ക്കുകയും നിരവധി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ജയിക്കുകയും ചെയ്ത കെ.ടി. ജലീല്‍ പോലും ഇപ്പോഴും സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമ്പോഴാണ് മാസങ്ങള്‍ക്ക് മുമ്പ് ഇടതുപാളയത്തിലെത്തിയ കെ.എസ്. ഹംസ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്.
നേരത്തെ, കെ.ടി ജലീല്‍, പി.വി. അന്‍വര്‍, വി. അബ്ദുറഹിമാന്‍ തുടങ്ങിയവരിലൂടെയെല്ലാം പരീക്ഷിച്ച് വിജയിപ്പിച്ച ഫോര്‍മുല കെ.എസ്. ഹംസയിലൂടെയും തുടരാനാകുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നത്. എന്നാല്‍ വിജയിച്ച ഈ മൂന്ന് പേര്‍ക്കപ്പുറം മലപ്പുറത്ത് എതിര്‍പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് വന്നവരെ വെച്ചുള്ള പരീക്ഷണങ്ങള്‍ ഏറെയും പരാജയപ്പെട്ട ചരിത്രമാണുള്ളത്. പെരിന്തല്‍മണ്ണയിലും കൊണ്ടോട്ടിയിലും ഇടതു സ്ഥാനാര്‍ത്ഥികളായി മത്സരിച്ചവരെല്ലാം ഈ പരീക്ഷണത്തിലെ ഇരകളായിരുന്നു.
കെ.ടി. ജലീലിന്റെ കാര്യം മാറ്റിനിര്‍ത്തിയാല്‍ അത്തരത്തിലുള്ള എല്ലാ പരീക്ഷണങ്ങള്‍ക്കും പാത്രമായവര്‍ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരായിരുന്നു എന്നതാണ്. എന്നാല്‍ കെ.ടി. ജലീലും കെ.എസ്. ഹംസയും അങ്ങനെയായിരുന്നില്ല. മാത്രമല്ല കെ.എസ്. ഹംസയും കെ.ടി ജലീലുമാകട്ടെ ലീഗിലെ സാമ്പത്തിക ക്രമക്കേടുകളെ ചോദ്യം ചെയ്തതതിന്റെ പേരില്‍ പുറത്താക്കപ്പെട്ടവരുമാണ്.
അതുകൊണ്ട് തന്നെ കെ.ടി. ജലീലിന് കുറ്റിപ്പുറത്ത് ലഭിച്ചതുപോലുള്ളൊരു അട്ടിമറി സാധ്യതയും എല്‍.ഡി.എഫ് പൊന്നാനിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. മറ്റുള്ളവരിലൂടെയെല്ലാം അതാത് മണ്ഡലങ്ങളിലെ വിജയമാണ് പ്രതീക്ഷിക്കുന്നത് എങ്കില്‍, കെ.എസ്. ഹംസയിലൂടെ പൊന്നാനിക്ക് പുറത്ത്, ചുരുങ്ങിയത് മലപ്പുറത്തെയും മലബാറിലെ ചില മണ്ഡലങ്ങളിലെയും കുറച്ച് വോട്ടുകളും എല്‍.ഡി.എഫ് ലക്ഷ്യം വെക്കുന്നുണ്ട്.
content highlights: K.S. Hamza’s candidacy: LDF targeting Ponnani