| Sunday, 19th March 2023, 1:38 pm

ആര്‍.എസ്.എസുമായി മുസ്‌ലിം ലീഗ് എം.എല്‍.എയുടെ കൂടിക്കാഴ്ച്ച; ചരടുവലിച്ചത് കുഞ്ഞാലിക്കുട്ടി: കെ.എസ്. ഹംസ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കുഞ്ഞാലിക്കുട്ടിയുടെ ആവശ്യപ്രകാരം മുസ്‌ലിം ലീഗ് എം.എല്‍.എ, ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ലീഗില്‍ നിന്നും പുറത്താക്കപ്പെട്ട കെ.എസ് ഹംസ ആരോപിച്ചു. ചര്‍ച്ച നടത്തിയത് ആരാണെന്നും എന്തായിരുന്നു കൂടിക്കാഴ്ച്ചയുടെ ലക്ഷ്യമെന്നും വെളിപ്പെടുത്താന്‍ ലീഗ് നേതൃത്വം തയ്യാറാകണമെന്നും കെ.എസ് ഹംസ ആവശ്യപ്പെട്ടു.

ലീഗിനെ സി.പി.ഐ.എമ്മിലേക്ക് ചേര്‍ക്കാനുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് ഉയര്‍ന്ന് വന്നിരുന്നു. ഈ ചര്‍ച്ചകള്‍ക്ക് പിറകിലും ആര്‍.എസ്.എസാണെന്ന് ഹംസ ആരോപിച്ചു. സി.പി.ഐ.എമ്മിന്റെ മതേതരത്വ നിലപാടിനെ തകര്‍ക്കാനും ഹിന്ദു വോട്ടില്‍ ചോര്‍ച്ചയുണ്ടാക്കാനുമാണ് ആര്‍.എസ്.എസ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ലീഗ് സി.പി.ഐ.എമ്മില്‍ ലയിക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ആര്‍.എസ്.എസാണെന്നും അദ്ദേഹം പറഞ്ഞു.

‘രണ്ട് ദിവസം മുമ്പ് ആര്‍.എസ്.എസിന്റെ നേതാവ് മുസ്‌ലിം ലീഗ് എം.എല്‍.എയുമായി ചര്‍ച്ച നടത്തിയെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. അത് ഏത് എം.എല്‍.എ ആണെന്ന് ലീഗ് വെളിപ്പെടുത്തണം. ഇല്ലെങ്കില്‍ ഞങ്ങള്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തും. കുഞ്ഞാലിക്കുട്ടിയുടെ ആവശ്യ പ്രകാരമാണ് എം.എല്‍.എ കൂടിക്കാഴ്ച്ച നടത്തിയിട്ടുള്ളത്. അത് ആരാണെന്ന് പറയേണ്ടത് ലീഗാണ്.

ഇടക്കാലത്ത് വെച്ചുണ്ടായ ലീഗിനെ സി.പി.ഐ.എമ്മിലേക്ക് ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലും ആര്‍.എസ്.എസാണ്. അതിനുള്ള ചരട് വലിക്കുന്നത് നാഗ്പൂരില്‍ നിന്നാണ്. കാരണം ലീഗ് സി.പി.ഐ.എമ്മിനോട് ചേര്‍ന്നാല്‍ അവരുടെ മതനിരപേക്ഷതക്ക് കോട്ടം തട്ടും. സി.പി.ഐ.എമ്മിന്റെ പരമ്പരാഗതമായ ഹിന്ദു വോട്ട് ചോര്‍ന്ന് ബി.ജെ.പിക്ക് പോവും. ഇത് മുന്നില്‍ കണ്ടാണ് ആസൂത്രണം നടത്തിയത്.

അതും ലീഗ് എം.എല്‍.എയും ആര്‍.എസ്.എസും തമ്മില്‍ നടത്തിയ ചര്‍ച്ചയും തമ്മില്‍ ബന്ധമുണ്ട്. അത് പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. ലീഗിനെ ഇടതുപക്ഷത്തിന്റെ തൊഴുത്തില്‍ കെട്ടാനുള്ള ചര്‍ച്ചകളാണ് ആര്‍.എസ്.എസുമായി നടന്നിട്ടുള്ളത്,’ കെ.എസ് ഹംസ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: K S Hamsa says kunhjalikutty try to discussion with rss

We use cookies to give you the best possible experience. Learn more