'സന്തോഷമറിയിക്കാന്‍ എസ്.പി.ബി സാറില്ലല്ലോ എന്നതില്‍ വിഷമമുണ്ട്'; പത്മഭൂഷണ്‍ പുരസ്‌കാരത്തില്‍ കെ.എസ് ചിത്ര
D Movies
'സന്തോഷമറിയിക്കാന്‍ എസ്.പി.ബി സാറില്ലല്ലോ എന്നതില്‍ വിഷമമുണ്ട്'; പത്മഭൂഷണ്‍ പുരസ്‌കാരത്തില്‍ കെ.എസ് ചിത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th January 2021, 11:01 pm

കൊച്ചി: പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചതില്‍ പ്രതികരണവുമായി മലയാളത്തിന്റെ സ്വന്തം ഗായിക കെ.എസ് ചിത്ര. രാജ്യത്തിന്റെ അംഗീകാരം ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് ചിത്ര പറഞ്ഞു.

‘രാജ്യത്തിന്റെ അംഗീകാരം വളരെയധികം സന്തോഷം നല്‍കുന്നു. സംഗീത ലോകത്ത് കൈപിടിച്ച് നടത്തിച്ച എല്ലാവര്‍ക്കുമായി പുരസ്‌കാരം സമര്‍പ്പിക്കുന്നു. എനിക്ക് പുരസ്‌കാരം ലഭിച്ചതുപോലെ തന്നെ സന്തോഷം നല്‍കുന്ന കാര്യമാണ് എസ്.പി.ബി സാറിനും കൈതപ്രം നമ്പൂതിരിയ്ക്കും പുരസ്‌കാരം ലഭിച്ചുവെന്നത്. സന്തോഷം നേരിട്ടറിയിക്കാനും ഏറ്റുവാങ്ങാനും എസ്.പി.ബി സാറില്ലല്ലോ എന്നതില്‍ വിഷമമുണ്ട്’, ചിത്ര പ്രതികരിച്ചു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ചയാണ് രാഷ്ട്രപതി പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു.

അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായാണ് എസ്.പി ബാലസുബ്രഹ്മണ്യത്തിന് പുരസ്‌കാരം ലഭിച്ചത്.

മുന്‍ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്‍ശന്‍ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദര്‍ശന്‍ റാവു, ബി.ബി.ലാല്‍, ബിഎം ഹെഗ്‌ഡേ എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കെ.എസ്.ചിത്ര, മുന്‍സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രധാനമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വന്‍, മുന്‍ അസം മുഖ്യമന്ത്രി തരുണ് ഗൊഗോയി എന്നിവര്‍ക്കാണ് പത്മഭൂഷണ് ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: K S Chitra On Padma Awards