|

നഷ്ടപ്പെട്ട പ്രിയപ്പെട്ട പെങ്ങളുടെ സ്ഥാനത്തായിരുന്നു അദ്ദേഹം എന്നെ കണ്ടത്: കെ. എസ്. ചിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ് കെ.എസ്. ചിത്ര. അഞ്ച് പതിറ്റാണ്ടിലധികമായി സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ചിത്ര മലയാളമുള്‍പ്പെടെ 23 ഭാഷകളിലായി ഇരുപതിനായിരത്തിലധികം പാട്ടുകള്‍  പാടിയിട്ടുണ്ട്. 16 തവണ മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ചിത്ര ആറ് തവണ മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കി.

മലയാളത്തിന്റെ ഭാവഗായകനായ പി. ജയചന്ദ്രനെക്കുറിച്ച് സംസാരിക്കുകയാണ് കെ. എസ്. ചിത്ര. ഇളയരാജയുടെ മ്യൂസിക്ക് പ്രോഗ്രാമിനായി ഓസ്‌ട്രേലിയയില്‍ പോയത് ഇന്നും ഓര്‍മയിലുണ്ടെന്നും അന്ന് ചില സാങ്കേതിക കാരണങ്ങളാല്‍ റിഹേഴ്‌സല്‍ നടക്കാതെ വന്നതിനാല്‍ ജയചന്ദ്രനുമായി കുറേ നേരം സംസാരിച്ചിരുന്നെന്നും ചിത്ര പറയുന്നു.

ഒന്നിച്ചുള്ള വിദേശ യാത്രക്കുശേഷം അധികം വൈകാതെ ജയചന്ദ്രന്റെ സഹോദരി മരണപ്പെട്ടെന്നും നഷ്ടപ്പെട്ട പ്രിയപ്പെട്ട പെങ്ങളുടെ സ്ഥാനത്ത് അദ്ദേഹം തന്നെ കണ്ടെന്നും ചിത്ര പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കെ.എസ്. ചിത്ര.

‘ഇളയരാജസാറിന്റെ മ്യൂസിക്ക് പ്രോഗ്രാമിനായി ഓസ്‌ട്രേലിയയില്‍ പോയത് ഇന്നും ഓര്‍മയിലുണ്ട്. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തേക്ക് ബ്രേക്ക് ഫാസ്റ്റ് കൊണ്ടുവന്നത് മൂന്നുപേര്‍ക്കുള്ള കെറ്റിലുകള്‍ ഒന്നിച്ചുചേര്‍ത്തായിരുന്നു. ഭക്ഷണം കഴിക്കാനായി അന്ന് ജയേട്ടന്‍ റൂമിലേക്ക് വന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ റിഹേഴ്‌സല്‍ നടക്കാതെ വന്നതോടെ ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറുമെല്ലാം ഒന്നിച്ച് കഴിഞ്ഞ് പാട്ടും സംസാരവുമായി ദിവസം മുഴുവന്‍ ചെലവിട്ടു.

വിജയന്‍ചേട്ടന് (ഭര്‍ത്താവ്) പഴയ പാട്ടുകളോട് വലിയ കമ്പമാണ്. അദ്ദേഹം ഇഷ്ടപ്പെട്ട പാട്ടുകളെക്കുറിച്ച് പറയുമ്പോഴേക്കും അതിന് പിന്നിലെ ചില കഥകള്‍ പറഞ്ഞുകൊണ്ട് ജയേട്ടന്‍ സംസാരിച്ചുതുടങ്ങും. പിന്നീട് പാട്ടുകള്‍ പാടിയാണ് സംസാരം അവസാനിക്കുക. ജയേട്ടന്‍ പാടുമ്പോള്‍ അവര്‍ക്കൊപ്പമിരുന്ന് ഞാനും മുളാറുണ്ട്.

ഒന്നിച്ചുള്ള വിദേശ യാത്രക്കുശേഷം അധികം വൈകാതെയാണ് ജയേട്ടന്റെ സഹോദരി മരണപ്പെടുന്നത്. വിവരം അറിഞ്ഞ് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. അന്ന് ഒരുപാട് സംസാരിച്ചു. നഷ്ടമായത് പ്രിയപ്പെട്ട പെങ്ങളായിരുന്നെന്നും യാത്രയിലെല്ലാം ആ സ്ഥാനത്താണ് എന്നെ കണ്ടിരുന്നതെന്നുമെല്ലാം അദ്ദേഹം പറഞ്ഞു,’ കെ.എസ്. ചിത്ര പറയുന്നു.

Content highlight: K S Chithra talks about P Jayachandran