| Friday, 7th February 2025, 1:23 pm

വേദിയില്‍ പാടിയതിന് എനിക്ക് ആദ്യമായി പ്രതിഫലം തന്നത് ആ ഗായകനായിരുന്നു: കെ.എസ്. ചിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ് കെ.എസ്. ചിത്ര. അഞ്ച് പതിറ്റാണ്ടിലധികമായി സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ചിത്ര മലയാളമുള്‍പ്പെടെ 23 ഭാഷകളിലായി ഇരുപതിനായിരത്തിലധികം പാട്ടുകള്‍ ചിത്ര പാടിയിട്ടുണ്ട്. 16 തവണ മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ചിത്ര ആറ് വട്ടം മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കി.

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് കെ.എസ്. ചിത്ര. വേദിയില്‍ പാടിയതിന് തനിക്ക് ആദ്യമായി പ്രതിഫലം തന്നത് ജയചന്ദ്രനാണെന്ന് ചിത്ര പറഞ്ഞു. സ്റ്റേജ് ഗാനമേളകളില്‍ പാടിത്തുടങ്ങിയ കാലത്താണ് ജയചന്ദ്രനെ ആദ്യമായി കണ്ടതെന്നും വളരെ നല്ല ബന്ധമാണ് അദ്ദേഹവുമായി ഉള്ളതെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് ഓണാഘോഷവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേളയിലാണ് ജയചന്ദ്രനൊപ്പം ആദ്യമായി പാടിയതെന്ന് ചിത്ര പറഞ്ഞു. അതുവരെ കേട്ടിട്ടില്ലാത്ത ഒരുപാട് തമിഴ് പാട്ടുകള്‍ അന്നത്തെ ഗാനമേളക്കായി പഠിച്ച് പാടിയെന്നും ആ ഗാനമേള വന്‍ വിജയമായി മാറിയെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.

പിന്നീട് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗാനമേളയിലേക്ക് തന്നെ വിളിച്ചെന്നും അതിന് തനിക്ക് പ്രതിഫലം തന്നെന്നും ചിത്ര പറഞ്ഞു. താന്‍ ആദ്യം അത് വാങ്ങാന്‍ മടിച്ചെന്നും പ്രതിഫലമായി കണക്കാക്കേണ്ട, കൈനീട്ടമായി കണ്ടാല്‍ മതിയെന്ന് പറഞ്ഞ് അത് ഏല്‍പ്പിച്ചെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാസികയോട് സംസാരിക്കുകയായിരുന്നു കെ.എസ്. ചിത്ര.

‘ജയേട്ടനുമായി കുട്ടിക്കാലം തൊട്ടുള്ള ബന്ധമാണ് എനിക്കുള്ളത്. അദ്ദേഹം ഇപ്പോള്‍ നമ്മുടെ കൂടെയില്ലെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. സ്‌റ്റേജ് പരിപാടികളില്‍ പാടിത്തുടങ്ങിയ കാലത്താണ് ജയേട്ടനെ ആദ്യമായി കാണുന്നത്. തിരുവനന്തപും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹത്തോടൊപ്പം ആദ്യമായി പാടിയത്. ഓണാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. അന്നേവരെ കേട്ടിട്ടില്ലാത്ത ഒരുപാട് തമിഴ് പാട്ടുകള്‍ ഞാന്‍ അന്ന് പഠിച്ച് പാടി.

ആ പരിപാടി വിജയമായതോടെ ജയേട്ടന്‍ പിന്നീട് ആറ്റുകാലമ്പലത്തില്‍ നടത്തിയ ഗാനമേളയിലേക്ക് എന്നെ വിളിച്ചു. അന്ന് ഒരു കവര്‍ എന്റെ നേരെ നീട്ടി. സ്റ്റേജില്‍ പാടിയതിന് എനിക്ക് കിട്ടിയ ആദ്യത്തെ പ്രതിഫലമായിരുന്നു അത്. ‘കൈനീട്ടമായി കണ്ടാല്‍ മതി, പ്രതിഫലമായി കണക്കാക്കണ്ട’ എന്ന് പറഞ്ഞാണ് അത് എനിക്ക് തന്നത്. വളരെ നല്ല ആത്മബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്,’ കെ.എസ്. ചിത്ര പറയുന്നു.

Content Highlight: K S Chithra shares the memories of P Jayachandran

We use cookies to give you the best possible experience. Learn more