| Sunday, 31st January 2021, 12:14 pm

അടുത്ത കാലത്തായി ദു:ഖഗാനങ്ങളോ ഭക്തിഗാനങ്ങളോ ആണ് പാടാന്‍ കിട്ടുന്നത്; കെ.എസ് ചിത്ര പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് ഇപ്പോള്‍ പാടാന്‍ ലഭിക്കുന്ന പാട്ടുകള്‍ ദു:ഖഗാനങ്ങളും ഭക്തിഗാനങ്ങളുമാണെന്ന് കെ.എസ് ചിത്ര. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര പുതിയ പാട്ടുകളെക്കുറിച്ചും സിനിമാമേഖലയിലെ ഗാനരംഗത്ത് വന്ന മാറ്റങ്ങളെക്കുറിച്ചും മനസ്സു തുറക്കുന്നത്.

മെലഡികളാണ് തനിക്ക് കൂടുതലായും പാടാന്‍ കിട്ടുന്നതെന്നും ഫാസ്റ്റ് നമ്പറുകളോട് ഇഷ്ടക്കുറവൊന്നുമില്ലെന്നും ചിത്ര പറയുന്നു.

ഗാനരംഗത്തെ പുതിയ രീതികള്‍ വ്യത്യസ്തമാണെന്നും പഴയതില്‍ നിന്നും കുറേയധികം മാറിപോയെന്നും ചിത്ര പറയുന്നു.
പണ്ടുണ്ടായിരുന്ന പല നല്ല മര്യാദകളും ഇന്ന് നഷ്ടപ്പെട്ടതായി തോന്നിയിട്ടുണ്ടെന്നും നമ്മള്‍ പാടിയ ഒരു ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ആ വിവരം അറിയിക്കുന്ന പതിവെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നും ചിത്ര പറഞ്ഞു.

പാടിയ പാട്ടുകളുടെ സി.ഡി റിലീസ് ചെയ്യുന്ന വിവരം മറ്റാരെങ്കിലും പറഞ്ഞ് വേണം പലപ്പോഴും അറിയാന്‍. മുന്‍പെല്ലാം കാസറ്റുകളുടേയും സി.ഡികളുടേയുമെല്ലാം കോപ്പി എത്തിച്ചു നല്‍കുന്ന പതിവുണ്ടായിരുന്നു, ആ രീതികളും മാറിപ്പോയി.

റേഡിയോയില്‍ പാട്ടുകേള്‍ക്കുമ്പോള്‍ പാടിയവരുടെ പേര് പറയാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിക്കാറുണ്ട്. പാട്ടുകാര്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമായാണ് ഞാനതിനെ കാണുന്നത്. ഇന്ന് പുതിയ ചില പാട്ടുകള്‍ ആര് പാടിയതാണെന്ന് അറിയാന്‍ പ്രയാസമാണ്.

ഒരുപാട് പേര്‍ ഒന്നിച്ചിരുന്ന് വലിയൊരു കൂട്ടായ്മയിലൂടെയാണ് മുന്‍പെല്ലാം പാട്ടുകള്‍ സൃഷ്ടിച്ചിരുന്നത്. ടെക്നോളജിയുടെ വളര്‍ച്ച റെക്കോഡിങ് രീതിയില്‍ കാര്യമായ മാറ്റം വരുത്തി. പാട്ട് പൂര്‍ണമായി ഒരു സമയം റെക്കോര്‍ഡ് ചെയ്യുന്നില്ല. വാക്കുകളും വരികളുമെല്ലാം മുറിച്ചെടുത്ത് പല ഭാഗങ്ങളിലേക്ക് മാറ്റാം. ചെറിയ ബിറ്റുകളായിട്ടാണ് പുതിയ കാലത്ത് പാട്ടുകള്‍ സൃഷ്ടിക്കുന്നത്, ചിത്ര പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K S Chithra says about her new songs

We use cookies to give you the best possible experience. Learn more