വ്യത്യസ്ത സ്വഭാവത്തിലുള്ള ആരാധകരെ കണ്ടിട്ടുണ്ടെന്നും ചില സംഭവങ്ങളെല്ലാം തന്നെ വിസ്മയിപ്പിച്ചിട്ടുണ്ടെന്നും തുറന്നുപറയുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗായിക ചിത്ര. ഒരിക്കല്‍ സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരാള്‍ പൊടുന്നനെ തന്റെ കാലിലേക്ക് വീണെന്നും അയാള്‍ ജീവിച്ചിരിക്കാന്‍ കാരണം താനാണെന്ന് പറഞ്ഞുവെന്നും ചിത്ര പറയുന്നു.
‘ആത്മഹത്യ ചെയ്യാന്‍ ഉറപ്പിച്ച് കയറിനുമുന്നില്‍ നില്‍ക്കുമ്പോഴാണത്രേ അടുത്ത വീട്ടിലെ റേഡിയോയില്‍ നിന്ന് അയാള്‍ ‘ഒവ്വൊരുപൂക്കളുമേ’ എന്ന ഗാനം കേട്ടത്. അത് അയാളെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചുവെന്നാണ് പറയുന്നത്. ഇത്തരം അനുഭവങ്ങളെല്ലാം അത്ഭുതത്തോടെയാണ് കേട്ടിട്ടുള്ളത്’, ചിത്ര പറയുന്നു.
ആരാധകരുടെ മോശം പെരുമാറ്റവും ഉണ്ടായിട്ടുണ്ടെന്ന് ചിത്ര പറഞ്ഞു. ഒരിക്കല്‍ വീട്ടില്‍ താനില്ലാത്ത സമയത്ത് വന്ന ആരാധകന്‍ തന്നെ കാണാതെ അക്രമാസക്തനായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാട്ടുകളുടെ കാര്യത്തില്‍ സിനിമാരംഗത്ത് നിരവധി മാറ്റങ്ങള്‍ വന്നുവെന്നും പണ്ടുണ്ടായിരുന്ന പല രീതികളും ഇപ്പോഴില്ലെന്നും ചിത്ര അഭിമുഖത്തില്‍ പറഞ്ഞു.
നമ്മള്‍ പാടിയ ഒരു ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ആ വിവരം അറിയിക്കുന്ന പതിവ് ഇന്നില്ലെന്നും പാടിയ പാട്ടുകളുടെ സി.ഡി റിലീസിങ്ങ് വിവരം മറ്റാരെങ്കിലും പറഞ്ഞുവേണം പല്ലപ്പോഴും അറിയാനെന്നും ചിത്ര പറയുന്നു.
‘മുന്‍പെല്ലാം കാസറ്റുകളുടെയും സി.ഡികളുടെയുമെല്ലാം കോപ്പി എത്തിച്ചു നല്‍കുന്ന പതിവുണ്ടായിരുന്നു. ആ രീതികളും മാറിപ്പോയി. റേഡിയോയില്‍ പാട്ടുകേള്‍ക്കുമ്പോള്‍ പാടിയവരുടെ പേര് പറയാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിക്കാറുണ്ട്. പാട്ടുകാര്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമായാണ് ഞാനതിനെ കാണുന്നത്. ഇന്ന് പുതിയ ചില പാട്ടുകള്‍ ആര് പാടിയതാണെന്ന് അറിയാന്‍ പ്രയാസമാണ്’,ചിത്ര പറഞ്ഞു.
ഒരുപാടുപേര്‍ ഒന്നിച്ചിരുന്ന് വലിയൊരു കൂട്ടായ്മയിലൂടെയാണ് മുന്‍പെല്ലാം പാട്ടുകള്‍ സൃഷ്ടിച്ചിരുന്നതെന്നും ടെക്‌നോളജിയുടെ വളര്‍ച്ച റെക്കോര്‍ഡിങ്ങിന് കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും ചിത്ര പറയുന്നു.
തന്റെ മറ്റ് പാട്ടുകളെക്കുറിച്ചും ചിത്ര പറഞ്ഞു. അന്യഭാഷകളില്‍ പാടുകയെന്നത് തുടക്കത്തില്‍ പ്രയാസമുണ്ടാക്കിയിരുന്നെങ്കിലും ഇന്ന് ബുദ്ധിമുട്ടില്ലെന്ന് ചിത്ര പറയുന്നു. തെലുങ്ക് വായിക്കാനും എഴുതാനും അത്യാവശ്യം സംസാരിക്കാനും അറിയാം. തമിഴിനോടും ചെറുപ്പം മുതലേ അടുപ്പമുണ്ട്. അതുകൊണ്ട് ഇത്തരം ഭാഷകളില്‍ പാടുന്നത് കുറച്ചുകൂടി എളുപ്പമാണെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക