കൊച്ചി: പാടുന്ന പാട്ടിന്റെ വികാരം നമ്മളെ ബാധിക്കുമെന്ന് പറയുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ്. ചിത്ര. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്ര മനസ്സുതുറന്നത്.
‘പാട്ടിന്റെ വികാരം തീര്‍ച്ചയായും നമ്മളെ ബാധിക്കും. അതു മാത്രമല്ല. എന്റെ മോള്‍ പോയതിന് ശേഷം സാമൂഹ്യ മാധ്യമങ്ങള്‍ വഴി എന്നെ സ്‌നേഹിക്കുന്ന, അമ്മേ എന്ന് വിളിക്കുന്ന ഒരുപാട് കുട്ടികളുണ്ട്.
അവരുടെ വിഷമങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് എന്നെ സാരമായി ബാധിക്കാറുണ്ട്. ഉറക്കം പോലും നഷ്ടപ്പെടാറുണ്ട്. അതുപോലെ ചില വരികള്‍ സംഗീത സംവിധായകര്‍ പറഞ്ഞു തരുമ്പോള്‍ നമുക്കത് പാടാന്‍ സാധിക്കില്ലെന്ന് തോന്നാറുണ്ട്.
ജയരാജിന്റെ നായിക എന്ന ചിത്രത്തില്‍ അര്‍ജുനന്‍ മാഷുടെ വളരെ സങ്കടപ്പെടുത്തുന്ന ഒരു ഗാനമുണ്ട്. നിലാവ് പോലെ ഒരു അമ്മ. ആ ഗാനം പകുതി ആലപിച്ചപ്പോഴേക്കും എനിക്ക് വല്ലാത്തൊരു അസ്വസ്ഥതയുണ്ടായി.
മോളുടെ ഓര്‍മ്മകള്‍ വന്നുകൊണ്ടിരുന്നു. ഞാന്‍ പിന്നെ ഒരു ബ്രേക്ക് എടുത്ത് റിഫ്രഷ് ആയതിന് ശേഷമാണ് പാടിത്തുടങ്ങിയത്. തീര്‍ച്ചയായും പാട്ടിന്റെ വരികള്‍ ഗായികയെ പ്രചോദിപ്പിക്കും,’ കെ.എസ്. ചിത്ര പറഞ്ഞു.
ആറ് ദേശീയ അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്ര മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, തുളു, രാജസ്ഥാനി, ഉറുദു, സംസ്‌കൃതം, മലായ്, അറബിക് എന്നീ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
1979 ല്‍ എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ സംഗീത ലോകത്തിനു പരിചയപ്പെടുത്തിയത്. ആല്‍ബം ഗാനങ്ങള്‍ പാടിയായിരുന്നു ചിത്രയുടെ തുടക്കം. അട്ടഹാസം, സ്നേഹപൂര്‍വ്വം മീര, ഞാന്‍ ഏകനാണ് തുടങ്ങിയ സിനിമകളിലാണ് ആദ്യം പാടിയത്.