| Monday, 31st August 2015, 3:59 pm

ഹിന്ദുത്വത്തെ കളിയാക്കുന്നവര്‍ പട്ടികളെപ്പോലെ കൊല്ലപ്പെടുമെന്ന ബജ്‌റംഗദളിന്റെ ഭീഷണി ട്വീറ്റിന് കെ.എസ്.ഭഗവാന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: ഇന്നലെ കൊല്ലപ്പെട്ട കന്നഡ സാഹിത്യകാരനും പുരോഗമന ചിന്തകനുമായിരുന്ന എം.എം.കാല്‍ബുര്‍ഗിയുടെ മരണവുമായി ബന്ധപ്പെട്ട് ബജ്‌റംഗദള്‍ നേതാവ് ഭുവിത് ഷെട്ടി പോസ്റ്റ് ചെയ്ത ട്വിറ്റര്‍ സന്ദേശത്തിന് കെ.എസ്.ഭഗവാന്റെ മറുപടി. കാല്‍ബുര്‍ഗിയുടെ അടുത്ത സഹായിയാണ് ഭഗവാന്‍.

“ഞാനിക്കാര്യം അറിയുന്നത് മാധ്യമങ്ങള്‍ വഴിയാണ്. ഈ നിര്‍ണ്ണായകഘട്ടത്തില്‍ ഇത്തരം ആളുകള്‍ക്കെതിരെ ഉചിതമായ നടപടികളെടുക്കാനും ഇത് ഗൗരവകരമായി പരിഗണിക്കാനും ഞാന്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.” അദ്ദേഹം എ.എന്‍.ഐയോടു പറഞ്ഞു. മനസ്സുകള്‍ അടച്ചിട്ടിരിക്കുന്നതിനാലാണ് മൗലികവാദികള്‍ ഇത്തരത്തില്‍ ചിന്തിക്കുന്നതെന്നും മറ്റുള്ളവര്‍ പറയുന്നതെന്തെന്നു മനസ്സിലാക്കാന്‍ അവര്‍ ശ്രമിക്കുന്നില്ലെന്നും ഭഗവാന്‍ കൂട്ടിച്ചേര്‍ത്തു.

വിശാലമായി ചിന്തിക്കുന്നവര്‍ക്കുനേരെ യാഥാസ്ഥിതിക മനോഭാവക്കാര്‍ ആയുധമെടുക്കുന്നതിലാണ് ഭഗവാന്‍ തന്റെ നിരാശ പങ്കുവെച്ചത്. ഹിന്ദുത്വത്തെ കളിയാക്കുന്നവര്‍ പട്ടികളെപ്പോലെ കൊല്ലപ്പെടും എന്നും അടുത്തത് കെ.എസ്.ഭഗവാനാണ് എന്നുമായിരുന്നു ഷെട്ടിയുടെ ട്വീറ്റ്.

അതേസമയം ഭീഷണി ട്വീറ്റ് ചെയ്ത ഷെട്ടിക്കെതിരെ ഐ.പി.സി സെക്ഷന്‍ 506, 153A എന്നിവ പ്രകാരം മംഗലാപുരം പോലീസ് കേസെടുത്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more