| Tuesday, 13th August 2019, 9:48 am

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് കശ്മീര്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാല്‍; രജനീകാന്ത് ഒന്നുകൂടെ മഹാഭാരതം വായിക്കണം: തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ജമ്മുകശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞത് ആ സംസ്ഥാനമൊരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാലാണെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ് അഴഗിരി. കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണനകള്‍ എടുത്ത് കളയാതിരുന്നതെന്നും അഴഗിരി ചോദിച്ചു.

കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ പിന്തുണക്കുകയും അമിത് ഷായെയും നരേന്ദ്രമോദിയെയും അര്‍ജുനനെന്നും കൃഷ്ണനെന്ന് പുകഴ്ത്തുകയും ചെയ്ത രജനീകാന്തിനെതിരെയും അഴഗിരി വിമര്‍ശനമുന്നയിച്ചു.

കോടിക്കണക്കിന് ആളുകളുടെ അവകാശങ്ങള്‍ തട്ടിപ്പറച്ച ആളുകള്‍ക്കെങ്ങനെ കൃഷ്ണനും അര്‍ജുനനും ആകാന്‍ കഴിയുമെന്ന് അഴഗിരി ചോദിച്ചു. രജനീകാന്ത് ഒന്നുകൂടെ മഹാഭാരതം വായിക്കണമെന്നും അഴഗിരി പറഞ്ഞു.

കഴിഞ്ഞ ദിവസം അമിത് ഷാ പങ്കെടുത്ത ഒരു ചടങ്ങില്‍ വെച്ചാണ് രജനീകാന്ത് ഇരുവരെയും പുകഴ്ത്തി സംസാരിച്ചിരുന്നത്.

കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു മാറ്റിയത് സംസ്ഥാനം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായത് കൊണ്ടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും പറഞ്ഞിരുന്നു. കശ്മീരില്‍ വലിയ പ്രക്ഷോഭവും പ്രതിഷേധവും നടക്കുകയാണെന്നും പക്ഷെ ഇന്ത്യന്‍ മാധ്യമങ്ങള്‍ അത് മൂടിവെക്കുകയാണെന്നും വിദേശമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ചിദംബരം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more