| Monday, 15th August 2022, 4:13 pm

അമ്മ പെങ്ങന്‍മാരുടെയും അനാഥമാക്കപ്പെട്ട കുടുംബത്തിന്റെയും നിലവിളികള്‍ക്ക് ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും വിലകല്‍പിക്കണം; ഷാജഹാന്റെ കൊലപാതകത്തില്‍ കെ.കെ. രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കെ.കെ. രമ എം.എല്‍.എ. സ്വാതന്ത്ര്യദിന പുലരിയില്‍ തന്നെ അതീവ ദുഖകരമായ വാര്‍ത്തയാണ് പാലക്കാട് നിന്ന് കേള്‍ക്കേണ്ടി വന്നതെന്ന് രമ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രമയുടെ പ്രതികരണം.

നഷ്ടം കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് മാത്രമാണെന്നും അമ്മ പെങ്ങന്‍മാരുടെയും അനാഥമാക്കപ്പെട്ട കുടുംബത്തിന്റെയും നിലവിളികള്‍ക്ക് ഇനിയെങ്കിലും ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും വിലകല്‍പിക്കണമെന്നും രമ പറഞ്ഞു.

‘സി.പി.ഐ.എമ്മിന്റെ ലോക്കല്‍ കമ്മറ്റിയംഗമായ ഷാജഹാന്‍ എന്ന യുവാവ് ഇന്നലെ രാത്രി അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു.
ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും ഇത് അവസാനത്തേത് ആകണമെന്ന് ആശിക്കുന്ന ഒരു സമൂഹത്തിന്റെ മുന്നിലേക്കാണ് കൊലയാളികള്‍ വീണ്ടും കത്തിയുയര്‍ത്തുന്നത്.

നഷ്ടം കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് മാത്രമാണ്. കൊലയാളികള്‍ ആരെന്ന ആരോപണ പ്രത്യാരോപണങ്ങള്‍ പതിവുപോലെ നടക്കുന്നു. എന്തുതന്നെയായാലും സമാധാനമാഗ്രഹിക്കുന്ന ഒരു ജനതയുടെ മുഖത്തേക്കാണ് കൊലയാളികള്‍ നിരന്തരം ചോരച്ചാലുകള്‍ തീര്‍ക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇത്തരം ക്രിമിനല്‍ സംഘങ്ങളുടെ രക്ഷകരാകുന്നതാണ് ഇവര്‍ക്ക് വളമാകുന്നത്.

കൊലപാതകത്തെ അപലപിക്കുന്നതോടൊപ്പം കൊലയാളികളെയും തള്ളിപ്പറയുകയും ഒരു തരത്തിലുള്ള സഹായവും അവര്‍ക്ക് ലഭ്യമാക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം ഓരോ രാഷ്ട്രീയ നേതൃത്വവും. അതിന് തയ്യാറാകാത്ത കാലത്തോളം ദാരുണമായ ഇത്തരം സംഭവങ്ങള്‍ തുടരുക തന്നെ ചെയ്യും.
അമ്മ പെങ്ങന്‍മാരുടെയും അനാഥമാക്കപ്പെട്ട കുടുംബത്തിന്റെയും നിലവിളികള്‍ക്ക് ഇനിയെങ്കിലും ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും വിലകല്‍പിക്കണം. ഷാജഹാന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു,’ കെ.കെ. രമ പറഞ്ഞു.

അതേസമയം, ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നായിരുന്നു കെ. സുധാകരന്‍ പറഞ്ഞത്. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് കരുതി എല്ലാം ബി.ജെ.പിയുടെ തലയില്‍ ഇടാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

ഷാജഹാനെ കൊലപ്പെടുത്തിയ അക്രമികള്‍ പാര്‍ട്ടി അംഗങ്ങള്‍ എന്ന് ദൃക്‌സാക്ഷി പറയുമ്പോള്‍ ഉത്തരവാദിത്തില്‍ നിന്ന് സി.പി.ഐ.എമ്മിന് എങ്ങനെ ഒഴിയാനാകും. സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലുള്ളതിനേക്കാള്‍ ആയുധശേഖരം സി.പി.ഐ.എമ്മിനുണ്ട്. അക്രമികള്‍ പാര്‍ട്ടി അംഗങ്ങളല്ലെന്ന് പറയുന്ന സി.പി.ഐ.എം നേതാക്കള തിരുത്തുന്നത് പാര്‍ട്ടിക്കാര്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.

‘കൃത്യമായ അന്വേഷണം വേണം. ഷാജഹാനെ കൊലപ്പെടുത്തിയത് സി.പി.ഐ.എമ്മുകാര്‍ ആണെന്ന് വ്യക്തമാണ്. ആരെയും കൊല്ലുന്ന സംഘമായി സി.പി.ഐ.എം മാറി. സി.പി.ഐ.എമ്മിന് അകത്ത് നടന്ന കൊലപാതകം ആണിത്.

വെറും രാഷ്ട്രീയത്തിനപ്പുറം മറ്റ് ചില പ്രശ്‌നങ്ങള്‍ കൂടി കൊലപാതകത്തിന്റെ പിന്നിലുണ്ട്. പൊലീസ് പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പോലെയാണ്. സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കുന്നത് പോലും സി.പി.ഐ.എം നേതാക്കളാണ്.

സി.പി.ഐ.എം എന്നും അക്രമത്തിന്റെ വക്താക്കളാണ്. തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്നതിന് തെളിവുണ്ട്. ഈ കേസില്‍ നിര്‍ണായക മൊഴി നല്‍കിയ സമീപത്തെ കടക്കാരനെ പാര്‍ട്ടി നിശബ്ദനാക്കി,’ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS:  KK Rema MLA reacted to the killing of Palakkad CPIM local committee member Shah Jahan

We use cookies to give you the best possible experience. Learn more