തിരുവനന്തപുരം: പാലക്കാട് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കെ.കെ. രമ എം.എല്‍.എ. സ്വാതന്ത്ര്യദിന പുലരിയില്‍ തന്നെ അതീവ ദുഖകരമായ വാര്‍ത്തയാണ് പാലക്കാട് നിന്ന് കേള്‍ക്കേണ്ടി വന്നതെന്ന് രമ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രമയുടെ പ്രതികരണം.
നഷ്ടം കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് മാത്രമാണെന്നും അമ്മ പെങ്ങന്‍മാരുടെയും അനാഥമാക്കപ്പെട്ട കുടുംബത്തിന്റെയും നിലവിളികള്‍ക്ക് ഇനിയെങ്കിലും ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും വിലകല്‍പിക്കണമെന്നും രമ പറഞ്ഞു.
‘സി.പി.ഐ.എമ്മിന്റെ ലോക്കല്‍ കമ്മറ്റിയംഗമായ ഷാജഹാന്‍ എന്ന യുവാവ് ഇന്നലെ രാത്രി അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു.
ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും ഇത് അവസാനത്തേത് ആകണമെന്ന് ആശിക്കുന്ന ഒരു സമൂഹത്തിന്റെ മുന്നിലേക്കാണ് കൊലയാളികള്‍ വീണ്ടും കത്തിയുയര്‍ത്തുന്നത്.
നഷ്ടം കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് മാത്രമാണ്. കൊലയാളികള്‍ ആരെന്ന ആരോപണ പ്രത്യാരോപണങ്ങള്‍ പതിവുപോലെ നടക്കുന്നു. എന്തുതന്നെയായാലും സമാധാനമാഗ്രഹിക്കുന്ന ഒരു ജനതയുടെ മുഖത്തേക്കാണ് കൊലയാളികള്‍ നിരന്തരം ചോരച്ചാലുകള്‍ തീര്‍ക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇത്തരം ക്രിമിനല്‍ സംഘങ്ങളുടെ രക്ഷകരാകുന്നതാണ് ഇവര്‍ക്ക് വളമാകുന്നത്.
കൊലപാതകത്തെ അപലപിക്കുന്നതോടൊപ്പം കൊലയാളികളെയും തള്ളിപ്പറയുകയും ഒരു തരത്തിലുള്ള സഹായവും അവര്‍ക്ക് ലഭ്യമാക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം ഓരോ രാഷ്ട്രീയ നേതൃത്വവും. അതിന് തയ്യാറാകാത്ത കാലത്തോളം ദാരുണമായ ഇത്തരം സംഭവങ്ങള്‍ തുടരുക തന്നെ ചെയ്യും.
അമ്മ പെങ്ങന്‍മാരുടെയും അനാഥമാക്കപ്പെട്ട കുടുംബത്തിന്റെയും നിലവിളികള്‍ക്ക് ഇനിയെങ്കിലും ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും വിലകല്‍പിക്കണം. ഷാജഹാന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു,’ കെ.കെ. രമ പറഞ്ഞു.