കണ്ടങ്കാളി; ജനങ്ങളുടെ ഇച്ഛയില്‍ വിജയിക്കുന്ന പരിസ്ഥിതി സമരങ്ങളില്‍ ഒന്നുകൂടി
Environment
കണ്ടങ്കാളി; ജനങ്ങളുടെ ഇച്ഛയില്‍ വിജയിക്കുന്ന പരിസ്ഥിതി സമരങ്ങളില്‍ ഒന്നുകൂടി
കെ. രാമചന്ദ്രന്‍
Friday, 31st January 2020, 11:09 pm

ചിത്രങ്ങള്‍ക്ക് കടപ്പാട്: പ്രസൂണ്‍ കിരണ്‍

കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് അല്പം തെക്കുമാറി കണ്ടങ്കാളിയിലെ തലോത്തുവയലില്‍ പി.ഓ.എല്‍ എന്ന പേരില്‍ ഒരു കൂറ്റന്‍ എണ്ണസംഭരണശാല സ്ഥാപിക്കാന്‍ എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍ എന്നീ എണ്ണക്കമ്പനികള്‍ ചേര്‍ന്ന് ശ്രമം തുടങ്ങുകയും അതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരുകയും ചെയ്തിട്ട് മൂന്നു കൊല്ലമായി. 130 ഏക്കര്‍ ഭൂമി ഇതിനു വേണ്ടി പൊന്നും വിലയ്ക്കെടുത്തു കമ്പനിക്കു നല്‍കുവാനുള്ള ദൗത്യം കേരളസര്‍ക്കാര്‍ ഏറ്റെടുക്കുകയും അതിനു വേണ്ടി പ്രത്യേകം ഒരു ലാന്‍ഡ് അക്വിസിഷന്‍ ഓഫീസ് പയ്യന്നൂരില്‍ ആരംഭിക്കുകയും ചെയ്തു.

കണ്ടങ്കാളി തലോത്ത് വയല്‍

വലിയ കണ്ടല്‍ക്കാടുള്‍പ്പെടുന്ന പുഴക്കരകൂടി ഇതിന്റെ പരിധിയില്‍ വരുന്നതിനാലും തീരദേശസംരക്ഷണ നിയമത്തിലെ പട്ടിക-1 ല്‍ വരുന്ന സ്ഥലമായതുകൊണ്ട് അതിനു അനുമതി ലഭിക്കാന്‍ സാധ്യത മങ്ങുന്നതിനാലും പിന്നീട് കമ്പനി അതിന്റെ ഭൂമി ആവശ്യം 86 ഏക്കറായി പരിമിതപ്പെടുത്തി. 6 കോടി 95 ലക്ഷം ലിറ്റര്‍ എണ്ണ സംഭരിക്കാവുന്ന 20 കൂറ്റന്‍ സംഭരണ ടാങ്കുകളാണ് ഇവിടെ പ്ലാന്‍ ചെയ്തത്. രണ്ടു പുഴകളും വടക്കന്‍ കേരളത്തിലെ അനേകം പുഴകള്‍ സന്ധിക്കുന്ന ഒരു കായലും ചുറ്റും കണ്ടല്‍ക്കാടുകളും നിറഞ്ഞവിശാലമായ ഒരു തണ്ണീര്‍തടത്തിന്റെ നടുവിലാണ് ഈ ടാങ്കുകള്‍ വരിക, ഇപ്പോള്‍ കൃഷി ചെയ്തു വരുന്ന നെല്‍വയലില്‍.

കണ്ടങ്കാളി തലോത്ത് വയല്‍

പാരിസ്ഥിതികമായി അതീവ ദുര്‍ബലമായ ഒരു പ്രദേശമാണ് മണല്‍ നിറഞ്ഞ ഈ വയല്‍. കമ്പനി പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍, തൊട്ടടുത്ത പുഴകളില്‍ നിന്നും കവ്വായി കായലില്‍ നിന്നും മീന്‍ പിടിച്ചും കക്ക വാരിയും ജീവിക്കുന്ന ആയിരക്കണക്കിന് സാധാരണ മനുഷ്യരുടെ ഉപജീവനമാര്‍ഗം ഭാവിയില്‍ അടയും. മണല്‍ കലര്‍ന്ന മണ്ണില്‍ എണ്ണ വീണാല്‍ അത് പെട്ടെന്ന് കിനിഞ്ഞിറങ്ങി തൊട്ടടുത്ത കായലിലൂടെ കണ്ണൂര്‍-കാസറഗോഡ് ജില്ലകളിലെ ഒട്ടനേകം പുഴകളിലേക്ക് എത്തിച്ചേരും. അത് കായലിലെ ആവാസവ്യവസ്ഥയെ തകര്‍ക്കുകയും ജലജീവികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ടാങ്കറുകളില്‍ നിറക്കുമ്പോഴും, അവ കഴുകുമ്പോളും എണ്ണ വളരെ ചെറിയ തോതില്‍ മാത്രം മണ്ണില്‍ കലര്‍ന്നാലും, ഇത്രയും വലിയ കേന്ദ്രത്തില്‍നിന്നുള്ള ‘ചെറിയ’ അളവുപോലും കോമ്പൗണ്ടിനു തൊട്ടടുത്ത കായലിലും അതിലൂടെ മറ്റു പുഴകളിലും പാടയായി വ്യാപിക്കുന്നത് മൂലമാണ് ഇത് സംഭവിക്കുക.

താഴ്ന്നു കിടക്കുന്ന ഈ പ്രദേശം മൂന്നു മീറ്റര്‍ മണ്ണിട്ടുയര്‍ത്തിയാല്‍ മാത്രമേ അത് റെയില്‍വേ ലൈനിന്റെ ലെവലില്‍ വരൂ. അത് ചെയ്യാന്‍ പശ്ചിമഘട്ടത്തില്‍ നിന്ന് ഇടിച്ചുകൊണ്ടുവരുന്ന പതിനായിരക്കണക്കിനു ലോഡ് മണ്ണ് പത്തു മീറ്റര്‍ ഉയരത്തില്‍ ഇട്ടു അമര്‍ത്തേണ്ടിവരും. ഇപ്പോള്‍തന്നെ പ്രതിസന്ധിയിലായ ഇടനാടന്‍ കുന്നുകള്‍ ഇനിയും നശിപ്പിക്കേണ്ടിവരും. പ്രളയാനന്തരകേരളം തിരിച്ചറിഞ്ഞ ചില അടിസ്ഥാന സത്യങ്ങളെ അവഗണിച്ചു കൊണ്ടേ ഇത് ചെയ്യാന്‍ കഴിയൂ. ഈ വര്‍ഷത്തെ പ്രളയം മൂലം അനേകം കുടുംബങ്ങള്‍ ഒഴിഞ്ഞു പോകേണ്ടി വന്നവയാണ് ഇതിന്റെ പരിസരത്തെ വീടുകള്‍. തലോത്ത് വയലിലേക്കു കടക്കുന്ന വഴിയില്‍ ഇക്കൊല്ലം അരയ്ക്കൊപ്പമാണ് വെള്ളം കയറിയത്. ഇത്രയും വെള്ളക്കെട്ടുള്ള പ്രദേശത്ത് എണ്ണ സംഭരണി വേണമോ?

എണ്ണ ഉപയോഗം കുറച്ചു കൊണ്ടുവരാന്‍ ആഗോള കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ബാധ്യതയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എണ്ണ ഉപയോഗിക്കുന്ന വാഹനങ്ങള്‍ 2030 ആവുമ്പോഴേക്കും വേണ്ടെന്നുവെക്കുമെന്നും പകരം ഇലക്ട്രിക്വാഹനങ്ങള്‍ വ്യാപകമാക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഈ പദ്ധതിയുടെ പ്രസക്തി എന്താണ്? ഏതാനും വര്‍ഷങ്ങളുടെ ഉപയോഗത്തിന് മാത്രമായി ഇത്രയും ഭീമമായ ഒരു സംഭരണിവേണോ? ഇത് തികച്ചും അനാവശ്യമല്ലേ? പെട്രോളിയം ഇന്ധന വിതരണത്തില്‍ ഇപ്പോള്‍ ഈ പ്രളയകാലത്ത് പോലും വലിയ പ്രശ്‌നങ്ങളൊന്നും അനുഭവപ്പെടാത്ത സ്ഥിതിക്ക്, നിലവിലുള്ള വികേന്ദ്രീകൃത വിതരണ ശൃംഖല വേണമെങ്കില്‍ അല്‍പ്പം കൂടി വികസിപ്പിച്ചാല്‍ കാര്യം നടക്കില്ലേ?

കണ്ടങ്കാളി സമരത്തിന്റെ ഭാഗമായി നടന്ന വയല്‍രക്ഷാ മാര്‍ച്ച്

പരിസ്ഥിതി പ്രത്യാഘാതപത്രിക തയ്യാറാക്കിയിട്ടുള്ളത് സുപ്രധാനമായ ഇത്തരം വസ്തുതകളൊന്നും തന്നെ പരിഗണിക്കാതെയാണ്. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ 2018 ജനുവരി 22നു നടന്ന പബ്ലിക് ഹിയറിങ്ങില്‍ എത്തിച്ചേര്‍ന്ന 1700 ആളുകളും ഈ പദ്ധതിയെ ഏകകണ്ഠമായി എതിര്‍ത്തത് കാര്യകാരണ സഹിതമാണ്. കളക്ടര്‍ അത് മേലോട്ടു റിപ്പോര്‍ട്ടു ചെയ്തതായും കാണുന്നു. എന്നിട്ടും സ്ഥലമെടുപ്പ് നടപടികളുമായി മുന്നോട്ടു പോകുന്ന നിലപാടാണ് സര്‍ക്കാരില്‍നിന്നുണ്ടായത്.

സമരത്തിലേര്‍പ്പെട്ട ജനകീയസമരസമിതി ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്‌നങ്ങള്‍ ഇതൊക്കെയായിരുന്നു. പാരിസ്ഥിതികമായോ, സാമൂഹികമായോ, സാമ്പത്തികമായോ യാതൊരു ന്യായീകരണവുമില്ലാത്ത പദ്ധതിയായതുകൊണ്ടു തന്നെ കാര്യങ്ങള്‍ മനസ്സിലാവുന്ന എല്ലാവരും പദ്ധതിയെ എതിര്‍ക്കാന്‍ ജനകീയ സമരസമിതിയോടൊപ്പം മുന്നോട്ടു വന്നു കൊണ്ടിരുന്നു.

പദ്ധതി ഉപേക്ഷിക്കണമെന്നും, ഭൂമി ഏറ്റെടുക്കാനുള്ള ആപ്പീസ് അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ടു പ്രകടനങ്ങള്‍, പ്രതിരോധങ്ങള്‍, അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കല്‍, പൊതുയോഗങ്ങള്‍, പ്രചാരണജാഥകള്‍, വീടുതോറുംകയറിയുള്ള ബോധവത്കരണങ്ങള്‍, തലോത്ത് വയലില്‍ മനുഷ്യച്ചങ്ങല, കണ്ണൂര്‍ കലക്ടരേറ്റ് മാര്‍ച്ച്. പയ്യന്നൂര്‍ മുനിസിപ്പാലിറ്റി മാര്‍ച്ച്, നിരാഹാരസമരം, ഒഴിച്ചിട്ട വയലില്‍ കൃഷി ചെയ്യല്‍, ഊര്‍വേലി കെട്ടല്‍, കുട്ടികളുടെ ജലസംരക്ഷണസമരം, സ്ത്രീകളുടെ പ്രതിഷേധം എന്നിങ്ങനെ മൂന്നു വര്‍ഷമായി നിരന്തരം സമരപരിപാടികള്‍ നടന്നുകൊണ്ടിരുന്നു.

ഏറ്റവുമൊടുവില്‍ നടന്ന 88 ദിവസത്തെ പന്തല്‍കെട്ടിയുള്ള തുടര്‍ച്ചയായ സത്യാഗ്രഹസമരത്തിന്റെ പരിസമാപ്തി കുറിച്ച് കൊണ്ടാണ് സ്വകാര്യ കമ്പനികള്‍ക്കു ഭൂമി ഏറ്റെടുത്തു കൊടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം 2020 ജനുവരി 27 നു സമരസമിതി പ്രതിനിധികള്‍ക്ക് ലഭിച്ചതും തുടര്‍ന്ന് സമരം പിന്‍വലിച്ചതും.

സമരം എന്നത് തമാശയോ കാട്ടിക്കൂട്ടലോ നേരമ്പോക്കോ അല്ല. ആവശ്യങ്ങള്‍ ന്യായമാണെന്ന ഉത്തമ ബോദ്ധ്യത്തോടെ അവ നിറവേറ്റിക്കിട്ടാനായി അത്യാവശ്യമുള്ള സന്ദര്‍ഭത്തില്‍ ആളുകള്‍ നടത്തുന്ന ത്യാഗവും സമര്‍പ്പണവും കലര്‍ന്ന ഒരു പ്രവര്‍ത്തനമാണ് അത്. അത് പുതുതായി നമ്മെ പലതും പഠിപ്പിക്കുന്നു. ബോധത്തിന്റെ സീമകള്‍ വിപുലമാക്കുന്നു. സമാനമായ ധാര്‍മികസമരങ്ങളോട് അനുഭാവമുള്ള മനസ്സുകളെ സൃഷ്ടിക്കുന്നു. ഓരോ സമരത്തിന്റെയും ലക്ഷ്യത്തിന്റെ സവിശേഷത, മാര്‍ഗ്ഗം, ജനപിന്തുണ, അധികൃതര്‍ക്ക് അതിനോടുള്ള മനോഭാവം തുടങ്ങിയവയെല്ലാം അതിന്റെ വിജയത്തിനുള്ള നിര്‍ണായക മാനദണ്ഡങ്ങളാണ്.

റിദ്ദിമ പാണ്ഡെ കണ്ടങ്കാളി സമരത്തില്‍

കണ്ടങ്കാളി സമരം തുടക്കം തൊട്ടു തന്നെ പാരിസ്ഥിതിക സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളുയര്‍ത്തിയാണ് എണ്ണസംഭരണശാല ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടത്. സവിശേഷമായ ഒരു കായല്‍ ആവാസ വ്യവസ്ഥയും തണ്ണീര്‍തടവും നെല്‍വയലുമുള്‍പ്പെട്ട പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം. കുന്നിടിച്ചാലും മണ്ണിട്ട് നികത്തിയാലും മണ്ണില്‍ ഉണ്ടാവുന്ന ജലചക്രവ്യതി യാനങ്ങള്‍, പ്രളയം വരുമ്പോള്‍ വെള്ളം തടഞ്ഞു നിര്‍ത്താനുള്ള ശേഷി കുറയുന്ന അവസ്ഥ, എണ്ണ കൊണ്ടുള്ള ജല- അന്തരീക്ഷ മലിനീകരണം, കവ്വായിക്കായലിനെയും തലോത്ത് വയലിനെയും ഉപജീവനത്തിനു ആശ്രയിക്കുന്ന മനുഷ്യര്‍ക്ക് നേരിടുന്ന ദുരിതം, വര്‍ധിക്കാനിടയുള്ള ഗതാഗതക്കുരുക്ക് ,തീപ്പിടുത്തം പോലുള്ള അപകട സാധ്യത എന്നിങ്ങനെയുള്ളവ പദ്ധതി ഉപേക്ഷിക്കുവാനുള്ള കാരണങ്ങളായി ഉന്നയിക്കപ്പെട്ടു. പദ്ധതിയുടെ പാരിസ്ഥിതിക ആഘാത റിപ്പോര്‍ട്ടില്‍ തന്നെ എടുത്തു പറയുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ അപര്യാപ്തമോ അപ്രായോഗികമോ ആണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

കണ്ടങ്കാളി സമരത്തില്‍ നിന്ന്

കാലാവസ്ഥാ പ്രതിസന്ധി മൂലം സമീപ ഭാവിയില്‍ തന്നെ ഉപേക്ഷിക്കപ്പെടുന്ന പെട്രോളിയം പോലുള്ള ഇന്ധനങ്ങള്‍ വന്‍തോതില്‍ ഇങ്ങനെ ശേഖരിക്കുന്നതു തന്നെ തീര്‍ത്തും അനാവശ്യമാണെന്നുള്ളതാണ് ഏറ്റവും പ്രധാനമായി ഉന്നയിക്കപ്പെട്ട ഒരു പ്രശ്‌നം. അതോടനുബന്ധിച്ചുള്ള പരിസ്ഥിതി നശീകരണം ദീര്‍ഘകാലാടിസ്ഥാനത്തിലുണ്ടാക്കുന്ന വിപത്തുകള്‍ ഭാവി തലമുറയ്ക്കു പോലും ഭീഷണിയാണെന്ന കാര്യവും ചര്‍ച്ച ചെയ്യപ്പെട്ടു. സമരത്തിനിടയില്‍ രണ്ടു വര്‍ഷവും ബാധിച്ച പ്രളയക്കെടുതികള്‍, സമരം ഉന്നയിച്ച ആശങ്കകള്‍ യഥാര്‍ത്ഥമാണെന്ന് പ്രദേശവാസികള്‍ക്കടക്കം അനുഭവത്തിലൂടെ ബോധ്യപ്പെടാന്‍ ഇടയാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതെല്ലാം സാമാന്യ ബോധമുള്ള എല്ലാവര്‍ക്കും മനസ്സിലായി. ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ വസ്തുനിഷ്ഠവും ന്യായവുമാന്നെന്ന് ആളുകള്‍ക്ക് ബോദ്ധ്യമായത് കൊണ്ടാണ് സമരത്തിന് ജനപിന്തുണ കൂടിയത്.തണ്ണീര്‍ത്തടം നികത്തുന്നതും പരിസ്ഥിതി ഗുരുതരമായി നശിപ്പിച്ചു കൊണ്ടു ഏതെങ്കിലും പദ്ധതി ആരംഭിക്കുന്നതും പൊതു മേഖലയോ ,സ്വകാര്യ വ്യക്തിയോ, ബഹുരാഷ്ട്ര കോര്‍പ്പറേഷനോ ആരായാലും ശരി, അപരിഹാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുക തന്നെ ചെയ്യും.

(മാധവ് ഗാഡ്ഗില്‍, കെ.പി വിനോദ്, ടി.പി പദ്മനാഭന്‍ കെ. രാമചന്ദ്രന്‍ എന്നിവര്‍ കണ്ടങ്കാളിയില്‍)

ഇനിയും ഇക്കാര്യമൊന്നും ബോധ്യമാവാത്തവര്‍ക്കിടയില്‍പ്പോലും, പൊതുമേഖലയിലായിരുന്ന നമ്മുടെ എണ്ണക്കമ്പനികള്‍ സ്വകാര്യവത്കരിച്ച് കുത്തകകള്‍ക്ക് കൈമാറാനുള്ള നീക്കം അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. നമ്മുടെ നാട് നശിപ്പിച്ച് കുത്തകകള്‍ക്ക് ലാഭമുണ്ടാക്കാന്‍ സഹായകമായ നിലപാട് ഏത് ഇടത്പക്ഷത്തിനും ന്യായീകരിക്കാന്‍ കഴിയില്ല. ഇതും കേരളത്തില്‍ ഈ പദ്ധതിക്കെതിരായ ജനവികാരത്തിന് ശക്തി പകര്‍ന്നിട്ടുണ്ട്.

ഇന്ത്യയിലെയും കേരളത്തിലെയും നിരവധി പ്രമുഖ പരിസ്ഥിതി -സമൂഹ ശാസ്ത്രജ്ഞര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍ എന്നിവരും സമാനമായ വിഷയങ്ങളുയര്‍ത്തി വിവിധ പ്രദേശങ്ങളില്‍ സമരം ചെയ്യുന്ന പ്രവര്‍ത്തകരും എല്ലാം തലോത്ത് വയലിലെത്തുകയും സമരത്തിനു പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്.

കല്‍പ്പറ്റ നാരായണന്‍ കണ്ടങ്കാളി സമരത്തില്‍

മാധവ ഗാഡ്ഗില്‍, രാജേന്ദ്ര സിംഗ്, സന്ദീപ് പാണ്ഡേ, ദയാബായി, ഭരത് മന്‍സാട്ടെ, പ്രഫുല്ല സാമന്തറ, സാഗര്‍ ധാര, സജ്ജന്‍കുമാര്‍, റിതിമ പാണ്ഡേ ,ഡോ :ജി മധുസൂദനന്‍, ഡോ: ശ്രീകുമാര്‍ കര്‍ക്കള, ഡോ :എസ് ശങ്കര്‍ തുടങ്ങിയ പരിസ്ഥിതി -സാമൂഹ്യ ശാസ്ത്രജ്ഞരും, സി.വി ബാലകൃഷ്ണന്‍ , അംബികാസുതന്‍ മാങ്ങാട്, കല്‍പ്പറ്റ നാരായണന്‍, വി.ആര്‍ സുധീഷ് തുടങ്ങിയ എഴുത്തുകാരും, കുസുമം ജോസഫ്, സി.ആര്‍ നീലകണ്ഠന്‍ , ചെറുവയല്‍ രാമന്‍, എസ്.പി രവി ,ടി. ഗംഗാധരന്‍ മാസ്റ്റര്‍ ലീലാകുമാരി അമ്മ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ആസാദ്, മനില സി മോഹന്‍, മുനീസ തുടങ്ങിയ ആക്ടിവിസ്റ്റുകളും മാധ്യമ പ്രവര്‍ത്തകരും എസ്.എന്‍ സുബ്ബറാവു , ആനന്ദ് ഗോക്കാനി, എം.പി മത്തായി തുടങ്ങിയ ഗാന്ധിയന്മാരുമെല്ലാം സമരവുമായി ബന്ധപ്പെട്ടു ഇവിടെ എത്തിയവരില്‍ ഉള്‍പ്പെടും.

കെ. രാമചന്ദ്രന്‍ കണ്ടങ്കാളി സമരത്തില്‍

കാസര്‍ഗോഡ് എം.പി. ശ്രീ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിച്ചു. ശ്രീ.വി.എം സുധീരന്‍ ശക്തമായി ഇത് കേരള സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചു. മുഖ്യധാരാ കക്ഷി നേതാക്കളുടെ ഇത്തരം ഇടപെടലുകളും എണ്ണ സംഭരണപദ്ധതിയെ അനുകൂലിക്കുന്നത് ഹരിത കേരളം , പ്രളയാന്തര സമീപനമാറ്റം തുടങ്ങിയ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായിത്തീരും എന്ന വസ്തുതയുമല്ലാം കേരള സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി.

പ്രൊഫ. കുസുമം ജോസഫ്, ടി.പി പദ്മനാഭന്‍ എന്നിവര്‍

സയലന്റ് വാലിയുടെ കാലം തൊട്ടു പാരിസ്ഥിതിക സമരങ്ങളുടെ ഈറ്റില്ലമായ പയ്യന്നൂരിനു നിരവധി സമരങ്ങള്‍ ജയിച്ച പാരമ്പര്യമാണുള്ളത്. നിര്‍ദിഷ്ട തൃക്കരിപ്പൂര്‍ ചീമേനി താപ നിലയങ്ങള്‍, ഇരിണാവിലെ എന്റോണ്‍, പെരിങ്ങോം ആണവനിലയം, മാടായിപ്പാറ ലിഗ്‌നൈറ്റ് ഖനനം, ചീമേനി പെട്രോ കെമിക്കല്‍സ്, എന്നിവക്കെതിരായ ജയിച്ച സമരങ്ങള്‍ ഓര്‍ക്കുക.

 

ഇതെല്ലാം ചേര്‍ന്നുള്ള മൊത്തത്തിലുള്ള സ്വാധീനമാണ് പദ്ധതി ഉപേക്ഷിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിലും സമരത്തിന്റെ വിജയത്തിലും കൊണ്ടെത്തിച്ചിട്ടുള്ളത്. ജനകീയമായ ഇച്ഛയുടെയും ദൃഢനിശ്ചയത്തിന്റെയും മുന്നില്‍ ഏത് അധികാര സ്ഥാപനവും തെറ്റായ നിലപാടുകള്‍ പുനഃപരിശോധിക്കുവാനും ജനാധിപത്യത്തിന്റെ സത്ത ഉള്‍ക്കൊണ്ട് ശരിയായ ജനഹിതം നടപ്പിലാക്കുവാനും നിര്‍ബന്ധിതമാവും. കണ്ടങ്ങാളി സമരത്തിന്റെ വിജയം നല്‍കുന്ന പാഠം അതാണ്.

 

പരിസ്ഥിതി സാമ്പത്തിക ശാസ്ത്രജ്ഞന്‍ സാഗര്‍ ധാര കണ്ടങ്കാളി സമരത്തില്‍

കോര്‍പ്പറേറ്റ് വികസനത്തോടുള്ള മുഖ്യധാരയുടെ സമീപനമോ പരിസ്ഥിതി പ്രശ്‌നങ്ങളുന്നയിക്കുന്ന ‘ വികസനം മുടക്കി ‘കളോടുള്ള കടുത്ത പരിഹാസമോ ഒന്നും അടിസ്ഥാനപരമായി മാറി എന്ന് കരുതേണ്ടതില്ല. പക്ഷെ, കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തിലേക്കും തുറന്ന സമീപനത്തിലേക്കും ഭരണകൂടങ്ങളെ അടുപ്പിക്കാന്‍ ഇത്തരം സമരങ്ങള്‍ക്കേ കഴിയൂ എന്ന് ഒരിക്കല്‍ക്കൂടി സമര്‍ത്ഥിക്കപ്പെടുകയാണ്. സമരം ചെയ്യുന്ന ജനങ്ങള്‍ക്ക് കൊച്ചു വിജയങ്ങള്‍ പോലും വര്‍ദ്ധിച്ച ആത്മവിശ്വാസം നല്‍കുന്നു എന്നത് ചെറിയ കാര്യമല്ല. ജനാധിപത്യത്തിന്റെ ശക്തിയാണ് അതുവഴി ആവിഷ്‌കരിക്കപ്പെടുന്നത്. തുടര്‍ന്ന്, പരിസ്ഥിതിയുടെ അടിസ്ഥാന രാഷ്ട്രീയത്തിന് അര്‍ഹമായ ജനപിന്തുണ ലഭിക്കുന്നത് ആശാവഹമായ ഒരു സാമൂഹികവികാസമാണ്.

 

അങ്ങനെ, കണ്ടങ്ങാളിയിലെ വിശാലമായ വയലും നീര്‍ത്തടവും തത്കാലം രക്ഷപ്പെടുന്നു എന്നും പയ്യന്നൂരിന് മേല്‍ ഉരുണ്ടുകൂടിയ കാര്‍മേഘം ഒഴിഞ്ഞു പോവുന്നു എന്നും നമുക്ക് ആശ്വസിക്കാം. എങ്കിലും, ഇവയൊക്കെ സംരക്ഷിക്കാനുള്ള പാരിസ്ഥിതികമായ ജാഗ്രത സജീവമായി നിലനിര്‍ത്തിയാല്‍ മാത്രമേ കാലാവസ്ഥാ പ്രതിസന്ധിയുള്‍പ്പടെയുള്ള വലിയ വിപത്തുകളുടെ ആഘാതങ്ങള്‍ ലഘൂകരിക്കാനെങ്കിലും നമുക്ക് കഴിയൂ എന്ന കാര്യം വിജയാഹ്ലാദത്തിനിടയില്‍ ആരും മറന്ന് പോകരുത്.

കാലാവസ്ഥാപ്രതിസന്ധിയും പ്രളയവും മറ്റും നല്‍കുന്ന അനുഭവങ്ങളുടെ വെളിച്ചത്തില്‍, പാരിസ്ഥിതിക ദുരന്തം കാല്പനികരോ യാഥാര്‍ഥ്യബോധമില്ലാത്തവരോ ആയ ഏതാനും മരസ്‌നേഹികളുടെ ദുസ്വപ്നം മാത്രമല്ലെന്നും നമ്മുടെ ഭാവിയെ ഭീഷണമാക്കുന്ന യാഥാര്‍ഥ്യമാണെന്നും തിരിച്ചറിയുമ്പോള്‍ നമ്മുടെ ജീവിതവീക്ഷണവും ശൈലിയും നശീകരണാത്മക വികസന പ്രക്രിയയും എല്ലാം മാറ്റേണ്ടതുണ്ട്. ഈ ബോധത്തിലേക്ക് സാമ്പത്തികവ്യവസ്ഥയുടെ നടത്തിപ്പുകാര്‍ എളുപ്പത്തില്‍ ഉണര്‍ന്നില്ലെങ്കില്‍ പോലും, സാമാന്യ ജനങ്ങള്‍ ഉണരുക തന്നെ ചെയ്യും എന്നതാണ് വലിയ ഒരു പ്രതീക്ഷ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ