തിരുവനന്തപുരം: പ്രളയത്തിനിടെ വനം മന്ത്രി കെ.രാജുവിന്റെ വിവാദ ജര്‍മ്മന്‍ യാത്ര ഉറപ്പിച്ചത് കേരളം പ്രളയത്തിന്റെ നടുവില്‍ നില്‍ക്കുന്ന ഓഗസ്റ്റ് പതിനഞ്ചാം തിയ്യതിയായിരുന്നെന്ന് മന്ത്രിയുടെ തന്നെ വെളിപ്പെടുത്തല്‍. മനോരമ ന്യൂസാണ് വീഡിയോ പുറത്തുവിട്ടത്.
ജര്‍മ്മനിയിലെ പരിപാടിയിക്കിടെയായിരുന്നു മന്ത്രിയുടെ തുറന്നുപറച്ചില്‍. സംസ്ഥാനം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ചുമതലയുണ്ടായിരുന്ന കോട്ടയം ജില്ലയുടെയും സ്വന്തം മണ്ഡലമായ പുനലൂരിലെയും പ്രളയക്കെടുതി മന്ത്രി അവഗണിക്കുകയായിരുന്നു.
തനിക്ക് ചുമതലയുണ്ടായിരുന്ന കോട്ടയത്തെ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമായതോടെയാണു യാത്ര തിരിക്കാന്‍ തീരുമാനിച്ചതെന്ന് ജര്‍മിനിയില്‍ പങ്കെടുത്ത ചടങ്ങില്‍ മന്ത്രി പറയുന്നത്. ഇതിന്റെ വിഡിയോ ആണ് മനോരമന്യൂസ് പുറത്തുവിട്ടത്.
Also Read “ജീവിതത്തില്‍ ഇത്രയും നല്ല ദുരിതാശ്വാസ ക്യാംപ് കണ്ടിട്ടില്ല”; സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് യു.എന്‍ സംഘം
“വീസയെല്ലാം നേരത്തേ വന്നു എല്ലാ കാര്യങ്ങളും റെഡിയായി ഇരിക്കുകയായിരുന്നെങ്കിലും വരുന്ന കാര്യത്തില്‍ 15ാം തീയതി ഉച്ചയോടുകൂടിയാണ് തീരുമാനിച്ചത്. വന്നപ്പോഴാണ് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയും ഉണ്ടെന്ന് അറിഞ്ഞത്. അദ്ദേഹം കൂടി ഉണ്ടെന്നതില്‍ എനിക്കു സന്തോഷമായി. അപ്പോള്‍ എനിക്കു പറയാം, ഞാന്‍ മാത്രമല്ല…” മന്ത്രി വീഡിയോയില്‍ പറയുന്നു.
അതേസമയം പ്രളയത്തിനിടെ ജര്‍മ്മനിയില്‍ പോയത് തെറ്റായന്ന് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനം ഇത്രയും വലിയ പ്രളയത്തില്‍പ്പെട്ട സമയത്ത് യാത്രയ്ക്ക് പോയത് തെറ്റാണെന്നും പാര്‍ട്ടിയെ അറിയിച്ചായിരുന്നു പോയതെന്നും മന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ ജര്‍മനിയില്‍ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ തന്റെ യാത്രയെ ന്യായീകരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം ഉണ്ടായിരുന്നത്. യാത്ര പാര്‍ട്ടിയുടെ അനുമതിയോടെയായിരുന്നുവെന്നായിരുന്നു രാജുവിന്റെ വിശദീകരണം. യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരെയും അറിയിച്ചിരുന്നെന്നും നിയമപരമായുള്ള അനുമതി വാങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read കുട്ടനാട്ടില്‍ വെള്ളം ഒഴിയാത്തത് എന്തുകൊണ്ട് ?
തറ്റൊന്നും ചെയ്തിട്ടില്ല. മൂന്നു മാസം മുന്‍പ് നിശ്ചയിച്ച പരിപാടിയാണ് ഇപ്പോള്‍ രാജിവെക്കേണ്ട സാഹചര്യമില്ല. പോകുമ്പോള്‍ സംസ്ഥാനത്തെ പ്രളയക്കെടുതി ഇത്രയും രൂക്ഷമായിരുന്നില്ല- എന്നും രാജു പറഞ്ഞിരുന്നു.
കേരളത്തില്‍ പ്രളയദുരിതത്തിനിടെ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി വിദേശ പര്യടനത്തിനു പോയത് ഏറെ വിവാദമായിരുന്നു. ഓഗസ്റ്റ് 16 നായിരുന്നു മന്ത്രിയുടെ ജര്‍മനി യാത്ര.
വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്താന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് മന്ത്രിയോടു പറഞ്ഞിരുന്നു. സി.പി.ഐ മന്ത്രിയുടെ നടപടിയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
കടപ്പാട് മനോരമ ന്യൂസ്