തിരുവനന്തപുരം: കേരളം ഗുരുതരമായ പ്രളയദുരന്തം നേരിടുന്ന ഘട്ടത്തില്‍ നടത്തിയ ജര്‍മന്‍ യാത്ര തെറ്റായിപ്പോയെന്ന് മന്ത്രി കെ. രാജു. വിവിധ മേഖലയില്‍ ഉണ്ടായ പ്രളയക്കെടുതിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും കണ്ടപ്പോഴാണ് ആ സമയത്ത് ഇവിടെ ഇല്ലാതിരുന്നത് തെറ്റായിപ്പോയെന്ന് എനിക്ക് തോന്നിയത്.
സംസ്ഥാനം ഇത്രയും വലിയ പ്രളയത്തില്‍പ്പെട്ട സമയത്ത് യാത്രയ്ക്ക് പോയത് തെറ്റാണ്. പാര്‍ട്ടിയെ അറിയിച്ചായിരുന്നു പോയത്. പോകുന്ന ദിവസം ആഗസ്റ്റ് 15 ന് കോട്ടയത്ത് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രളയത്തെ പറ്റി പറഞ്ഞിരുന്നു. അതിന് മുന്‍പ് ഉണ്ടായ പ്രളയത്തെ കുറിച്ചാണ് പറഞ്ഞത്.
പിന്നീട് സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമാകുമെന്ന് അറിഞ്ഞിരുന്നില്ല. എന്റെ അടുത്ത് നിന്നും മനുപൂര്‍വമായ വീഴ്ച ഉണ്ടായിട്ടില്ല.വിമാനടിക്കറ്റ് ലഭിക്കാത്തതിനാലാണ് മടങ്ങി വരാന്‍ വൈകിയതെന്നും രാജു പറഞ്ഞു.
ജര്‍മനിയില്‍ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ തന്റെ യാത്രയെ ന്യായീകരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം.
യാത്ര പാര്‍ട്ടിയുടെ അനുമതിയോടെയായിരുന്നുവെന്നായിരുന്നു രാജുവിന്റെ വിശദീകരണം. യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരെയും അറിയിച്ചിരുന്നെന്നും നിയമപരമായുള്ള അനുമതി വാങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തറ്റൊന്നും ചെയ്തിട്ടില്ല. മൂന്നു മാസം മുന്‍പ് നിശ്ചയിച്ച പരിപാടിയാണ് ഇപ്പോള്‍ രാജിവെക്കേണ്ട സാഹചര്യമില്ല. പോകുമ്പോള്‍ സംസ്ഥാനത്തെ പ്രളയക്കെടുതി ഇത്രയും രൂക്ഷമായിരുന്നില്ല- എന്നും രാജു പറഞ്ഞിരുന്നു.
കേരളത്തില്‍ പ്രളയദുരിതത്തിനിടെ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി വിദേശ പര്യടനത്തിനു പോയത് ഏറെ വിവാദമായിരുന്നു. ഓഗസ്റ്റ് 16 നായിരുന്നു മന്ത്രിയുടെ ജര്‍മനി യാത്ര.
വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്താന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് മന്ത്രിയോടു പറഞ്ഞിരുന്നു. സി.പി.ഐ മന്ത്രിയുടെ നടപടിയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.