| Sunday, 20th October 2024, 7:47 pm

തൃശൂരിനോടുള്ള അവഗണന; വെടിക്കെട്ട് നിബന്ധനകള്‍ക്കെതിരെ കെ. രാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: വെടിക്കെട്ട് നിബന്ധനകള്‍ക്കെതിരെ റവന്യൂ മന്ത്രി കെ. രാജന്‍. തൃശൂര്‍ പൂരത്തിന്റെയും വെടിക്കെട്ടിന്റെയും എല്ലാ മനോഹാരിതയും ഇല്ലാതാക്കുന്നതാണ് ഉത്തരവെന്ന് കെ. രാജന്‍ പറഞ്ഞു.

തൃശൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവിനെതിരെയാണ് കെ. രാജൻ രംഗത്തെത്തിയിരിക്കുന്നത്.

35 നിയന്ത്രണങ്ങളില്‍ അഞ്ചെണ്ണം അംഗീകരിക്കാനാവില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു. 200 മീറ്റര്‍ ഫയര്‍ ലൈന്‍ നടപ്പിലാക്കിയാല്‍ തേക്കിന്‍കാട് മൈതാനത്തില്‍ വെടിക്കെട്ട് നടക്കില്ലെന്നാണ് മന്ത്രി കെ. രാജന്‍ പറയുന്നത്.

ഉത്തരവ് പ്രകാരം, ഫയര്‍ ലൈനും ആളുകളും തമ്മിലുള്ള അകലം 100 മീറ്ററാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനുവേണ്ട സൗകര്യം തേക്കിന്‍കാട് ഇല്ലെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്.

ഉത്തരവിലെ മുഴുവന്‍ നിയന്ത്രണങ്ങളും അംഗീകരിച്ചാല്‍ കരിമരുന്ന് പ്രയോഗം നടത്താന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് സ്വരാജ് റൗണ്ടിന്‍റെ പരിസരത്തുപോലും ആളെ നിർത്താൻ കഴിയില്ല. പൂരം തകർക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാനാകുവെന്നും മന്ത്രി പറയുകയുണ്ടായി.

ഉത്തരവ് തയ്യാറാക്കിയത് വെടിക്കെട്ടിനെ കുറിച്ച് വിവരമില്ലാത്തവരാണെന്നും പുതിയ നിബന്ധനകള്‍ തൃശൂരിനെ തഴയുന്നതും പൂരപ്രേമികളെ വെല്ലുവിളിക്കുന്നതുമാണെന്നും മന്ത്രി പറഞ്ഞു. ഉത്തരവില്‍ എം.പി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ് വരുന്നത്. പൂരം അലങ്കോലമാക്കിയതും വെടിക്കെട്ട് നടത്തുന്നതില്‍ തടസമുണ്ടാക്കിയതും കേരള രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വിജയിക്കാനുണ്ടായ പ്രധാന ഘടകം തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണെന്നാണ് യു.ഡി.എഫിന്റെ ഭാഗം.

പൂരം കലക്കിയതില്‍ വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കും എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനും പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ അന്വേഷണം നടന്നുവരികയാണ്.

Content Highlight: K. Rajan against fireworks conditions

We use cookies to give you the best possible experience. Learn more