Kerala
കെ റെയിലില്‍ 1 മണിക്കൂര്‍ 25 മിനിറ്റ് കൊണ്ട് 540 രൂപയ്ക്ക് തിരുവനന്തപുരം-കൊച്ചി യാത്ര; ഈ അവകാശവാദം ആട്, തേക്ക്, മാഞ്ചിയം ടീംസിനേ ചേരൂ, ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ചേരില്ല: ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 24, 09:11 am
Friday, 24th September 2021, 2:41 pm

തിരുവനന്തപുരം: വെറും 540 രൂപക്ക് കെ-റെയിലിന്റെ സില്‍വര്‍ ലൈനിലൂടെ 1 മണിക്കൂര്‍ 25 മിനിറ്റ് കൊണ്ട് തിരുവനന്തപുരം-കൊച്ചി യാത്ര സാധ്യമാവുമെന്ന അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.

എന്താണ് ഇത്തരമൊരു അവകാശവാദത്തിന് അടിസ്ഥാനമെന്നും എങ്ങനെയാണ് ഈ കണക്കുകളില്‍ എത്തിച്ചേര്‍ന്നിട്ടുള്ളതെന്നും ബല്‍റാം ചോദിച്ചു.

സമയത്തിന്റെ കാര്യം വാദത്തിനംഗീകരിക്കാം, എന്നാല്‍ ടിക്കറ്റ് നിരക്ക് ഇത്ര കൃത്യമായി ഇപ്പോഴേ പ്രഖ്യാപിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്നായിരുന്നു ബല്‍റാമിന്റെ ചോദ്യം.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദ പ്രോജക്റ്റ് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) പോലും ഇപ്പോഴും പബ്ലിക് ആയി ലഭ്യമല്ല. ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ കേരള നിയമസഭയിലടക്കം എവിടെയും സര്‍ക്കാരോ മറ്റ് ഔദ്യോഗിക സംവിധാനങ്ങളോ ചര്‍ച്ചക്ക് വച്ചിട്ടില്ല. ആകെയുള്ളത് കെ റെയില്‍ ഉദ്യോഗസ്ഥരും ചില സ്വയം പ്രഖ്യാപിത ന്യായീകരണക്കാരും മുന്നോട്ടുവയ്ക്കുന്ന അവകാശവാദങ്ങള്‍ മാത്രമാണ്.

പദ്ധതിക്കാവശ്യമായ ചെലവ് ഏതാണ്ട് 64,000 കോടി രൂപയാണെന്ന് പ്രോജക്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതിന് കുറഞ്ഞത് 1,26,000 കോടി വേണ്ടിവരുമെന്ന് നീതി ആയോഗിന്റെ കണക്കുകളും മറുഭാഗത്ത് നിലവിലുണ്ട്. നിര്‍മ്മാണച്ചെലവ് കിലോമീറ്ററിന് 120 കോടി മാത്രം കെ റെയിലുകാര്‍ കണക്ക് കൂട്ടുമ്പോള്‍ 370 കോടിയോളമാണ് നീതി ആയോഗ് കണക്ക് കൂട്ടുന്നത്.

ഈ വലിയ വ്യത്യാസത്തിന് കൃത്യമായ വിശദീകരണമൊന്നും ഇരുഭാഗത്തിനും നല്‍കാനില്ല. കണക്കുകളിലെ വ്യത്യാസം എന്തുതന്നെയാണെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയാവുമ്പോഴുള്ള യഥാര്‍ത്ഥ ചെലവ് എത്രയാകുമെന്നതാണ് പ്രധാനം.

ആ നിര്‍മ്മാണ ചെലവും അതിലെ കടബാധ്യതയുടെ തോതും അതിന്റെ പലിശയും എത്ര യാത്രക്കാര്‍ കയറുമെന്നതും നടത്തിപ്പുമായി ബന്ധപ്പെട്ട ദൈനംദിന ചെലവുകളും മറ്റ് വരുമാന സാധ്യതകളുമൊക്കെ അടിസ്ഥാനപ്പെടുത്തിയാവും ടിക്കറ്റ് നിരക്ക് നിശ്ചയിക്കപ്പെടുക. അതല്ലാതെ ഇപ്പോള്‍ത്തന്നെ ഒരു ടിക്കറ്റ് നിരക്ക് കമ്മച്ചം വച്ച് പ്രഖ്യാപിക്കുന്നത് എന്തേര്‍പ്പാടാണെന്ന് മനസ്സിലാവുന്നില്ലെന്നും വി.ടി ബല്‍റാം ഫേസ്ബുക്കിലെഴുതി.

കെ റെയിലിനും സില്‍വര്‍ ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്കുമൊക്കെ അനുകൂലമായി ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ രൂപീകരണം ഉണ്ടാക്കാനാണ് ഉദ്ദേശ്യമെങ്കില്‍ സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് പദ്ധതിയുടെ ഡി.പി.ആര്‍ പുറത്തുവിടുകയും അതിന്മേല്‍ വസ്തുനിഷ്ഠമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയുമാണെന്നും ബല്‍റാം പറഞ്ഞു.

കേരള നിയമസഭ തൊട്ട് പദ്ധതി പ്രദേശത്തെ ഗ്രാമസഭകള്‍ വരെ ഈ ഭീമന്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വേദികളായി മാറണം. ഇത്തരമൊരു പദ്ധതി തന്നെയാണോ കേരളത്തിന്റെ വികസന മുന്‍ഗണനയാവേണ്ടത്, വേഗത്തിലുള്ള യാത്രാ സൗകര്യം എല്ലാവര്‍ക്കും സ്വീകാര്യമാണെങ്കിലും അതിന്റെ പേരില്‍ ഇത്ര ഭീമമായ ഒരു ഇന്‍വസ്റ്റ്‌മെന്റ് നീതീകരിക്കപ്പെടുന്നുണ്ടോ, അതിനുള്ള സാമ്പത്തികമായ കെല്‍പ്പ് കേരളത്തിനുണ്ടോ, നിര്‍വ്വഹണവുമായി ബന്ധപ്പെട്ട സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ എന്നതൊക്കെ വസ്തുതാപരമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

അതൊന്നും ചെയ്യാതെ ചുമ്മാ തട്ടിപ്പ് കണക്കുകളും അവകാശവാദങ്ങളും മുന്നോട്ടുവച്ച് പൊതുജന സമ്മതി നേടാന്‍ ശ്രമിക്കുന്നത് ആട്, തേക്ക്, മാഞ്ചിയം ടീംസിന് ചേരും, ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ചേരില്ലെന്നും വി.ടി ബല്‍റാം ഫേസ്ബുക്കിലെഴുതി.

വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

1 മണിക്കൂര്‍ 25 മിനിറ്റ് കൊണ്ട് വെറും 540 രൂപക്ക് കെ-റെയിലിന്റെ സില്‍വര്‍ ലൈനിലൂടെ തിരുവനന്തപുരം-കൊച്ചി യാത്ര സാധ്യമാവുമത്രേ! നടന്നാല്‍ നല്ലത് തന്നെ. എന്നാല്‍ ഇത്തരമൊരു അവകാശവാദത്തിന് എന്താണ് അടിസ്ഥാനം? എങ്ങനെയാണ് ഈ കണക്കുകളില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്? സമയത്തിന്റെ കാര്യം വാദത്തിനംഗീകരിക്കാം, എന്നാല്‍ ടിക്കറ്റ് നിരക്ക് ഇത്ര കൃത്യമായി ഇപ്പോഴേ പ്രഖ്യാപിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്?

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദ പ്രോജക്റ്റ് റിപ്പോര്‍ട്ട് (ഡിപിആര്‍) പോലും ഇപ്പോഴും പബ്ലിക് ആയി ലഭ്യമല്ല. ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ കേരള നിയമസഭയിലടക്കം എവിടെയും സര്‍ക്കാരോ മറ്റ് ഔദ്യോഗിക സംവിധാനങ്ങളോ ചര്‍ച്ചക്ക് വച്ചിട്ടില്ല. ആകെയുള്ളത് കെ റെയില്‍ ഉദ്യോഗസ്ഥരും ചില സ്വയം പ്രഖ്യാപിത ന്യായീകരണക്കാരും മുന്നോട്ടുവയ്ക്കുന്ന അവകാശവാദങ്ങള്‍ മാത്രമാണ്.

പദ്ധതിക്കാവശ്യമായ ചെലവ് ഏതാണ്ട് 64,000 കോടി രൂപയാണെന്ന് പ്രോജക്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതിന് കുറഞ്ഞത് 1,26,000 കോടി വേണ്ടിവരുമെന്ന് നീതി ആയോഗിന്റെ കണക്കുകളും മറുഭാഗത്ത് നിലവിലുണ്ട്. നിര്‍മ്മാണച്ചെലവ് കിലോമീറ്ററിന് 120 കോടി മാത്രം കെ റെയിലുകാര്‍ കണക്ക് കൂട്ടുമ്പോള്‍ 370 കോടിയോളമാണ് നീതി ആയോഗ് കണക്ക് കൂട്ടുന്നത്.

ഈ വലിയ വ്യത്യാസത്തിന് കൃത്യമായ വിശദീകരണമൊന്നും ഇരുഭാഗത്തിനും നല്‍കാനില്ല. കണക്കുകളിലെ വ്യത്യാസം എന്തുതന്നെയാണെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയാവുമ്പോഴുള്ള യഥാര്‍ത്ഥ ചെലവ് എത്രയാകുമെന്നതാണ് പ്രധാനം. ആ നിര്‍മ്മാണ ചെലവും അതിലെ കടബാധ്യതയുടെ തോതും അതിന്റെ പലിശയും എത്ര യാത്രക്കാര്‍ കയറുമെന്നതും നടത്തിപ്പുമായി ബന്ധപ്പെട്ട ദൈനംദിന ചെലവുകളും മറ്റ് വരുമാന സാധ്യതകളുമൊക്കെ അടിസ്ഥാനപ്പെടുത്തിയാവും ടിക്കറ്റ് നിരക്ക് നിശ്ചയിക്കപ്പെടുക. അതല്ലാതെ ഇപ്പോള്‍ത്തന്നെ ഒരു ടിക്കറ്റ് നിരക്ക് കമ്മച്ചം വച്ച് പ്രഖ്യാപിക്കുന്നത് എന്തേര്‍പ്പാടാണെന്ന് മനസ്സിലാവുന്നില്ല.

കെ റെയിലിനും സില്‍വര്‍ ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്കുമൊക്കെ അനുകൂലമായി ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ രൂപീകരണം ഉണ്ടാക്കാനാണ് ഉദ്ദേശ്യമെങ്കില്‍ സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിടുകയും അതിന്മേല്‍ വസ്തുനിഷ്ഠമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയുമാണ്. കേരള നിയമസഭ തൊട്ട് പദ്ധതി പ്രദേശത്തെ ഗ്രാമസഭകള്‍ വരെ ഈ ഭീമന്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വേദികളായി മാറണം. ഇത്തരമൊരു പദ്ധതി തന്നെയാണോ കേരളത്തിന്റെ വികസന മുന്‍ഗണനയാവേണ്ടത്, വേഗത്തിലുള്ള യാത്രാ സൗകര്യം എല്ലാവര്‍ക്കും സ്വീകാര്യമാണെങ്കിലും അതിന്റെ പേരില്‍ ഇത്ര ഭീമമായ ഒരു ഇന്‍വസ്റ്റ്‌മെന്റ് നീതീകരിക്കപ്പെടുന്നുണ്ടോ, അതിനുള്ള സാമ്പത്തികമായ കെല്‍പ്പ് കേരളത്തിനുണ്ടോ, നിര്‍വ്വഹണവുമായി ബന്ധപ്പെട്ട സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ എന്നതൊക്കെ വസ്തുതാപരമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

അതൊന്നും ചെയ്യാതെ ചുമ്മാ തട്ടിപ്പ് കണക്കുകളും അവകാശവാദങ്ങളും മുന്നോട്ടുവച്ച് പൊതുജന സമ്മതി നേടാന്‍ ശ്രമിക്കുന്നത് ആട്, തേക്ക്, മാഞ്ചിയം ടീംസിന് ചേരും, ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ചേരില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Rail VT Balram Criticise Government