| Monday, 17th January 2022, 9:32 am

കെ റെയില്‍ കേരളത്തിന്റെ സമഗ്ര വികസനത്തിന് അപകടം; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി ശാസ്ത്രസാഹിത്യ പരിഷത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. സില്‍വര്‍ ലൈനിന് പച്ചക്കൊടി കാണിക്കുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് എല്ലാ വിവരവും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പരിഷത്ത് പറയുന്നു.

കെ റെയില്‍ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് അപകടമാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ കത്തില്‍ പറയുന്നു.

കേരള സംസ്ഥാനത്തിന്റെ ദുര്‍ബലമായ സാമ്പത്തിക അവസ്ഥയും സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറി വരുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും തങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.

സില്‍വര്‍ ലൈന്‍ പോലെയുള്ള ഭീമമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം നമ്മുടെ വികസന പദ്ധതികള്‍ പരിഗണിക്കുന്നതില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.

‘നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം കൃത്യമായി അവതരിപ്പിക്കുന്നത് വരെ സില്‍വര്‍ ലൈന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണം.
കേരളത്തിന്റെ ഗതാഗതവുമായി ബന്ധപ്പെട്ട് റോഡ്, റെയില്‍, വിമാനം, ഉള്‍നാടന്‍ ജലഗതാഗതം, സമുദ്രം എന്നിങ്ങനെ അഞ്ചു മേഖലകളെയും ഉള്‍പ്പെടുത്തി സ്വീകരിക്കേണ്ട ഭാവി നടപടികളെക്കുറിച്ചു ഒരു ധവളപത്രം പുറത്തിറക്കണം. ഇതില്‍ ഏറ്റവും ചിലവ് കുറഞ്ഞതും പാരിസ്ഥിതിക സൗഹൃദപരവും കേരളത്തിന്റെ വാസ ഘടനയെ മനസ്സിലാക്കുന്നതുമായ ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ റെയില്‍വേ സംവിധാനത്തെ ശക്തപ്പെടുത്താന്‍ ശ്രമിക്കണമെന്നും കത്തില്‍ പറയുന്നു.

‘കേരള അസ്സംബ്ലിയിലും മറ്റു പൊതു ഇടങ്ങളിലും കേരളത്തിന്റെ പൊതു ഗതാഗതത്തിന്റെ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യണം എന്ന് ഞങ്ങള്‍ നിര്‍ദേശിക്കുന്നു. ധാരാളം ജനാധിപത്യ സംവാദങ്ങള്‍ക്ക് ഇടം നല്‍കുന്ന കേരള സമൂഹത്തില്‍ നിന്ന് ഈ വിഷയത്തില്‍ സര്‍ഗാത്മകമായ ധാരാളം നിര്‍ദേശങ്ങള്‍ വരും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

കൊവിഡ് മഹാമാരിയും മറ്റനേകം വികസന ക്ഷേമ പ്രശ്‌നങ്ങളും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കു മദ്ധ്യേ ഇത്തരത്തിലുള്ള ഭീമമായ നിക്ഷേപം വേണ്ട പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് മുന്‍ഗണനയാവുന്നത് എന്ന് വിശദീകരിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ കത്തില്‍ പരാമര്‍ശിക്കുന്നു.

കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഉതകണ്ഠയേയും സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ടെന്നും കേരളത്തിന്റെ ഭാവിയെ പദ്ധതി എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

അതേസമയം, കണ്ണൂര്‍ മാടായിപ്പാറയില്‍ സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞിരുന്നു. മാടായിപ്പാറ റോഡരികില്‍ എട്ട് സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട് റീത്ത് വെച്ച നിലയിലും കണ്ടെത്തിയിരുന്നു.

നേരത്തെ മാടായിപ്പാറ സംരക്ഷണ സമിതി, സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി എന്നിങ്ങനെയുള്ള കൂട്ടായ്മകള്‍ പ്രദേശത്ത് സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് എടുത്തിരുന്നു.

സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തിയിരുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ കല്ലുകള്‍ പിഴുതെറിയുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

പദ്ധതിയില്‍ നിന്ന് ഒരുകാരണവശാലും പിന്നോട്ട് പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കത്തിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രിക്ക് പ്രമുഖ ശാസ്ത്രജ്ഞരും എഴുത്തുകാരും എഴുതുന്ന ഒരു തുറന്ന കത്ത്.

സില്‍വര്‍ ലൈനിന് പച്ചക്കൊടി കാണിക്കുന്നതിന് മുന്‍പ് ജനങ്ങള്‍ക്ക് എല്ലാ വിവരവും ലഭ്യമാക്കണം.

ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന സില്‍വര്‍ ലൈന്‍ എന്ന അര്‍ദ്ധ അതിവേഗ റയില്‍ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് വിവിധ തരത്തില്‍ അപകടമാണ് എന്ന് വികസന മേഖലയില്‍ ഏറെക്കാലമായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍സ് നിലയിലും ഈ ആശങ്ക പങ്കുവയ്ക്കുന്ന പൗരന്മാര്‍ എന്ന നിലയിലും ഞങ്ങള്‍ ആത്മാര്‍ഥമായി കരുതുന്നു.

ഞങ്ങളെ പ്രധാനമായും ഉത്ക്കണ്ഠപ്പെടുത്തുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് കേരള സംസ്ഥാനത്തിന്റെ ദുര്‍ബലമായ സാമ്പത്തിക അവസ്ഥ. രണ്ട് സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറി വരുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍.

2018 ലും 2019 ലും ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കങ്ങള്‍, 2020 മുതല്‍ തുടരുന്ന കോവിഡ് 19 എന്ന മഹാമാരി എന്നിവ സൃഷ്ടിച്ച അസാധാരണ സാഹചര്യങ്ങള്‍ ജനതയേയും പ്രകൃതിയെയും സംരക്ഷിക്കുന്നതില്‍ നാം ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെ സില്‍വര്‍ ലൈന്‍ പോലെയുള്ള ഭീമമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം നമ്മുടെ വികസന പരിഗണനാക്രമങ്ങള്‍ മാറ്റേണ്ടതുണ്ട് എന്ന് ഞങ്ങള്‍ കരുതുന്നു.

കൂടുതലായും വിദേശ കടത്തേയും വിദേശ സാങ്കേതിക വിദ്യയേയും ആശ്രയിച്ചു ഏകപക്ഷീയമായി നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള ഈ പദ്ധതി ജനകീയ ചര്‍ച്ചകളില്ലാതെ മുന്നോട്ട് പോകുന്നതില്‍ ഞങ്ങള്‍ തികച്ചും നിരാശരാണ്.

അതുകൊണ്ടുതന്നെ ജനകീയ ജനാധിപത്യത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് ഇനിപ്പറയുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കണം എന്ന് ഞങ്ങള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു:

1. നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം കൃത്യമായി അവതരിപ്പിക്കുന്നത് വരെ സില്‍വര്‍ ലൈന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണം

2. കേരളത്തിന്റെ ഗതാഗതവുമായി ബന്ധപ്പെട്ടു റോഡ്, റെയില്‍, വിമാനം, ഉള്‍നാടന്‍ ജലഗതാഗതം, സമുദ്രം എന്നിങ്ങനെ അഞ്ചു മേഖലകളെയും ഉള്‍പ്പെടുത്തി സ്വീകരിക്കേണ്ട ഭാവി നടപടികളെക്കുറിച്ചു ഒരു ധവളപത്രം പുറത്തിറക്കണം. ഇതില്‍ ഏറ്റവും ചിലവ് കുറഞ്ഞതും പാരിസ്ഥിതിക സൗഹൃദപരവും കേരളത്തിന്റെ വാസ ഘടനയെ മനസ്സിലാക്കുന്നതുമായ ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം

3. ഇപ്പോള്‍ കേരളത്തിലുള്ള റെയില്‍വേ സംവിധാനത്തിന് വേഗതയിലും മറ്റു അനുബന്ധ സൗകര്യങ്ങളിലും ഏറെ പരിമിതികള്‍ ഉണ്ടെങ്കിലും അവയെ പരിഹരിച്ചുകൊണ്ട് ഇപ്പോള്‍ നിലനില്‍ക്കുന്ന സംവിധാനത്തെ ശക്തിപ്പെടുത്തുന്നത് കൂടുതല്‍ ചിലവ് കുറവുള്ളതും മറ്റു അനുബന്ധ പ്രശ്‌നങ്ങള്‍ കുറക്കുന്നതുമായ ബദല്‍ മാര്‍ഗമാണ് എന്ന് ഞങ്ങള്‍ കരുതുന്നു. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന് ഞങ്ങള്‍ നിര്‍ദേശിക്കുന്നു.

4. കേരള അസ്സംബ്ലിയിലും മറ്റു പൊതു ഇടങ്ങളിലും കേരളത്തിന്റെ പൊതു ഗതാഗതത്തിന്റെ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യണം എന്ന് ഞങ്ങള്‍ നിര്‍ദേശിക്കുന്നു. ധാരാളം ജനാധിപത്യ സംവാദങ്ങള്‍ക്ക് ഇടം നല്‍കുന്ന കേരള സമൂഹത്തില്‍ നിന്ന് ഈ വിഷയത്തില്‍ സര്‍ഗാത്മകമായ ധാരാളം നിര്‍ദേശങ്ങള്‍ വരും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

5. കൊവിഡ് മഹാമാരിയും മറ്റനേകം വികസന ക്ഷേമ പ്രശ്‌നങ്ങളും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കു മദ്ധ്യേ ഇത്തരത്തിലുള്ള ഭീമമായ നിക്ഷേപം വേണ്ട പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് മുന്‍ഗണനയാവുന്നത് എന്ന് വിശദീകരിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഈ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഉത്കണ്ഠയും കേരളത്തിന്റെ ഭാവിയെ ഇത്തരം വന്‍ പദ്ധതികള്‍ എങ്ങനെ ബാധിക്കും എന്ന പൊതുവായ ഭീതിയും സര്‍ക്കാര്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ജനാധിപത്യത്തില്‍ അറിയാനുള്ള അവകാശം വളരെ പ്രധാനമാണ് എന്ന് എഞങ്ങള്‍ പ്രത്യേകം ഓര്‍മപ്പെടുത്തേണ്ടതില്ലല്ലോ. ഭാവി വികസന ചര്‍ച്ചകളെയും ഇത് ഏറെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, സാമൂഹിക പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണുന്ന എഴുത്തുകാര്‍, പൗരര്‍ എന്നീ നിലകളില്‍ നീതിപൂര്‍വകവും സുസ്ഥിരവും പരിസ്ഥിതി സഹൃദപരവും പങ്കാളിത്തപരവുമായ വികസനത്തില്‍ സാമൂഹികമായ അഭിപ്രായ സമന്വയത്തിന്റെ പ്രാധാന്യം ഞങ്ങള്‍ വീണ്ടും ചൂണ്ടിക്കാട്ടുകയാണ്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ സന്ദര്‍ഭത്തിനൊത്തു ഉയരും എന്ന് ഞങ്ങള്‍ കരുതുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: K Rail threatens overall development of Kerala; Sastra Sahitya Parishad wrote an open letter to the Chief Minister

We use cookies to give you the best possible experience. Learn more