| Sunday, 16th January 2022, 12:16 pm

കെ റെയില്‍ സര്‍വേക്കല്ലുകള്‍ താല്‍കാലികം: കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ റെയില്‍ പദ്ധതിക്കായി സ്ഥാപിച്ച സര്‍വേകല്ലുകള്‍ താല്‍കാലികമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മീഡിയ വണിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പുതിയ പദ്ധതി വരുമ്പോള്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാവുന്നത് സ്വാഭാവികമാണെന്നും ആശങ്ക മാറ്റേണ്ടത് ഭരിക്കുന്ന സര്‍ക്കാറാണെന്നും
കാനം രാജേന്ദ്രന്‍ പറഞ്ഞു.

കെ റെയിലില്‍ ഇപ്പോള്‍ നടക്കുന്നത് അലൈന്‍മെന്റുകള്‍ മാത്രമാണ്. അതിന് ശേഷം മാത്രമേ പാരിസ്ഥിതികാഘാത പഠനം അടക്കമുള്ള കാര്യങ്ങളില്‍ വിശദമായ ചര്‍ച്ച ഉണ്ടാവുകയുള്ളു. കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷമാണ് നിഷേധാത്മക സമീപനം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കണ്ണൂര്‍ മാടായിപ്പാറയില്‍ സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞിരുന്നു. മാടായിപ്പാറ റോഡരികില്‍ എട്ട് സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട് റീത്ത് വെച്ച നിലയിലും കണ്ടെത്തിയിരുന്നു.

നേരത്തെ മാടായിപ്പാറ സംരക്ഷണ സമിതി, സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി എന്നിങ്ങനെയുള്ള കൂട്ടായ്മകള്‍ പ്രദേശത്ത് സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് എടുത്തിരുന്നു.

എന്നാല്‍ കല്ല് പിഴുതതുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നാണ് മാടായിപ്പാറ സംരക്ഷണ സമിതിയും സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയും നേരത്തെ വ്യക്തമാക്കിയിരുന്നത്.

സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തിയിരുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ കല്ലുകള്‍ പിഴുതെറിയുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പദ്ധതിയില്‍ നിന്ന് ഒരുകാരണവശാലും പിന്നോട്ട് പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: K Rail Survey Stones Temporary: Kanam Rajendran

We use cookies to give you the best possible experience. Learn more