കൊച്ചി: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവെന്നും ഡി.പി.ആര്‍ തയാറാക്കിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും സര്‍ക്കാറിന്റെ അപ്പീലില്‍ പറയുന്നു.
ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു നേരത്ത കെ റെയില്‍ സര്‍വേക്ക് എതിരായ ഹരജി പരിഗണിച്ചിരുന്നത്. പദ്ധതിയെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച സിംഗിള്‍ ബെഞ്ച് അടുത്ത തവണ കേസ് പരിഗണിക്കും വരെയാണ് സര്‍വേ തടഞ്ഞത്. കേസ് വീണ്ടും ഫെബ്രുവരി ഏഴിന് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിന് എതിരെ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
കെ റെയില്‍ പദ്ധതിക്കുള്ള ഡി.പി.ആര്‍ തയാറാക്കുന്നതിനു മുമ്പ് എങ്ങനെ പ്രിലിമിനറി സര്‍വേ നടത്തിയെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. വിശദ പദ്ധതി രേഖ എങ്ങനെ തയാറാക്കിയതെന്നും വിശദ പദ്ധതി രേഖയ്ക്കായി പരിഗണിച്ച എന്തെല്ലാം ഘടകങ്ങളാണെന്നും കോടതി ചേദിച്ചിരുന്നു.
ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ നടത്തുന്നതെന്നും കോടതി സര്‍ക്കാരിനോട് നേരത്തെ ചോദിച്ചിരുന്നു. ഇതില്‍ പലതും അനാവശ്യമാണെന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്.
അതേസമയം, സില്‍വര്‍ ലൈനിന് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കേരളം നല്‍കിയ ഡി.പി.ആര്‍ പൂര്‍ണമല്ലെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.
റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ് പാര്‍ലമെന്റില്‍ കേന്ദ്ര നിലപാട് പറഞ്ഞത്. സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും റെയില്‍വെ മന്ത്രി പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രനും കെ. മുരളീധരനും ലോകസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ടെക്നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡി.പി.ആറില്‍ ഇല്ലെന്ന് മന്ത്രി പറഞ്ഞു.
ഏറ്റെടുക്കേണ്ട റെയില്‍വേ, സ്വകാര്യ ഭൂമി എന്നിവയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തണം. ഇവയൊക്കെ പരിശോധിച്ചതിനു ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നല്‍കാനാകൂ എന്ന് മന്ത്രി പറഞ്ഞു.