| Saturday, 19th November 2022, 6:37 pm

മാധ്യമവാര്‍ത്തകള്‍ മുഖവിലക്കെടുക്കുന്നില്ല; സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കുന്നതുവരെ സമരവുമായി മുന്നോട്ടെന്ന് കെ.റെയില്‍ സമര സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സമര സമിതി.

സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് കെ.റെയില്‍ സമരസമിതി ചെയര്‍മാന്‍ ടി.ടി. ഇസ്മയില്‍ പറഞ്ഞു.

‘ഇരയുടെ അതിശക്തമായ പ്രതിരോധത്തിന് മുമ്പില്‍ പലതവണ അടിപതറിയ വേട്ടക്കാരന്‍ അടവുകള്‍ പലതും തരാതരം പയറ്റിയിട്ടും രക്ഷയില്ലെന്ന് കാണുമ്പോള്‍ രണ്ടടി പുറകോട്ട് വെക്കുന്നത് സ്വാഭാവികം. വേട്ട അവസാനിപ്പിച്ചെന്നു ഇരയെ ബോധിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ കീഴ്പ്പെടുത്താന്‍ എളുപ്പമാവും, ഇരയുടെ സ്വാഭാവികമായ അലസത വേട്ടക്കാരന്‍ ബുദ്ധിപരമായി ഉപയോഗപ്പെടുത്തും.

കെ.റെയില്‍ സില്‍വര്‍ലൈന്‍ വിഷയത്തില്‍ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കണ്ടപ്പോള്‍ ആദ്യം മനസില്‍ തോന്നിയത് ഇതാണ്. പുറകോട്ടുപോകലിലൂടെ കബളിപ്പിച്ചു കീഴടക്കാം എന്ന കുബുദ്ധിയില്ലെങ്കില്‍ കൊള്ളാം.

പദ്ധതി അവസാനിപ്പിച്ചു എന്ന് സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കുന്നത് വരെയും, സമരക്കാര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കുന്നത് വരെയും ജാഗ്രതയോടെ ഞങ്ങളിവിടെത്തന്നെ കാണും അതിശക്തമായ സമരവുമായി,’ ടി.ടി. ഇസ്മയില്‍ കൂട്ടിച്ചേര്‍ത്തു.

സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നാണ് ധാരണയെന്നാണ് ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകള്‍. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അടക്കം നിയോഗിച്ച ഉദ്യോഗസ്ഥരേയും തിരിച്ച് വിളിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജന്‍സിയുടെ കാലാവധി പുതുക്കി നല്‍കില്ല. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അടക്കം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് 11 ജില്ലകളിലായി നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെയാണ്. ഇവരെയാണ് തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

CONTENT HIGHLIGHT:  K. Rail strike committee to go ahead with strike plan till government issues notification

We use cookies to give you the best possible experience. Learn more