| Friday, 31st December 2021, 1:08 pm

കെ റെയില്‍ പദ്ധതി; സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമായി, ആദ്യ ഘട്ടം കണ്ണൂരില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സാമൂഹികാഘാത പഠനത്തിന്റെ വിജ്ഞാപനമിറങ്ങി. കണ്ണൂര്‍ ജില്ലയില്‍ അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. കേരള ഹെല്‍ത്ത് സര്‍വീസസ് എന്ന സ്ഥാപനമാണ് പഠനം നടത്തുന്നത്. നൂറ് ദിവസം കൊണ്ട് പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

പദ്ധതിക്ക് വേണ്ടി കണ്ണൂരില്‍ ഏറ്റെടുക്കേണ്ടി വരുന്നത് 106 ഹെക്ടര്‍ ഭൂമിയാണ്. കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി താലൂക്കുകളിലായി ചെലോറ, ചെറുകുന്ന്, ചിറക്കല്‍, എടക്കാട്, കടമ്പൂര്‍, കണ്ണപുരം, കണ്ണൂര്‍, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശ്ശേരി, വളപ്പട്ടണം, ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂര്‍, ധര്‍മ്മടം, കോടിയേരി, തലശ്ശേരി, തിരുവങ്ങാട് എന്നിവിടങ്ങളിലാണ് ആദ്യഘട്ട പഠനം നടക്കുക.

സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും കല്ലിടലിനായുളള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പലയിടത്തും പ്രതിഷേധമുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം കല്ലിടല്‍ നടന്നത്. ഏഴ് വില്ലേജുകളിലായി 22 കിലോമീറ്റര്‍ നീളത്തില്‍ അറുന്നൂറോളം കല്ലുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

കെ റെയില്‍ റിപ്പോര്‍ട്ട് പ്രകാരം പദ്ധതി 2025ല്‍ പൂര്‍ത്തിയാകും. പദ്ധതിക്കായി ആകെ മൊത്തം 1226.45 ഹെക്ടര്‍ ഭൂമിയാണ് വേണ്ടത്. ഇതില്‍ 1074.19 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. 190 കിലോമീറ്റര്‍ ഗ്രാമങ്ങളിലൂടെയും 88 കിലോമീറ്റര്‍ വയല്‍- തണ്ണീര്‍ തടങ്ങള്‍ എന്നിവയിലൂടെയാണ് കടന്നുപോകുന്നത്. 11.5 കിലോമീറ്റര്‍ തുരങ്കങ്ങളാണ്. 13 കിലോമീറ്റര്‍ ദൂരം പാലങ്ങളുമാണ്.

ഓരോ വര്‍ഷവും പദ്ധതിക്ക് നടത്തിപ്പ് ചെലവുകൂടി വേണ്ടിവരുമെന്ന് പദ്ധതി രൂപരേഖയില്‍ പറയുന്നുണ്ട്. സഞ്ചാര വേഗതയ്ക്ക് കെ റെയില്‍ അനിവാര്യമാണെന്നും രൂപരേഖയില്‍ പറയുന്നുണ്ട്.

പദ്ധതി പൂര്‍ത്തിയായാല്‍ ആദ്യ വര്‍ഷം യാത്രക്കാരില്‍ നിന്നും 2276 കോടി രൂപയോളം പ്രതീക്ഷിക്കുന്നു. ആദ്യ വര്‍ഷം 79934 യാത്രക്കാര്‍ പാത ഉപയോഗിക്കും പിന്നീട് 2052 ആകുമ്പോഴേക്ക് യാത്രക്കാരുടെ എണ്ണം 1,58636 ആയി ഉയരുമെന്നും രേഖയില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: K Rail Project; As a notification for the social impact study, the first phase in Kannur

We use cookies to give you the best possible experience. Learn more