| Monday, 21st March 2022, 9:40 pm

വിമാനത്തെക്കാള്‍ ചെലവും പാരിസ്ഥിതിക ആഘാതങ്ങളും കുറവ് കെ റെയിലിന് തന്നെ; സുധാകരന് മറുപടിയുമായി തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് പകരം ഫ്‌ളൈ ഇന്‍ കേരള എന്ന പേരില്‍ വിമാന സര്‍വീസ് നടത്തിക്കൂടേ എന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്.

കോണ്‍ഗ്രസ് പറയുന്നതുപോലെ വിമാനസര്‍വീസ് ആരംഭിച്ചാലുള്ള ചെലവും അതിന്റെ പ്രത്യാഘാതങ്ങളും വസ്തുതാപരമായി വിവരിച്ചാണ് തോമസ് ഐസക് സുധാകരനുള്ള മറുപടി നല്‍കുന്നത്. താനെഴുതിയ ‘എന്തുകൊണ്ട് കെ റെയില്‍’ എന്ന പുസ്തകത്തിലെ വിശദാംശങ്ങളും കണക്കും വിവരിച്ചാണ് അദ്ദേഹം എന്തുകൊണ്ട് വിമാന സര്‍വീസ് കെ റെയിലിന് പകരമാകില്ല എന്ന വിശദമാക്കുന്നത്.

‘ഈ ബദല്‍ പാരിസ്ഥിതികമായി ഏറ്റവും വിനാശകരമായിരിക്കും. കാരണം വളരെ ലളിതം. കെ.പി.സി.സി പ്രസിഡന്റ് പറയുന്ന ഹ്രസ്വദൂര വിമാനയാത്ര ഒരു യാത്രക്കാരന് ഒരു കിലോമീറ്ററിന് 254 ഗ്രാം കാര്‍ബണ്‍ തുല്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

ഹൈസ്പീഡ് റെയില്‍ ആണെങ്കില്‍ കാര്‍ബണ്‍ പ്രത്യാഘാതം വെറും 6 ഗ്രാം മാത്രമായിരിക്കും. (വിശദാംശങ്ങള്‍ക്ക് ‘എന്തുകൊണ്ട് കെ-റെയില്‍’ എന്ന എന്റെ പുസ്തകത്തിലെ 68-ാമത്തെ പേജ് നോക്കുക). സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകവിഭാഗം കെ.പി.സി.സി പ്രസിഡന്റിന്റെ ബദലിനെക്കുറിച്ച് അഭിപ്രായം പറയാന്‍ തയാറാകുമോ?

വിമാനമാണ് ഏറ്റവും വേഗതയുള്ള യാത്രാ മാര്‍ഗം. പക്ഷെ വിമാനത്താവളത്തിലെ കാത്തിരിപ്പു സമയംകൂടി കണക്കിലെടുത്താല്‍ ഹ്രസ്വദൂര യാത്രയ്ക്ക് വിമാനം അനുയോജ്യമല്ലാത്ത ഒന്നായി മാറുന്നു.

എന്റെ പുസ്‌കത്തിന്റെ പേജ് 48-ല്‍ ഹൈസ്പീഡ് റെയില്‍, വിമാനം, കാര്‍ എന്നിവയ്ക്കു വേണ്ടിവരുന്ന യഥാര്‍ത്ഥ യാത്രാ സമയം താരത്യപ്പെടുത്തുന്നുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോ നഗരകേന്ദ്രത്തില്‍ നിന്ന് ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിലേക്കു വേണ്ടിവരുന്ന യാത്രാ സമയമാണ് എന്റെ പുസ്തകത്തില്‍ താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഹൈസ്പീഡ് റെയില്‍ – 3.10 മണിക്കൂര്‍, വിമാനം – 5.20 മണിക്കൂര്‍, കാര്‍ 7.30 മണിക്കൂര്‍,’ അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

കോണ്‍ഗ്രസ് തങ്ങളുടെ ഓരോ മാനിഫെസ്റ്റോയിലും വ്യത്യസ്തമായ ഗതാഗത സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും, അവസാനം അത് വിമാന സര്‍വീസില്‍ വരെ എത്തി നില്‍ക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

‘അവസാനം ഇവിടെയെങ്കിലും എത്തിയല്ലോ. കോണ്‍ഗ്രസിന്റേത് കുറച്ചുനീണ്ട യാത്ര തന്നെയായിരുന്നു. 2004-ല്‍ യുഡിഎഫ് സര്‍ക്കാര്‍ എക്‌സ്പ്രസ്സ് ഹൈവേക്കു വേണ്ടിയാണു നിലകൊണ്ടത്. പിന്നെ അത് ഉപേക്ഷിച്ചു. 2011-ലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ‘തെക്ക്-വടക്ക് അതിവേഗ റെയില്‍പ്പാത’യാണ് വാഗ്ദാനം ചെയ്തത്. ഇതു നടപ്പാക്കാനുള്ള രൂപരേഖ അംഗീകരിച്ച് 2012-ല്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപനവും നടത്തി.

അധികം താമസിയാതെ കോഴിക്കോടും തിരുവനന്തപുരവും കേന്ദ്രീകരിച്ച് സബര്‍ബന്‍ ട്രെയിന്‍ സ്ഥാപിക്കാനായി ശ്രമം. 2016-ലെ മാനിഫെസ്റ്റോയില്‍ എക്‌സ്പ്രസ് ഹൈവേയിലേക്കു തിരിച്ചുപോയി. ‘2030 ഓടെ 8 വരി തെക്ക്-വടക്ക് എക്‌സ്പ്രസ് ഹൈവേ’ നിര്‍മ്മിക്കാമെന്നായി വാഗ്ദാനം. 2021-ലെ മാനിഫെസ്റ്റോയില്‍ 8 വരെ 6 വരിയായി കുറച്ചു. ഇന്നിപ്പോള്‍ ഫ്‌ളൈ ഇന്‍ കേരളയില്‍ എത്തിയിരിക്കുന്നു,’ തോമസ് ഐസക് പറയുന്നു.

കെ.പി.സി.സി പ്രസിഡന്റ് നിര്‍ദേശിച്ചതുപോലെയുള്ള റോഡ്-വിമാന ഗതാഗത ചേരുവ ലോകത്ത് ഏറ്റവും ചെലവേറിയതും പരിസ്ഥിതി വിനാശകരവുമാണെന്നും ഈ മാര്‍ഗം കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കണ്ടെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

നേരത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും സുധാകരന്റെ പ്രസ്താവനയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

ബസിന് ചിറകുകള്‍വെച്ചുള്ള ചിത്രമാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ‘ഇനിപ്പോള്‍ ഇതാകുമോ ഉദ്ദേശിച്ചത്…ഫ്‌ലൈ ഫ്‌ലൈ..,’ എന്നാണ് ചിത്രം ഷെയര്‍ ചെയ്ത് ശിവന്‍കുട്ടി എഴുതിയത്.

കെ. റെയിലിന് പകരം കെ.എസ്.ആര്‍.ടി.സിയുടെ ടൗണ്‍ ടു ടൗണ്‍ പോലെ വിമാനം സര്‍വീസ് നടത്തിയാല്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെയെന്നായിരുന്നു കെ. സുധാകരന്റെ ചോദ്യം.

എല്ലാ ദിശയിലേക്കും ഓരോ വിമാനങ്ങള്‍ ഉണ്ടെന്ന് കരുതുക, അത് തൊട്ടടുത്ത എയര്‍പോര്‍ട്ടില്‍ അരമണിക്കൂര്‍ ലാന്റ് ചെയ്യും. അതായത് മംഗലാപുരത്ത് നിന്നും രാവിലെ ഏഴിന് പുറപ്പെടുന്ന ഒരാള്‍ പത്തരയാകുമ്പോള്‍ തിരുവനന്തപുരത്ത് എത്തും.

നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തെത്താന്‍ നിലവിലുള്ള സംവിധാനങ്ങള്‍ ചെറുതായി പരിഷ്‌കരിച്ചാല്‍ സാധിക്കും. അതും 1000 കോടിക്ക്.
അതിന് 1.33 ലക്ഷം കോടി കരിങ്കടം വാങ്ങി, ഭാവി തലമുറയെ അപ്പാടെ കടക്കാരാക്കേണ്ടതുണ്ടോ.

അതുപോലെ തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് അഞ്ചിന്ന് പുറപ്പെട്ടാല്‍ ഏഴരയാകുമ്പോള്‍ കണ്ണൂരിലെത്താം. നമുക്ക് ഈ പദ്ധതിക്ക് ഫ്‌ളൈഇന്‍ കേരള എന്ന് പേരിടാം.

കെ. ഫോണും, കെ റെയിലും, കൊക്കോണിക്‌സുമൊക്കെ കേട്ട് നമ്മള്‍ മടുത്തില്ലെ. പറക്കും കേരളമെന്നും കേരളത്തിലൂടെ പറക്കാമെന്നും അര്‍ത്ഥമാക്കുന്നു ഫ്‌ളൈഇന്‍ കേരള പ്രയോഗം.

ഫ്‌ളൈഇന്‍ കേരള വിമാനങ്ങളില്‍ റിസര്‍വേഷന്‍ നിര്‍ബന്ധമല്ല. എയര്‍പോര്‍ട്ടില്‍ എത്തിയിട്ട് ടിക്കെറ്റുത്താല്‍ മതി. ഇനി റിസര്‍വേഷന്‍ ഉണ്ടെങ്കിലും അഥവാ ലേറ്റ് ആയാല്‍ പണം നഷ്ടപ്പെടില്ല.

ഒമ്പത് മണിക്കുള്ള ഫ്‌ളൈറ്റ് കിട്ടിയില്ലെങ്കില്‍ പത്ത് മണിക്കുള്ളതിന് പോകാം. അതുപോലെ നിരക്ക് കൂടുന്നതനുസരിച്ച് ടിക്കറ്റ് വില കൂടുന്ന സമ്പ്രദായം ഉണ്ടാവില്ല. ആദ്യത്തെ ടിക്കറ്റിനും അവസാനത്തെ ടിക്കറ്റിനും ഒരേ വിലയായിരിക്കും. എല്ലാ അര്‍ത്ഥത്തിലും ഒരു എ.സി ബസ് പോലെ.

ചെക്കിന്‍ ലഗേജ് ഉള്ളവര്‍ ഒരു മണിക്കൂര്‍ മുമ്പേയും ഇല്ലാത്തവര്‍ അരമണിക്കൂര്‍ മുമ്പേയും എത്തിയാല്‍ മതി. ഇനി അഥവാ ഫ്‌ളൈറ്റ് നിറഞ്ഞെങ്കില്‍ പരമാവധി ഒരു മണിക്കൂര്‍ കാത്തുനില്‍ക്കേണ്ട കാര്യമേയുള്ളു. ഈ പദ്ധതി വിജയിച്ചാല്‍ എല്ലാ മണിക്കൂറിലും വിമാനമുണ്ടാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

Content Highlight: K Rail is better in every aspects than Fly In Kerala, Thomas Issac to K Sudhakaran

We use cookies to give you the best possible experience. Learn more