തിരുവനന്തപുരം: കെ റെയിലിന്റെ സാധ്യത പഠനം നടത്തിയ സിസ്ട്രയുടെ ഇന്ത്യന്‍ പങ്കാളിയായ സായി, ലോകബാങ്കിന്റെ നടപടി നേരിട്ടതിന്റെ രേഖകള്‍ പുറത്ത്. സിസ്ട്ര അഴിമതി ചെയ്തിട്ടില്ലെന്നും സിസ്ട്രയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സായിയുടെ പേരിലുള്ള ലോകബാങ്ക് നടപടി ഇളവ് ചെയ്തതെന്നും കെ റെയില്‍ അധികൃതര്‍ പറഞ്ഞു.
ഫ്രഞ്ച് കമ്പനിയായ സിസ്ട്ര 2014ല്‍ ഇന്ത്യന്‍ കമ്പനിയായ സായി കണ്‍സള്‍ട്ടിംഗ് ആന്റ് എഞ്ചിനിയറിങ് ലിമിറ്റഡിന്റെ 65 ശതമാനം ഓഹരികളും വാങ്ങിയിട്ടുണ്ട്. 2007നും 2015നും ഇടക്ക്, ആഫ്രിക്കയിലെ മൂന്നു വന്‍കിട പദ്ധതികള്‍ നടപ്പാക്കിയതിന്റെ ബില്ലുകള്‍, പാസാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സായി പണവും, സമ്മാനങ്ങളും നല്‍കി. ഈ അഴിമതിയുടെ പേരിലാണ് ലോകബാങ്ക് സായിക്ക് 24 മാസത്തെ ഉപരോധം പ്രഖ്യാപിച്ചിരുന്നത്.
2019 ജൂലൈ 10നാണ് ഈ ഉത്തരവ് പുറത്തിറങ്ങിയിത്. എന്നാല്‍ സായിയുടെ ഭൂരിപക്ഷം ഓഹരികളും കൈവശമുള്ള സിസ്ട്ര ഭാവിയില്‍ ഇത്തരം വീഴ്ച ഉണ്ടാകില്ലെന്ന് ലോക ബാങ്കിന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപരോധം നിബന്ധനകളോടെയുള്ള നീരീക്ഷണമായി ലോകബാങ്ക് ഇളവ് ചെയ്തു.
സിസ്ട്രയാണ് കെ റെയിലിന്റെ ഡി.പി.ആര്‍ തയ്യാറാക്കിയത്. പ്രാഥമിക റിപ്പോര്‍ട്ടിലും അന്തിമ റിപ്പോര്‍ട്ടിലും കാര്യമായ വ്യതിയാനമുണ്ട്. അന്താരഷ്ട്രതലത്തില്‍ അഴിമതി നടത്തിയിട്ടുള്ള സിസ്ട്ര ഇന്ത്യ, കെ റെയിലിന്റെ താത്പര്യമനുസരിച്ച് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയിട്ടുണ്ടാകാമെന്നാണ് വിമര്‍ശനം ഉയരുന്നത്.
അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ 2018ല്‍ റെയില്‍വേ അനുമതി നല്‍കിയിട്ടില്ലെന്നതിനുള്ള തെളിവുകളും സിസ്ട്രയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2018ലാണ് കെ റെയിലിനുള്ള അനുമതി റെയില്‍വേ നല്‍കുന്നത്. ഒരു സ്റ്റാന്‍ഡ് എലോണ്‍ എലിവേറ്റഡ് കോറിഡോറായി തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.
കെ റെയിലിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. കെ റെയില്‍ വിഷയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള സമര രീതികളില്‍ നിന്നും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമരമുഖത്തിറങ്ങുമെന്നും കെ റെയിലിനെ ഏത് വിധേനയും എതിര്‍ക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു.
കെ റെയില്‍ നടപ്പിലാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും കെ റെയിലിനെ എതിര്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
കെ റെയില്‍ സര്‍വേകല്ല് പിഴുതെറിഞ്ഞ് പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നു.
സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞിരുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ കല്ലുകള്‍ പിഴുതെറിയുമെന്ന് സുധാകരന്‍ പറഞ്ഞത്.
പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കെ റെയില്‍ അതിരടയാളക്കല്ല് പറിക്കാന്‍ വരുന്നവര്‍ സ്വന്തം പല്ല് സൂക്ഷിക്കണമെന്നായിരുന്നു സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
2011ലെ യു.ഡി.എഫ് മാനിഫെസ്റ്റോയിലും 2012ലെ എമര്‍ജിങ് കേരളയിലും യു.ഡി.എഫിന്റെ പ്രധാന സ്വപ്ന പദ്ധതികളിലൊന്നായിരുന്നു കെ റെയിലെന്നും ജയരാജന്‍ പറഞ്ഞിരുന്നു.
ഒരു കാരണവശാലും കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.