| Tuesday, 30th November 2021, 7:04 pm

കെ-റെയില്‍ സമ്പൂര്‍ണ ഹരിതപദ്ധതി, മുന്നേട്ട് തന്നെ പോകും; മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ – റെയില്‍ സമ്പൂര്‍ണ ഹരിതപദ്ധതിയാണെന്നും പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാറിന്റെ അവഗണനയ്ക്കെതിരെ രാജ്ഭവന് സമീപം എല്‍.ഡി.എഫ് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ജീവിക്കുന്ന ഏതൊരാളും കെ – റെയിലിനെ അനുകൂലിക്കുകയാണ് ചെയ്യുക. ജനങ്ങള്‍ അനുകൂലിച്ചു. പക്ഷേ, പ്രതിപക്ഷം തുടക്കം മുതലേ അതിനെ എതിര്‍ത്തു. മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണ്, എവിടുന്നു പണം കിട്ടാനാണ്, ഒന്നും നടക്കാന്‍ പോകുന്നില്ല എന്നാണ് ആദ്യം പറഞ്ഞത്. നടക്കുമെന്നായപ്പോള്‍ അതിനെതിരെ രംഗത്തുവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പാതയില്‍ ഒരിടത്തും പരിസ്ഥിതി ലോലപ്രദേശം ഉള്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം പദ്ധതിക്ക് തുരങ്കം വയ്ക്കുകയാണ് ചരക്ക് ഗതാഗതത്തിനടക്കം വലിയ രീതിയില്‍ പദ്ധതി സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞു.

‘തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പ്പാത സ്വാഗതാര്‍ഹമാണെന്ന് കേന്ദ്രവും സംസ്ഥാനവും കണ്ടതാണ്. അതിന്റെ ഭാഗമായാണ് അതിന്റെ 49 ശതമാനം ഓഹരി റെയില്‍വേയും 51 ശതമാനം സംസ്ഥാന സര്‍ക്കാറും എടുത്തു കൊണ്ടുള്ള കമ്പനി രൂപീകരിച്ചത്.

അരലക്ഷത്തോളം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കാനാകും. പൂര്‍ത്തീകരണ വേളയില്‍ പതിനൊന്നായിരത്തോളം പേര്‍ക്ക് തൊഴിലുണ്ടാകും. പദ്ധതിയില്‍ ഇതിന് വേണ്ട തുകകള്‍ വകയിരുത്തിയിട്ടുണ്ട്. ഭൂമി നാട്ടില്‍ കുറവാണ് എന്നുള്ളത് കൊണ്ട് അത് ഏറ്റെടുക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന പ്രയാസങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താന്‍ കഴിയുന്ന റെയില്‍ പദ്ധതി നമ്മുടെ നാടിന്റെ മുഖച്ഛായ തന്നെ മാറ്റും. ഭാവി വികസനത്തിന് വലിയ തോതില്‍ സഹായകമായി മാറും. അതിന് ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കും. അതിന് വകയിരുത്തിയത് 7075 കോടി രൂപയാണ്. പദ്ധതി പ്രദേശങ്ങളില്‍ ഉള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടി വരും. അതിന് മതിയായ നഷ്ടപരിഹാരം നല്‍കണം. അതിനായി 4460 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. പുനരിധിവാസത്തിനായി 1730 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോള്‍ അതിന്റെ ഭാഗമായി വിഷമം അനുഭവിക്കുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസ പദ്ധതിയും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ചില നിക്ഷിപ്ത താത്പര്യക്കാര്‍ തെരഞ്ഞെടുപ്പിന് ശേഷവും സര്‍ക്കാറിനെതിരെ ഗൂഢാലോചന നടത്തുകയാണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

K-Rail Complete Green Project, Going Ahead; Chief Minister pinarayi Vijayan

We use cookies to give you the best possible experience. Learn more