| Saturday, 19th October 2013, 9:08 am

സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അറുപതില്‍പരം സിനിമകളായി 400 ഗാനങ്ങള്‍ക്ക് രാഘവന്‍ മാസ്റ്റര്‍ സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.പൊന്‍കുന്നം വര്‍ക്കിയുടെ കതിരുകാണാകിളിയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ച ആദ്യചലചിത്രം. പക്ഷെ അതു പുറത്ത്‌വന്നില്ല. അടുത്ത ചിത്രമായ പുള്ളിമാനും റിലീസ് ആയിരുന്നില്ല. നീലക്കുയിലാണ് രാഘവന്റെ സംഗീത സംവിധാനത്തില്‍ പുറത്ത് വന്ന ആദ്യ ചലചിത്രം.


[]കണ്ണൂര്‍: പ്രശസ്ത സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ  4.40ന് തലശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. 99 വയസായിരുന്നു.

വെള്ളിയാഴ്ച ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഫക്കെട്ട് വര്‍ധിച്ചതോടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഇന്നലെ വൈകിട്ടോടെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വീട്ടിലെത്തിച്ച മൃതദേഹം നാളെ രാവിലെ ഒന്‍പതു മുതല്‍ ഒരു മണി വരെ തലശേരി ബി.എം.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം നാളെ രണ്ടിന് തലായിയിലെ ശ്മശാനത്തില്‍ നടക്കും.

ഭാര്യ യശോദ. വീണാധരി, മുരളീധരന്‍, കനകാംബരന്‍, ചിത്രാംബരി, വാഗീശ്വരി എന്നിവര്‍ മക്കളാണ്.

അറുപതില്‍പരം സിനിമകളായി 400 ഗാനങ്ങള്‍ക്ക് രാഘവന്‍ മാസ്റ്റര്‍ സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.  1954ല്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമായ നീലക്കുയിലിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം സംഗീത സംവിധാനത്തിന് തുടക്കമിടുന്നത്.

ഇതോടെ ദക്ഷിണമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, ബാബുരാജ് എന്നീ പ്രമുഖരുടെ കൂട്ടത്തിലേക്ക് രാഘവന്‍ മാസ്റ്ററുടെ പേരും കൂട്ടിച്ചേര്‍ക്കപ്പെട്ടു.

മലയാള ചലച്ചിത്രസംഗീതരംഗത്തെ പ്രശസ്തനായ സംഗീതസംവിധായനാണ് കെ.രാഘവന്‍. രാഘവന്‍ മാഷ് എന്നറിയപ്പെടുന്ന അദ്ദേഹം സംഗീതസംവിധായകന്‍ എന്നതിനു പുറമെ ഗായകനും സംഗീതാദ്ധ്യാപകനും കൂടിയാണ്.

പൊന്‍കുന്നം വര്‍ക്കിയുടെ കതിരുകാണാകിളിയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ച ആദ്യചലചിത്രം. പക്ഷെ അതു പുറത്ത്‌വന്നില്ല. അടുത്ത ചിത്രമായ പുള്ളിമാനും റിലീസ് ആയിരുന്നില്ല. നീലക്കുയിലാണ് രാഘവന്റെ സംഗീത സംവിധാനത്തില്‍ പുറത്ത് വന്ന ആദ്യ ചലചിത്രം.

സിനിമ ആവശ്യപ്പെടുന്ന സംഗീതമാണ് അദ്ദേഹം ഗാനങ്ങള്‍ നല്‍കിയിരുന്നത്. മലയാള സിനിമയില്‍ നാടന്‍പാട്ടുകള്‍ക്ക് പ്രാധാന്യം ലഭിക്കാന്‍ രാഘവന്‍ മാസ്റ്ററുടെ സംഗീത സംവിധാനത്തിലൂടെ സാധിച്ചു.

എല്ലാവരും ചൊല്ലണ്, എങ്ങനെ നീ മറക്കും കുയിലേ (നീലക്കുയില്‍) ,മാനത്തെ കായലില്‍, കരിമുകില്‍ കാട്ടിലെ (കള്ളിച്ചെല്ലമ്മ), കുന്നത്തൊരുകാവുണ്ട് (അസുരവിത്ത്) കണ്ണീരാറ്റിലെ തോണി (പാതിരാവും പകല്‍ വെളിച്ചവും) ശ്യാമസുന്ദര പുഷ്പമേ (യുദ്ധകാണ്ഡം)

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു (തുറക്കാത്ത വാതില്‍), മഞ്ഞണിപൂനിലാവ്  (നഗരമേ നന്ദി), കണ്ണന്റെ കവിളിലെ സിന്ദൂരതിലകത്തിന്‍, ക്ഷേത്രമേതെന്നറിയാത്ത തീര്‍ത്ഥയാത്ര (പൂജക്കെടുക്കാത്ത പൂക്കള്‍),  ഓട്ടക്കണ്ണിട്ടുനോക്കും കാക്കേ (നീലിസാലി),

നാദാപുരം പള്ളിയിലെ (തച്ചോളി അമ്പു), അപ്പോഴും പറഞ്ഞില്ലെ പോരണ്ടാ പോരണ്ടാന്ന് (കടമ്പ്), നിലാവിന്റെ പൂന്തോപ്പില്‍ (കൃഷ്ണപ്പരുന്ത്) തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രതിഭ വിളിച്ചോതുന്ന ഗാനങ്ങളായിരുന്നു.

1973ല്‍ നിര്‍മാല്യത്തിലൂടെ മികച്ച സംഗീത സംവിധാനത്തിനുള്ള ആദ്യ സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 1981 സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 1997ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2010ല്‍ പത്മശ്രീ നല്‍കി രാജ്യം രാഘവന്‍ മാസ്റ്ററെ ആദരിച്ചു.

കെ.പി.എ.സി യുടെ അശ്വമേധം എന്ന നാടകത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരാന്‍ വേണ്ടി ആകാശവാണിയില്‍ നിന്നും അനുമതി നല്‍കാതെ വന്നപ്പോള്‍ നിയമാവലികള്‍ മറികടക്കാന്‍ മോളി, രഘുനാഥ് എന്നീ പേരുകളില്‍ മറഞ്ഞിരുന്ന് അദ്ദേഹം സംഗീതം നല്‍കിയിരുന്നു.

വയലാര്‍ വരികള്‍ക്ക് കെ. എസ്. ജോര്‍ജിന്റെ സ്വരാവിഷ്‌കാരം ഉണ്ടായ പാമ്പുകള്‍ക്ക് മാളമുണ്ട്, തലയ്ക്കുമീതെ ശൂന്യാകാശം…, ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ എന്നിവ ഹിറ്റായി. പാഞ്ചാലിയുടെ നാടകത്തിലെ സംഗീതസംവിധാനത്തിനു കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി.

1986ല്‍ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് വാങ്ങിയ രാഘവന്‍ മാസ്റ്റര്‍ തോട്ടടുത്ത വര്‍ഷം കെ.പി.എസിയുടെ നാടക ഗാനങ്ങള്‍ക്ക് പ്രഫഷനല്‍ അവാര്‍ഡും നേടി.

1977 ല്‍ ഖത്തര്‍ അസോസിയേഷന്റെ ബാബുരാജ് അവാര്‍ഡ്. 1998ല്‍ കമുകറ പുരുഷോത്തമന്‍ അവാര്‍ഡ്. അതേ വര്‍ഷം തന്നെ ജെ.സി. ഡാനിയല്‍ അവാര്‍ഡ് എന്നീ പുരസ്‌ക്കാരങ്ങളും രാഘവന്‍ മാഷെ തേടിയെത്തിയിരുന്നു.

തലശ്ശേരിയിലെ തലായ് കടപ്പുറത്തെ മത്സ്യതൊഴിലാളിയായ കൃഷ്ണന്റെയും കുപ്പച്ചിയുടെയും മകനായി 1914 ഡിസംബര്‍ രണ്ടിന് ജനിച്ചു. മൂന്നു വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു.

സംഗീതപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം സ്വന്തം താല്പര്യവും അഭിരുചിയും കാരണം സംഗീതലോകത്ത് എത്തുകയായിരുന്നു.

സംഗീതപഠനത്തിനു ശേഷം ആകാശവാണിയില്‍ സംഗീതവിഭാഗത്തില്‍ ജീവനക്കാരനായി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആകാശവാണി നിലയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തംബുരു ആര്‍ട്ടിസ്റ്റായിട്ടായിരുന്നു ആകാശവാണിയിലെത്തിയത്. കരിയറിന്റെ തുടക്കം ചെന്നൈ ഓള്‍ ഇന്ത്യാ റേഡിയോയിലായിരുന്നു.

We use cookies to give you the best possible experience. Learn more