| Thursday, 5th September 2024, 11:52 am

രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പന്തിയില്‍ നിന്ന് ഇറക്കിവിട്ടു, വഴിയില്‍ നിന്ന് മാറാന്‍ പറഞ്ഞു; 1970കളില്‍ നേരിട്ട ജാതി പീഡനത്തെക്കുറിച്ച് കെ. രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കുട്ടിക്കാലത്ത് താന്‍ ജാതിയുടെ പേരില്‍ അനുഭവിച്ച വിവേചനങ്ങള്‍ വിശദീകരിച്ച് ആലത്തൂര്‍ എം.പി കെ.രാധാകൃഷ്ണന്‍ . 1970കളിലും കേരളത്തില്‍ നിലനിന്നിരുന്ന ജാതി വിവേചനത്തിനെക്കുറിച്ചും അയിത്തത്തെക്കുറിച്ചും സംസാരിച്ച രാധാകൃഷ്ണന്‍ താന്‍ എങ്ങനെയാണ് അത്തരം അനുഭവങ്ങളെ അതിജീവിച്ചതെന്നും തുറന്നു പറയുന്നു. മാതൃഭൂമി ഓണപ്പതിപ്പില്‍ ഭാനുപ്രകാശിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിയുടെ പേരില്‍ വിവേചനങ്ങള്‍ അനുഭവിക്കേണ്ടി വരാത്ത ഒറ്റ ദിവസം പോലും തന്റെ കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞ  അദ്ദേഹം ആറ് വയസ്സുള്ളപ്പോള്‍ മുതല്‍ തന്നെ താന്‍ അത്തരം അനീതികള്‍ക്കെതിരെ പ്രതികരിച്ചു തുടങ്ങിയിരുന്നെന്നും  വെളിപ്പെടുത്തി. മേല്‍ജാതിക്കാരുടെ ദൃഷ്ടിയില്‍പ്പെടാതെ വഴിമാറിക്കൊടുക്കല്‍ അന്നത്തെ പതിവായിരുന്നെന്നും എന്നാല്‍ അക്കാലത്തും താന്‍ അതിന് തയ്യാറായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.

കൂടെയുള്ളവര്‍ വഴിമാറെടാ എന്ന് പറയുമായിരുന്നെങ്കിലും താന്‍ ഒരടി പിറകോട്ട് പോയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക് പോകണമെങ്കില്‍ അവര്‍ വേറെ വഴിക്ക് പോകട്ടെ എന്നായിരുന്നു തന്റെ കുഞ്ഞുമനസ്സിലെ അക്കാലത്തെ നിലപാട്. പലവട്ടം അവര്‍ കണ്ണുരുട്ടി തന്നെ ഭയപ്പെടുത്തിയെങ്കിലും താന്‍ പിന്തിരിയില്ലെന്ന് കണ്ടതോടെ അവര്‍ തന്നെ വഴിമാറിപ്പോകുകയാണുണ്ടായതെന്നും കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

പിന്നീട് അവര്‍ തന്റെ വീട്ടിലെത്തി പരാതി പറഞ്ഞെന്നും അച്ഛമ്മ പുളിയുടെ വടി വെട്ടിക്കൊണ്ടുവന്ന് തന്നോട് ചോദിക്കാമെന്ന് പറഞ്ഞപ്പോള്‍ വന്നവര്‍ക്ക് സന്തോഷമായെന്നും അദ്ദേഹം പറയുന്നു. തന്നെ ശിക്ഷിക്കുമെന്നതിനാലാണ് പരാതി പറയാന്‍ വന്നവര്‍ സന്തോഷിച്ചതെന്നും എന്നാല്‍ അച്ഛമ്മ തന്നെ വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പുളിവടി കൊണ്ട് ചുമരില്‍ അടിച്ച് ശബ്ദമുണ്ടാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അടിയുടെ ശബ്ദം പുറത്തേക്ക് കേള്‍ക്കാമായിരുന്നത് കൊണ്ട് തനിക്ക് തല്ലുകൊണ്ടെന്ന സന്തോഷത്തില്‍ പരാതിക്കാര്‍ തിരികെ പോയെന്നും ശേഷം താന്‍ ചെയ്തതാണ് ശരിയെന്ന് പറഞ്ഞ് അച്ഛമ്മ തന്നെ ആശ്വസിപ്പിച്ചെന്നും കെ. രധാകൃഷ്ണന്‍ പറഞ്ഞു.

‘ആറുവയസ്സുള്ളപ്പോഴാണ് ഇത്തരം അസമത്വങ്ങള്‍ക്കെതിരേ ഞാന്‍ പ്രതികരിച്ചുതുടങ്ങിയത്. മേല്‍ജാതിക്കാര്‍ വരുമ്പോള്‍ അവരുടെ ദൃഷ്ടിയില്‍പ്പെടാതെ കീഴ്ജാതിക്കാര്‍ വഴിമാറിക്കൊടുക്കണമെന്നായിരുന്നു അന്നത്തെ വ്യവസ്ഥിതി. എനിക്കുമുന്നിലൂടെ നടന്നുവരുന്ന ജന്മിയെ കണ്ടപ്പോള്‍ ഞാന്‍ വഴിമാറിക്കൊടുക്കാനൊന്നും പോയില്ല. ‘വഴിമാറെടാ’ എന്ന് ഒപ്പമുള്ളവര്‍ പറയുന്നുണ്ടെങ്കിലും ഞാന്‍ ഒരടി പുറകോട്ട് മാറിയില്ല.

അവര്‍ക്ക് പോകണമെങ്കില്‍ അവര്‍ വേറെ വഴിക്ക് പൊയ്ക്കോട്ടേ എന്നായിരുന്നു എന്റെ കുഞ്ഞുമനസ്സ് അപ്പോള്‍ പറഞ്ഞത്. കണ്ണുരുട്ടി പലവട്ടം പറഞ്ഞുനോക്കിയിട്ടും ഞാന്‍ വഴിമാറി ക്കൊടുക്കില്ലെന്ന് മനസ്സിലായപ്പോള്‍ അവര്‍ തിരിഞ്ഞുനടന്നു. എന്റെ വീട്ടില്‍ പരാതിപറയാനായിട്ടായിരുന്നു ആ തിരിഞ്ഞുനടത്തം. മുറ്റത്തുനിന്ന് ഉച്ചത്തില്‍ ഒരാള്‍ പറഞ്ഞു: ‘നീലിയേ.. നിന്റെ മോന്റെ കുട്ടി അയിത്തമാക്കാന്‍ വന്നിരിക്കുന്നു. ‘ആണോ.. അവന്‍ വരട്ടെ ഞാന്‍ ചോദിക്കാം’ എന്ന് പറഞ്ഞ് അച്ഛമ്മ പുളിയുടെ ഒരു കൊമ്പ് വെട്ടിക്കൊണ്ടുവന്നു.

അത് കണ്ടപ്പോള്‍ പരാതി പറയാന്‍ വന്നവര്‍ക്ക് സന്തോഷമായി. തെറ്റുചെയ്തതിനുള്ള ശിക്ഷ എനിക്ക് കിട്ടുന്നത് നേരില്‍ കണ്ട് പോകാമെന്നുകരുതി അവര്‍ മുറ്റത്തു തന്നെ നിന്നു. എന്റെ വരവും കാത്ത് കയ്യില്‍ പുളിയുടെ വടിയുമായി രോഷത്തോടെ അച്ഛമ്മ നിന്നു. ഞാന്‍ വീട്ടിലേക്ക് കയറിവരുമ്പോള്‍ തന്നെ കലിതുള്ളിക്കൊണ്ടാണ് അച്ഛമ്മ ചോദിച്ചത്: ‘എന്താടാ.. വഴിമാറിക്കൊടുക്കാഞ്ഞത്?’

‘ഞാന്‍ മാറില്ല. എനിക്ക് അയിത്തം കല്പിക്കാനായി എന്റെ മുന്നില്‍ വരേണ്ട. ഞാന്‍ വഴിമാറില്ല, വേണമെങ്കില്‍ അവര്‍ വഴിമാറി പൊയ്ക്കോട്ടേ,’ കുട്ടിയാണെങ്കിലും ഞാന്‍ ഉറപ്പിച്ചുപറഞ്ഞപ്പോള്‍ ‘അത്ര അഹങ്കാരമോ, നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെടാ’ എന്നുപറഞ്ഞ് അച്ഛമ്മ എന്നെ പിടിച്ചുവലിച്ച് വീടിനകത്തേക്ക് കൊണ്ടുപോയി.

അപ്പോഴും പരാതിക്കാര്‍ മുറ്റത്തുതന്നെ നില്‍പ്പുണ്ട്. ‘ഇനി നീ പറയുമോടാ..’ എന്ന് ചോദിച്ച് അച്ഛമ്മ കൈയിലുള്ള വടികൊണ്ട് ചുമരില്‍ ഉച്ചത്തില്‍ അടിച്ചു കൊണ്ടിരുന്നു. അടിയുടെ ശബ്ദം പുറത്തേക്ക് നന്നായി കേള്‍ക്കാവുന്നതുകൊണ്ട് ‘അവന് കണക്കിന് കിട്ടി’ എന്ന സന്തോഷത്തോടെ പരാതിക്കാര്‍ പടിയിറങ്ങി. അവര്‍ പോയെന്ന് മനസ്സിലായപ്പോള്‍ അച്ഛമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘മോന്‍ ചെയ്തതാണ് ശരി,’ കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് സുഹൃത്തിന്റെ പിറന്നാളിന് ഭക്ഷണം കഴിക്കുമ്പോള്‍ പന്തിയില്‍ നിന്ന് തന്നെ ഇറക്കിവിട്ട ദുരനുഭവവും അഭിമുഖത്തില്‍ സി.പി.ഐ.എം നേതാവ് കൂടിയായ കെ. രാധാകൃഷ്ണന്‍ പറയുന്നുണ്ട്. അച്ഛമ്മയുടെ പേര് പറഞ്ഞ് ഒരാള്‍ താനൊക്കെ ആദ്യ പന്തിയില്‍ തന്നെ ഇരിക്കുകയോ, താന്‍ മൂന്നാം പന്തിയില്‍ ഇരുന്നാല്‍ മതിയെന്ന് പറഞ്ഞതും കെ. രാധാകൃഷ്ണന്‍ ഓര്‍ത്തെടുക്കുന്നു. അന്ന് തനിക്ക് ഒന്നാം പന്തിയും രണ്ടാം പന്തിയും മൂന്നാം പന്തിയും എന്താണെന്ന് അറിയില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു.

‘രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണത്. എന്റെ സുഹൃത്തിന്റെ പിറന്നാളിന് എന്നെ ക്ഷണിച്ചിരുന്നു. അച്ഛമ്മയോട് അനുവാദം വാങ്ങി ഞാന്‍ പോയി. അന്ന് പ്രമാണികളുള്‍പ്പെടെ എല്ലാവരും നിലത്തിരുന്നാണ് ഭക്ഷണം കഴിക്കുക. കടുത്ത വേനല്‍ക്കാലമായതിനാല്‍ വാഴയില കിട്ടില്ല. വാഴപ്പിണ്ടി പൊളിച്ച് അത് ഇലപോലെ വിരിച്ചശേഷം ഈര്‍ക്കില്‍ ഉപയോഗിച്ച് കുത്തിവയ്ക്കും. അതിലാണ് ഭക്ഷണം വിളമ്പുക.

കഴിക്കാനായി ഞാനിരുന്നപ്പോള്‍ ഒരാള്‍ കടന്നുവന്ന് എന്നോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു. കാര്യം അറിയാതെ ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി. നീ വടക്കേതിലെ നീലിയുടെ മോന്റെ കുട്ടിയല്ലേ ആദ്യപന്തിയില്‍ തന്നെ ഇരിക്കേ? നീയൊക്കെ മൂന്നാം പന്തിയില്‍ ഇരുന്നാല്‍ മതി. ഒന്നാം പന്തിയും രണ്ടാം പന്തിയും മൂന്നാം പന്തിയും അന്നെനിക്കറിയില്ല,’ കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

ആറ് വയസുള്ളപ്പോള്‍ ഉയര്‍ന്ന ജാതിക്കാരില്‍ നിന്ന് തൊട്ടുകൂടായ്മയുടെ പേരില്‍ നേരിട്ട വിവേചനത്തെ സധൈര്യം നേരിടാന്‍ തന്നെ പ്രേരിപ്പിച്ചത് തന്റെ അച്ഛമ്മയാണെന്ന് പറഞ്ഞ രാധാകൃഷ്ണന്‍ ഇത്തരം അനുഭവങ്ങള്‍ തന്റെ കുട്ടിക്കാലത്തുടനീളം അനുഭവിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ചേലക്കരയില്‍ അന്ന് പിറവികൊണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സമൂഹത്തിലെ ഇത്തരം അനീതികള്‍ക്കെതിരെ പോരാടാന്‍ തനിക്ക് ഊര്‍ജം പകര്‍ന്നതായും അഭിമുഖത്തില്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

താനൊരു കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തിലാണ് ജനിച്ചതെന്നും കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണമായി പറയുന്ന പാറപ്പുറം സമ്മേളനത്തില്‍ തന്റെ നാടായ ചേലക്കരയുടെ പ്രാതിനിധ്യവുമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആ പാരമ്പര്യത്തിലൂടെയാണ് താനും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജന്മിത്തത്തിന്റെയും ജാതിവ്യവസ്ഥയുടെയും ക്രൂരമായ മുറിവുകള്‍ ഏറ്റുവാങ്ങേണ്ടിവന്ന നിരവധി കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും നിറഞ്ഞ ഗ്രാമമായിരുന്നു തങ്ങളുടേതെന്നും അദ്ദേഹം പറയുന്നു. വര്‍ണത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട അക്കാലത്തെ ജനങ്ങള്‍ തങ്ങളുടെ സകലദുരിതങ്ങള്‍ക്കും കാരണം ദൈവനിശ്ചയമാണെന്ന് കരുതി വിധിയെ പഴിച്ച് ജീവിച്ചുപോന്നവരായിരുന്നു.

അവരോട്, വിധിയല്ല ഇതൊന്നും വരുത്തിവെച്ചതെന്ന വലിയ പാഠമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ പറഞ്ഞുകൊടുത്തതെന്നും അദ്ദേഹം പറയുന്നു. ആ പാഠം പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ അന്നത്തെ സമൂഹത്തിന് വലിയ പ്രയാസമായിരുന്നെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

ഇത്തരത്തില്‍ പലരീതിയിലും ഭയന്നുജീവിച്ച ഒരു ജനതയെ മാറ്റിയെടുക്കാന്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയതെന്നും തന്റെ അച്ഛമ്മയിലൂടെയും അച്ഛനിലൂടെയുമൊക്കെണ് കമ്യൂണിസ്റ്റ് എന്ന വാക്കിന്റെ ആഴം ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ചെറിയ കുട്ടിയായിരിക്കുമ്പോഴത്തെ ആ തിരിച്ചറിവുതന്നെയാണ് തന്നെ കമ്യൂണിസ്റ്റുകാരനാക്കിത്തീര്‍ത്തതെന്നും ആലത്തൂര്‍ എം.പി. കെ. രാധാകൃഷ്ണന്‍ പറയുന്നു.

Content Highlight: K. Radhakrishnan talks about caste discrimination faced during childhood

Latest Stories

We use cookies to give you the best possible experience. Learn more