| Friday, 6th August 2021, 8:38 am

പട്ടിക വിഭാഗങ്ങളെ ഹരിജന്‍ എന്ന് വിളിക്കരുത്; വിലക്കി മന്ത്രി കെ. രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പട്ടിക വിഭാഗങ്ങളെ ഹരിജന്‍ എന്ന് പരാമര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. പൂത്തോള്‍ ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഭൂമിയില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണത്തെക്കുറിച്ച് പി. ബാലചന്ദ്രന്റെ സബ്മിഷന് മറുപടി നല്‍കവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

പ്രസംഗത്തിനിടെ പലതവണ ഹരിജന്‍ എന്ന വാക്ക് ബാലചന്ദ്രന്‍ ഉപയോഗിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. ഹരിജനങ്ങള്‍ എന്ന് പറയാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു. എല്ലാവരും ഇനിയും ശ്രദ്ധിക്കാനാണ് താനിത് പറയുന്നതെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

2017 ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇതുസംബന്ധിച്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നതാണ്. ഔദ്യോഗിക രേഖകളില്‍ ‘ദളിത്’, ‘ഹരിജന്‍’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന ഉത്തരവാണ് പുറപ്പെടുവിച്ചത്.

കേരള വിവര സാങ്കേതിക വകുപ്പാണ് ഈ ഉത്തരവിട്ടിരുന്നത്.

കേരള പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാനായ ജസ്റ്റിസ് പി. എന്‍. വിജയകുമാറാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്.
‘കീഴാളര്‍’ എന്ന ശബ്ദം താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്കുവേണ്ടി ഉപയോഗിക്കുന്നതിനെയും വിലക്കിയിരുന്നു.

ജാതി തിരിച്ചുള്ള ഈ വാക്കുകള്‍ ജാതി വ്യവസ്ഥയെ ഊട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത് എന്നതുകൊണ്ടാണ് ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിക്കുന്നത് എന്നാണ് ഈ മാറ്റത്തിന് കാരണമായി പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: K Radhakrishnan Slams Using Harijan Word

We use cookies to give you the best possible experience. Learn more