മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ജോലി ചെയ്ത അനുഭവമുള്ള വ്യക്തിയാണ് കെ. രാധാകൃഷ്ണന്‍. അടുത്തിടെ സംവിധായകന്‍ പ്രിയദര്‍ശനെ കണ്ട അനുഭവം പങ്കുവെക്കുകയാണ് രാധാകൃഷ്ണന്‍. തനിക്കിപ്പോള്‍ ഹ്യൂമര്‍ ചെയ്യാന്‍ പറ്റുന്നില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞതായി മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
‘അടുത്ത കാലത്ത് പ്രിയനെ കണ്ടപ്പോള്‍ ഹ്യൂമര്‍ എഴുതാന്‍ പറ്റുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്തുപറ്റിയെന്ന് ഞാന്‍ ചോദിച്ചു. ഹ്യൂമര്‍ ഞാന്‍ എഴുതാം, പക്ഷേ ഞാന്‍ എഴുതുന്ന ഹ്യൂമര്‍ ചെയ്യാനായിട്ട് മലയാളത്തിലെ ഒരു ആര്‍ട്ടിസ്റ്റിനെ നീ കാണിച്ചു തരാന്‍ പറഞ്ഞു. മലയാളത്തിലിപ്പോള്‍ ആരുണ്ട് എന്ന് ചോദിച്ചു.
പുള്ളീടെ എല്ലാ പടത്തിലും നെടുമുടി വേണുവുണ്ട്. നെടുമുടി വേണു പോയി. അമ്പിളി ചേട്ടന്‍ ആക്‌സിഡന്റായി ഇരിക്കുന്നു. കാക്കക്കുയില്‍, അറബീം ഒട്ടകോം ഒക്കെ എടുത്തുനോക്കിയാല്‍ പുള്ളിയുടെ സിനിമകളില്‍ സ്ഥിരമായിട്ടുള്ള ചില ആര്‍ട്ടിസ്റ്റുകളുമുണ്ട്. പുള്ളിക്ക് പണിയും കിട്ടിയിട്ടുണ്ട്. അറബീം ഒട്ടകത്തില്‍ കുറെ പേരെ വെച്ച് കളിച്ചിട്ടൊന്നും ഏറ്റില്ല. ഒരാള്‍ മാത്രം മതി, ജഗതി. പുള്ളി മാത്രം മതിയാരുന്നു,’ രാധാകൃഷ്ണന്‍ പറഞ്ഞു.
ആദ്യകാലങ്ങളില്‍ പ്രിയദര്‍ശന്‍ സ്‌ക്രിപ്റ്റ് എഴുതുന്ന രീതിയും രാധാകൃഷ്ണന്‍ പങ്കുവെച്ചിരുന്നു. ‘പൂച്ചക്കൊരു മൂക്കുത്തി സിനിമയുടെ സമയത്ത് പ്രിയദര്‍ശന് സ്‌ക്രിപ്റ്റ് ഒന്നുമില്ല. പുള്ളിക്ക് ഒരു ചേഞ്ച് ഓവര്‍ വരുന്നത് താളവട്ടം മുതലാണ്. അതുവരെയുള്ള പടങ്ങള്‍ക്കുള്ള സ്‌ക്രിപ്റ്റ് ആ സമയത്താണ് എഴുതുക. കഥ മാത്രമുണ്ടാവും. കുറെ പേപ്പറുമുണ്ടാവും. അല്ലാതെ ഫുള്‍ സ്‌ക്രിപ്റ്റ് പുള്ളീടെ കയ്യില്‍ ഒരിക്കലും ഉണ്ടാവില്ല.
രാവിലെ ആറരയൊക്കെ ആവുമ്പോള്‍ ഞാന്‍ ഹോട്ടലില്‍ ചെല്ലും. ആ സമയത്ത് ഉറക്കമായിരിക്കും. ഞാന്‍ വിളിച്ച് എഴുന്നേല്‍പ്പിക്കുമ്പോള്‍ ചായ പറയും. ചായ വന്നാലും എഴുന്നേക്കില്ല. കുറച്ച് കഴിയുമ്പോള്‍ എഴുന്നേറ്റ് തണുത്ത് പോയി, അടുത്ത ചായ പറയാന്‍ പറയും.
പുള്ളി എണീക്കുമ്പോള്‍ നിലം തൊട്ട് കണ്ണില്‍ തൊടും. അത് കഴിഞ്ഞാല്‍ പിന്നെ കിടക്കില്ല. പത്തിരുപത് മിനിട്ട് കൊണ്ട് കുളിച്ച് ഫ്രഷാവും. എണീറ്റ് കഴിഞ്ഞ് ഇന്ന് എവിടെയാ ഷൂട്ട് എന്തൊക്കെയാ കാര്യങ്ങള്‍ എന്ന് ഞാന്‍ ചോദിച്ചു. ഒന്നുമറിഞ്ഞൂടാ, നീ വെയ്റ്റ് ചെയ്യ് എന്ന് പറഞ്ഞ് പുള്ളി പേപ്പറുമെടുത്ത് ബാത്ത്റൂമില്‍ പോവും. ന്യൂസ് വായിക്കാനൊന്നുമല്ല. ടിഷ്യു പേപ്പര്‍ എടുത്തിട്ട് അവിടിരുന്ന് എഴുതുവാ ഇന്ന് എന്താണ് ചെയ്യേണ്ടതെന്നുള്ളത്. അതാണ് അന്ന് ഷൂട്ട് ചെയ്യുന്നത്,’ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: k radhakrishnan says even though priyadarshan did oru marubhoomi kadha movie with a few regular people, it didn’t work