| Wednesday, 19th May 2021, 2:13 pm

ദേവസ്വം വകുപ്പില്‍ ദളിത് വിഭാഗത്തില്‍ നിന്ന് മന്ത്രി; രാഷ്ട്രീയ മാനങ്ങളോടെ കെ. രാധാകൃഷ്ണന്റെ മന്ത്രിസ്ഥാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പതിനഞ്ചാം കേരള നിയമസഭയിലെ മന്ത്രിമാരുടെയും വകുപ്പുകളുടെയും വിവരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചേലക്കര എം.എല്‍.എയും മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന കെ. രാധാകൃഷ്ണനാണ് രണ്ടാം പിണറായി മന്ത്രിസഭയില്‍ ദേവസ്വം – പിന്നോക്ക- പാര്‍ലമെന്ററി കാര്യ വിഭാഗ മന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ ദേവസ്വം വകുപ്പിന്റെ ചുമതല വഹിക്കുന്നു എന്ന പ്രത്യേകത കൂടി ഈ പ്രഖ്യാപനത്തിലുണ്ട്. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടുകളുടെ പേരില്‍ സംഘപരിവാര്‍ സംഘടനങ്ങളും സവര്‍ണ സമുദായ സംഘടനകളും ദേവസ്വം വകുപ്പിനെതിരെ പരസ്യമായി രംഗത്ത് വരികയും സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ദേവസ്വം വകുപ്പില്‍ നേരത്തെ നടന്ന ദളിത് നിയമനങ്ങള്‍ പോലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംസ്ഥാനമാണ് കേരളം. അത്തരമൊരു പശ്ചാത്തലത്തില്‍ പിന്നോക്ക വിഭാഗ വകുപ്പും ദേവസ്വം വകുപ്പും ഒരേ മന്ത്രി കൈകാര്യം ചെയ്യുന്നുവെന്ന ഈ പ്രഖ്യാപനം ചരിത്രപരമാകുകയാണ്.

ഇടുക്കി ജില്ലയിലെ പുള്ളിക്കാനത്തെ ഒരു തോട്ടം തൊഴിലാളി കുടുബത്തില്‍ 1964 മാര്‍ച്ച് 24 നാണ് കെ. രാധാകൃഷ്ണന്‍ ജനിച്ചത്. പിന്നീട് കുടുംബം തൃശ്ശൂരിലേക്ക് മാറുകയായിരുന്നു. ദാരിദ്ര്യവും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു കെ. രാധാകൃഷ്ണന്റെ ബാല്യകാല ജീവിതം. ചേലക്കര എസ്.എം.ടി.ജി.എച്ച്.എസ് സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. വടക്കാഞ്ചേരി ശ്രീ. വ്യാസ കോളേജിലും ശ്രീ കേരള വര്‍മ്മ കോളേജിലുമായി തുടര്‍ പഠനം നടത്തി. കോളേജ് പഠന കാലത്ത് എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.

കോണ്‍ഗ്രസ് മണ്ഡലമായിരുന്ന ചേലക്കരയില്‍ നിന്നാണ് 1996 ല്‍ ആദ്യമായി രാധാകൃഷ്ണന്‍ ജനവിധി തേടുന്നത്. നായനാര്‍ മന്ത്രിസഭയിലെ പട്ടികജാതി – പട്ടിക വര്‍ഗക്ഷേമമന്ത്രിയായി. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും ചേലക്കരയില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. 2001 ല്‍ ചീഫ് വിപ്പായി. 2006 ല്‍ ഹാട്രിക്ക് വിജയത്തോടെ നിയമസഭാ സ്പീക്കര്‍ ആയി. 2016 ലെ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുന്ന അദ്ദേഹം പിന്നീട് സംഘടനരംഗത്ത് സജീവമാവുകയായിരുന്നു. സി.പി.ഐ.എം തൃശൂര്‍ ജില്ല സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇതിനിടെ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും അംഗമായി.

ഇക്കഴിഞ്ഞ നിയസമഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ചേലക്കരയില്‍ നിന്ന് ജനവിധി തേടി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ഇപ്പോള്‍ വീണ്ടും മന്ത്രിയാവുകയും ചെയ്ത അദ്ദേഹം രണ്ടാം പിണറായി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Radhakrishnan – Devaswom minister – kerala

We use cookies to give you the best possible experience. Learn more