പതിനഞ്ചാം കേരള നിയമസഭയിലെ മന്ത്രിമാരുടെയും വകുപ്പുകളുടെയും വിവരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചേലക്കര എം.എല്‍.എയും മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന കെ. രാധാകൃഷ്ണനാണ് രണ്ടാം പിണറായി മന്ത്രിസഭയില്‍ ദേവസ്വം – പിന്നോക്ക- പാര്‍ലമെന്ററി കാര്യ വിഭാഗ മന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ ദേവസ്വം വകുപ്പിന്റെ ചുമതല വഹിക്കുന്നു എന്ന പ്രത്യേകത കൂടി ഈ പ്രഖ്യാപനത്തിലുണ്ട്. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടുകളുടെ പേരില്‍ സംഘപരിവാര്‍ സംഘടനങ്ങളും സവര്‍ണ സമുദായ സംഘടനകളും ദേവസ്വം വകുപ്പിനെതിരെ പരസ്യമായി രംഗത്ത് വരികയും സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ദേവസ്വം വകുപ്പില്‍ നേരത്തെ നടന്ന ദളിത് നിയമനങ്ങള്‍ പോലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംസ്ഥാനമാണ് കേരളം. അത്തരമൊരു പശ്ചാത്തലത്തില്‍ പിന്നോക്ക വിഭാഗ വകുപ്പും ദേവസ്വം വകുപ്പും ഒരേ മന്ത്രി കൈകാര്യം ചെയ്യുന്നുവെന്ന ഈ പ്രഖ്യാപനം ചരിത്രപരമാകുകയാണ്.
ഇടുക്കി ജില്ലയിലെ പുള്ളിക്കാനത്തെ ഒരു തോട്ടം തൊഴിലാളി കുടുബത്തില്‍ 1964 മാര്‍ച്ച് 24 നാണ് കെ. രാധാകൃഷ്ണന്‍ ജനിച്ചത്. പിന്നീട് കുടുംബം തൃശ്ശൂരിലേക്ക് മാറുകയായിരുന്നു. ദാരിദ്ര്യവും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു കെ. രാധാകൃഷ്ണന്റെ ബാല്യകാല ജീവിതം. ചേലക്കര എസ്.എം.ടി.ജി.എച്ച്.എസ് സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. വടക്കാഞ്ചേരി ശ്രീ. വ്യാസ കോളേജിലും ശ്രീ കേരള വര്‍മ്മ കോളേജിലുമായി തുടര്‍ പഠനം നടത്തി. കോളേജ് പഠന കാലത്ത് എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.