| Saturday, 23rd November 2024, 10:56 am

'ചെങ്കോട്ടയാണ് ഈ ചേലക്കര, പാലക്കാട്‌ രാഹുൽ തന്നെ'; പ്രതികരിച്ച്‌ കെ. രാധാകൃഷ്ണനും വി.ടി. ബൽറാമും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതികരിച്ച് ആലത്തൂർ എം.പി കെ. രാധാകൃഷ്ണനും മുൻ എം.എൽ.എ വി.ടി. ബൽറാമും.

നാലാംഘട്ട വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ചേലക്കര മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ യു.ആർ. പ്രദീപ് ലീഡ് ഉയർത്തുന്ന പശ്ചാത്തലത്തിലാണ് കെ. രാധാകൃഷ്ണന്റെ പ്രതികരണം.

‘ചെങ്കോട്ടയാണ് ഈ ചേലക്കര,’ എന്നാണ് കെ. രാധാകൃഷ്ണന്റെ പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ആർ. പ്രദീപ് നേടിയ ഭൂരിപക്ഷം അദ്ദേഹം മറികടക്കുമെന്നും കെ. രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ വികസനം നേരിട്ട് മനസിലാക്കിയ ആളുകളാണ് ചേലക്കരയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് മത്സരിച്ച് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖാപിച്ചത്. 39000 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്‌ണൻ വിജയിച്ചത്.

പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പിയുടെ ലീഡ് കുറയുകയും രണ്ടാംഘട്ടത്തോടെ രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് ഉയർത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് വി.ടി. ബൽറാമിന്റെ പ്രതികരണം.

‘പാലക്കാട്‌ രാഹുൽ തന്നെ. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ ഹാർദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യു.ഡി.എഫ്‌ പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി,’ എന്നാണ് വി.ടി. ബൽറാം പ്രതികരിച്ചത്.

നിലവിൽ പാലക്കാട് മണ്ഡലത്തിൽ 422 വോട്ടുകളുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ലീഡ് ചെയ്യുകയാണ്. എന്നാൽ ആറ്, ഏഴ് ഘട്ട വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ രാഹുൽ ലീഡ് ഉയർത്തുമെന്നാണ് വിലയിരുത്തൽ.

Content Highlight: K. Radhakrishnan and VT Balram reacting to the by-election results

We use cookies to give you the best possible experience. Learn more