|

മിത്താണോ, സയന്റിഫിക് ആണോയെന്ന് പറയേണ്ട ബാധ്യത ദേവസ്വം മന്ത്രിക്കില്ല: കെ. രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ശാസ്ത്രീയമായി ഓരോ കാര്യവും പരിശോധിച്ച്, അതിനെല്ലാം കൃത്യം കൃത്യമായി മറുപടി പറയേണ്ട ഒരാളല്ല ദേവസ്വം മന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. പല ആളുകള്‍ക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടാകുമെന്നും അത് കൃത്യമായി വ്യക്തമാക്കേണ്ട കാര്യം തനിക്കുണ്ടെന്ന് തോന്നുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ദേവസ്വം മന്ത്രിക്ക് ഇത് മിത്താണ്, ഇത് വിശ്വാസമാണ്, ഇത് സയന്റിഫിക് ആണെന്നൊന്നും പറയേണ്ട ബാധ്യതയില്ല. അത് ഓരോരുത്തരുടെ വിശ്വാസം അനുസരിച്ച് പോകുന്നതാണ്. ദേവസ്വം മന്ത്രി സയന്റിഫിക് ആയിട്ട് ഓരോ കാര്യവും പരിശോധിച്ച്, അതിനെല്ലാം കൃത്യം കൃത്യമായി മറുപടി പറയേണ്ട ഒരാളല്ല. അത് മിത്താണെന്ന് പറയുന്ന ആളുകള്‍ ഉണ്ടാകും, വിശ്വാസമാണെന്ന് പറയുന്ന ആളുകള്‍ ഉണ്ടാകും, സയന്റിഫിക് ആണെന്ന് പറയുന്ന ആളുകള്‍ ഉണ്ടാകും, സയന്റിഫിക് അല്ലെന്ന് പറയുന്ന ആളുകള്‍ ഉണ്ടാകും.

പല വാര്‍ത്തകളും ഇതുമായി ബന്ധപ്പെട്ട് വന്നല്ലോ, അതിന്റെ ചര്‍ച്ചയേ ഉണ്ടായില്ലലോ. നമ്മുടെ ശാസ്ത്ര കോണ്‍ഗ്രസില്‍ തന്നെയാണ് ഈ വിഷയം ഉയര്‍ന്നുവന്നത്. അതിന് ശേഷവും പറഞ്ഞല്ലോ പല ആളുകളും. പല ആളുകള്‍ക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. അത് കൃത്യമായി വ്യക്തമാക്കേണ്ട കാര്യം എനിക്കുണ്ടെന്ന് തോന്നുന്നില്ല,’ അദ്ദേഹം പറഞ്ഞു.

സമൂഹത്തെ ഇളക്കിവിടാനും കലാപം ഉണ്ടാക്കാനും എളുപ്പമായിരിക്കുമെന്നും അത് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു. മനുഷ്യന്‍ തമ്മിലുള്ള പരസ്പര ധാരണയും വിശ്വാസവും ഉണ്ടാക്കി എടുക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു.

‘മണിപ്പൂരില്‍ സംഭവിക്കുന്നതെന്താണ്, ഇളക്കി വിട്ട് കഴിഞ്ഞാല്‍ ആര്‍ക്കുമത് പിടിച്ചാല്‍ കിട്ടില്ല. അത് തന്നെയാണ് ഹരിയാനയിലും സംഭവിക്കുന്നത്, അതിപ്പോള്‍ യു.പിയിലേക്കും ദല്‍ഹിയിലേക്കുമെല്ലാം വ്യാപിക്കും എന്ന മുന്നറിയിപ്പാണ് ലഭിക്കുന്നത്. സമൂഹത്തെ ഇളക്കിവിടാന്‍ എളുപ്പമായിരിക്കും, നമുക്ക് കലാപം ഉണ്ടാക്കാന്‍ എളുപ്പമായിരിക്കും. അത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നമുക്ക് ഉണ്ടാകേണ്ടത്. മനുഷ്യന്‍ തമ്മിലുള്ള പരസ്പര ധാരണയും വിശ്വാസവും ഉണ്ടാക്കി എടുക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആ കാര്യത്തില്‍ പരസ്പര ധാരണ ഉണ്ടാക്കാന്‍ വേണ്ടി, കലാപം ഉണ്ടാകാത്ത ഒരു അന്തരീക്ഷം ഉണ്ടാക്കാനുള്ള ഇടപെടല്‍ നടത്താം,’ കെ. രാധാകൃഷ്ണന്‍.

Content Highlights: K Radhakrishnan about Mith contravercy