| Thursday, 20th June 2024, 12:10 pm

'ബാംബൂ ബോയ്‌സ് സിനിമ കണ്ടിട്ടുണ്ടോ?, എത്ര വൃത്തികെട്ട രീതിയിലാണ് ആദിവാസികളെ ചിത്രീകരിച്ചത്': കെ. രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആദിവാസി വിഭാഗത്തിലുള്ളവര്‍ അനുഭവിക്കുന്ന ദുരിതം മാത്രമല്ല അവരുടെ നേട്ടവും വാര്‍ത്തയാകണമെന്ന് മുന്‍മന്ത്രിയും എം.പിയുമായ കെ. രാധാകൃഷ്ണന്‍.

വാര്‍ത്തയാക്കാനുള്ള ഒരു ഉപകരണമായിട്ട് ഈ വിഭാഗത്തെ കാണുന്നത് ശരിയല്ലെന്ന് മാധ്യമങ്ങള്‍ മനസിലാക്കണമെന്നും സത്യസന്ധമായ വാര്‍ത്തകളെ കുറിച്ചല്ല പറയുന്നതെന്നും വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി ഇവരെ ഉപയോഗപ്പെടുത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകുന്നതിനെ കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

ആദിവാസികളെ കുറിച്ച് ഒരു സിനിമ വന്നാല്‍ അത് അവരുടെ ദുരിതം മാത്രം കാണിക്കുന്നതാവും. അവരെ വളരെ മോശമായി ചിത്രീകരിക്കുന്ന തരത്തിലാവും. അത് സംഭവിക്കാന്‍ പാടില്ല. ബാംബൂ ബോയ്‌സ് എന്ന സിനിമയിലൊക്കെ ആദിവാസികളെ എത്ര മോശമായിട്ടാണ് കാണിച്ചിരിക്കുന്നത്, അത്രയും വള്‍ഗറാണോ നമ്മുടെ നാട്ടിലെ ആദിവാസികളെന്നും കെ. രാധാകൃഷ്ണന്‍ ചോദിച്ചു.

‘ അട്ടപ്പാടിയില്‍ ഒരു കുട്ടി മരിച്ചാല്‍ അതിനെ വലിയ അന്താരാഷ്ട്ര വാര്‍ത്ത പോലെയാക്കി കാണിക്കും. ഏത് വിഭാഗത്തില്‍പ്പെട്ടവര്‍ ആയാലും ഒരു കുട്ടി പോലും മരിക്കരുത് എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ട്രൈബല്‍, നോണ്‍ ട്രൈബല്‍ എന്ന വ്യത്യാസമില്ല, ഒരു കുട്ടിയും മരിക്കാന്‍ പാടില്ല. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ട്രൈബല്‍ മേഖലയില്‍ മൂന്ന് കുട്ടികളേ മരിച്ചിട്ടുള്ളു. എന്നിട്ടും അത് വലിയ വാര്‍ത്തയാകുന്നു. അതിന്റെ തൊട്ടടുത്തെ പ്രദേശങ്ങളില്‍ എത്ര കുട്ടികള്‍ മരിക്കുന്നു, ആരെങ്കിലും വാര്‍ത്തയാക്കുന്നുണ്ടോ?

ഒരു ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട സഹോദരി മാസം തികയാതെ പ്രസവിച്ചാല്‍ അത് വാര്‍ത്തയാകുന്നു. എത്രയോ ആശുപത്രികളില്‍ മാസം തികയാതെയുള്ള പ്രിമെച്ച്വര്‍ ബെര്‍ത്തുകള്‍ നടക്കുന്നില്ലേ. എനിക്കറിയാവുന്ന ഒരു ഡോക്ടറിന് പോലും ഈ അവസ്ഥയായിരുന്നു, എന്നിട്ട് അത് വാര്‍ത്തയായില്ലല്ലോ.

വാര്‍ത്തയാക്കാനുള്ള ഉപകരണമായിട്ട് ഈ വിഭാഗത്തെ കാണുന്നത് ശരിയല്ലെന്ന് നമ്മുടെ മാധ്യമങ്ങള്‍ മനസിലാക്കണം. സത്യസന്ധമായ വാര്‍ത്തകള്‍ വന്നോട്ടെ. കുഴപ്പമില്ല. നമുക്ക് ഇടപെടേണ്ട കാര്യത്തില്‍ വാര്‍ത്തകള്‍ വരണം. പക്ഷേ വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി ഇവരെ ഉപയോഗപ്പെടുത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകുന്നുണ്ട്.

അടുത്തിടെ ഒരു സിനിമയുടെ ഷൂട്ടിന്റെ കാര്യം വന്നു. അവര്‍ എന്നോട് ചോദിച്ചു ആദിവാസികളുടെ സ്ഥിതി എന്താണെന്ന്. ദയനീയ സ്ഥിതി മാത്രമല്ല അവര്‍ മെച്ചപ്പെട്ടതിന്റെ സ്ഥിതിയും ഉണ്ടല്ലോ അത് ആരെങ്കിലും കാണിക്കുന്നുണ്ടോ. അവരുടെ ദയനീയ സ്ഥിതി മാത്രം വെച്ചുകൊണ്ട് സിനിമ എടുക്കുക എന്നതാണ് രീതി.

നിങ്ങള്‍ ചിലപ്പോള്‍ കണ്ടുകാണും ബാംബൂ ബോയ്‌സ് എന്നൊരു സിനിമ. എത്ര മോശപ്പെട്ട രീതിയിലാണ് ആ സിനിമ എടുത്തിരിക്കുന്നത്. വേറൊരു ജനവിഭാഗത്തെ കുറിച്ചായിരുന്നു ഈ സിനിമ എടുത്തിരുന്നതെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി.

അത്രയും വള്‍ഗര്‍ ആയിട്ടാണോ നമ്മുടെ കേരളത്തിലെ ആദിവാസികള്‍ ഉള്ളത്. അവരെ എന്തുവേണമെങ്കിലും പറയാം എന്നുള്ള സ്ഥിതിയിലാണ്. തേവി എന്നൊരു സിനിമ അടുത്ത ദിവസമാണ് പ്രിവ്യൂ ഷോ ഉണ്ടായത്. സ്റ്റീഫന്‍ എന്നൊരാളാണ് ഡയറക്ടര്‍. ആദിവാസികളുടെ ദയനീയ സ്ഥിതി കാണിക്കുന്ന സിനിമയാണെങ്കില്‍ ഞാന്‍ അതിനോട് സഹകരിക്കില്ല എന്ന് പറഞ്ഞു. പക്ഷേ അവര്‍ നന്നായി ആ സിനിമ എടുത്തിട്ടുണ്ട്. ആദിവാസി കുട്ടി പഠിച്ചു മിടുക്കിയാവുന്ന ഒരു തീമാണ്. മറ്റു കാര്യങ്ങളൊക്കെയുണ്ട്.

ആ രീതിയില്‍ നമുക്ക് കുറേ കൂടി ഇവരുടെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള ഇടപെടല്‍ നടത്തേണ്ടിയിരിക്കുന്നു. അത്തരമൊരു ഇടപെടല്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായാല്‍ അത് വലിയ നേട്ടമാകും. ഇവരുടെ ദയനീയ സ്ഥിതി മാത്രമല്ല അവരെ ഉയര്‍ത്തിയെടുക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്ക് കൂടി ഉണ്ടാകുമ്പോള്‍ ഈ മേഖലയില്‍ ഇനിയും നമുക്ക് മാറ്റങ്ങള്‍ ഉണ്ടാക്കാനാകും,’ കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

Content Highlight: K Radhaklrishnan about Bamboo Boys Movie

We use cookies to give you the best possible experience. Learn more