തിരവനന്തപുരം: കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികള്‍ പട്ടിക ജാതിക്കാരില്ലെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ അവകാശവാദത്തിനെതിരെ തൊഴിലാളികളികള്‍. തങ്ങളുടെ കൂട്ടത്തിലൊരാള്‍ ദളിത് വിഭാഗത്തില്‍ നിന്നാണെന്നും മൂന്ന് പേര്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരാണെന്നും ജീവനക്കാര്‍ പറഞ്ഞു.
ഡയറക്ടറായിരുന്ന ശങ്കര്‍മോഹന്‍ ശുചിമുറി കഴുകിച്ചിരുന്നെന്ന ആരോപണം തൊഴിലാളികള്‍ ആവര്‍ത്തിച്ചു. ശുചിമുറി കഴുകിച്ചിട്ടില്ലെന്നായിരുന്നു അടൂര്‍ പറഞ്ഞിരുന്നത്.
‘അടൂര്‍ പറയുന്നത് കള്ളമാണ്. ഞങ്ങള്‍ അഞ്ച് പേരാണ് തൊഴിലാളികളായിട്ടുള്ളത്. അതില്‍ ഒരാള്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളാണ്. മൂന്ന് പേര്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടയാളുകളാണ്. ഒരാള്‍ മാത്രമാണ് നായര്‍ സമുദായത്തില്‍പ്പെട്ടയാള്‍,’ തൊഴിലാളികള്‍ പറഞ്ഞു.
അവിടെ തൊഴിലെടുത്തവര്‍ പട്ടികജാതിക്കാരല്ലെന്നും നായന്മാരും ആശാരിമാരും ഉള്‍പ്പെടുന്ന സമുദായത്തില്‍പ്പെട്ടവരാണെന്നുമായിരുന്നു അടൂര്‍ പറഞ്ഞിരുന്നത്. ആരോപണങ്ങളെല്ലാം സാമാന്യ ബുദ്ധിക്ക് ചേരാത്തതാണെന്നും അടൂര്‍ പറഞ്ഞിരുന്നു.
ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക്, തങ്ങള്‍ അവിടെ അനുഭവിച്ച കാര്യങ്ങളെക്കുറിച്ചാണ് പറയുന്നതെന്നും തങ്ങളുടെ ഭാഗം ഒരിക്കല്‍പോലും ഒന്ന് ചോദിക്കാന്‍ ചെയര്‍മാന്‍ തയ്യാറായില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.
കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെച്ച ശേഷമായിരുന്നു, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നേരിട്ടെന്നുള്ള കാര്യം പച്ചക്കള്ളമാണെന്നാണ് അടൂര്‍ പറഞ്ഞിരുന്നത്. ഡയറക്ടര്‍ ശങ്കര്‍ മോഹനേയും അടൂര്‍ ന്യായീകരിച്ചിരുന്നു.
‘കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വളര്‍ച്ചക്കായി ഞാന്‍ ആത്മാര്‍ത്ഥമായി മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചു. ഡയറക്ടറായിരുന്ന ശങ്കര്‍ മോഹനും തന്നോടൊപ്പം ഈ വിഷയത്തില്‍ അഹോരാത്രം പണിയെടുത്തു. സിനിമ മേഖലയില്‍ വലിയ മുന്‍പരിചയമുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
അപ്പോഴൊന്നും എന്തെങ്കിലും പരാതി അദ്ദേഹത്തെക്കുറിച്ച് ഉണ്ടായിട്ടില്ല. നാല് പതിറ്റാണ്ട് കാലം അദ്ദേഹം സര്‍ക്കാര്‍ സേവനം നടത്തി. ചലചിത്ര മേഖലയില്‍ ശങ്കര്‍ മോഹനോളം അറിവും പരിചയവുമുള്ള മറ്റൊരു വ്യക്തി ഇന്ത്യയിലില്ല.
അങ്ങനെയുള്ള ഒരാളെയാണ് ക്ഷണിച്ചുവരുത്തി അടിസ്ഥാന രഹിതമായ ആരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളും ഉന്നയിച്ച് അപമാനിച്ച് പടിയിറക്കിയത്,’ അടൂര്‍ പറഞ്ഞു.
Content Highlight: K.R. Narayanan Institute. Workers against Adoor Gopalakrishnan’s claim that there are no scheduled caste cleaners