| Saturday, 24th October 2020, 12:51 pm

'സുനിതയോട് മാപ്പ് ചോദിക്കേണ്ടത് യാസിര്‍ മാത്രമല്ല, തൃത്താല എം.എല്‍.എ കൂടിയാണ്, ക്ഷമാപണം പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്; കെ.ആര്‍ മീര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലീഗ് പ്രവര്‍ത്തകന്‍ യാസിര്‍ എടപ്പാളിന്റെ അശ്ലീല ഫേസ്ബുക്ക് കമന്റുകള്‍ ചാനല്‍ ചര്‍ച്ചയില്‍ വായിച്ചതിനെത്തുടര്‍ന്ന് പ്രേക്ഷകരോട് എഷ്യാനെറ്റ് ന്യൂസ് വാര്‍ത്താവതാരകന്‍ വിനു വി ജോണ്‍ മാപ്പ് പറഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി കെ.ആര്‍ മീര.

സ്വതന്ത്ര പത്രപ്രവര്‍ത്തകയായ സുനിത ദേവദാസിന് എതിരെയുള്ള യാസിറിന്റെ അശ്ലീല പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ സി.പി.ഐ.എം പ്രതിനിധി വായിച്ചിരുന്നു.

എന്നാല്‍ കേട്ടാലറയ്ക്കുന്ന അശ്ലീല വാക്കുകള്‍ ചര്‍ച്ചയില്‍ ഉപയോഗിച്ചതിനു പ്രേക്ഷകരോട് മാപ്പ് പറഞ്ഞ് അവതാരകന്‍ രംഗത്തെത്തിയിരുന്നു. ഈ മാപ്പപേക്ഷയെ ചോദ്യം ചെയ്ത് സുനിത പുറത്തുവിട്ട മറ്റൊരു വീഡിയോ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.

ഈ വിവാദങ്ങളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ടെന്ന് സുനിത പോസ്റ്റ് ചെയ്ത വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് കെ.ആര്‍ മീര പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മീരയുടെ പ്രതികരണം.

‘തെറി വിളിച്ചത് യാസിര്‍ എടപ്പാളാണ്. തെറി കേട്ടത് സുനിത. പക്ഷേ, ചാനലിനെ വേദനിപ്പിച്ചതു യാസിര്‍ എടപ്പാള്‍ അല്ല.

അവതാരകന്‍ പ്രേക്ഷകരോടു ക്ഷമ ചോദിച്ചതു യാസിര്‍ എടപ്പാളിനെ വിളിച്ചിരുത്തിയതിനല്ല. തെറി എഴുതിയതിന് യാസിര്‍ എടപ്പാളോ യാസിര്‍ എടപ്പാളിനെ ഗവണ്‍മെന്റ് പീഡിപ്പിക്കുന്നു എന്നു പരാതിപ്പെടുന്ന ബന്ധുമിത്രാദികളോ യാസിര്‍ എടപ്പാളിനു വേണ്ടി വാദിക്കാന്‍ ചാനലിലെത്തിയ ആരെങ്കിലുമോ യാസിര്‍ എടപ്പാള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാക്കളോ ഇതുവരെ സുനിതയോടു മാപ്പു പറഞ്ഞിട്ടില്ല. അതിന് യാതൊരു സാധ്യതയുമില്ല – മീര ഫേസ്ബുക്കിലെഴുതി.

അതേസമയം തന്നെ അനുകൂലിച്ച് പോസ്റ്റിട്ടതിന്റെ പേരിലാണ് സുനിത ദേവദാസിന് അശ്ലീലം കേള്‍ക്കേണ്ടി വന്നതെന്ന് മീര പറഞ്ഞു. തനിക്കെതിരെ സൈബര്‍ അബ്യൂസ് നടത്താന്‍ തൃത്താല എം.എല്‍.എ. അണികളോട് ആഹ്വാനം ചെയ്തപ്പോള്‍ സുനിത തന്നെ അനുകൂലിച്ച് ഒരു പോസ്റ്റ് എഴുതുകയുണ്ടായി. അതിന് താഴെയാണ് യാസിര്‍ അറപ്പുളവാക്കുന്ന അശ്ലീലം എഴുതിയത്.

അതിനാല്‍ സുനിതയോട് മാപ്പ് ചോദിക്കേണ്ടത് യാസിര്‍ മാത്രമല്ല. തൃത്താല എം.എല്‍.എ കൂടിയാണ്. പക്ഷെ ക്ഷമാപണം പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്- മീര പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മന്ത്രി കെ.ടി ജലീലിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് യാസിര്‍ രംഗത്തെത്തിയത്. മന്ത്രി തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത് വീട്ടില്‍ റെയ്ഡ് നടത്തിച്ചെന്നും വ്യക്തികളെ ഇല്ലായ്മ ചെയ്യാന്‍ മന്ത്രി കള്ളക്കടത്തുകാരെയും കൊള്ളക്കാരെയും കൂട്ടുപിടിച്ചുവെന്നും യാസിര്‍ ആരോപിച്ചിരുന്നു.

മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മലയാളിയെ നാടുകടത്തി കേരളത്തിലെത്തിക്കാന്‍ കെ.ടി ജലീല്‍ കോണ്‍സുലേറ്റില്‍ സമ്മര്‍ദം ചെലുത്തിയെന്ന സ്വപ്നയുടെ മൊഴിക്ക് പിന്നാലെയായിരുന്നു യാസിറിന്റെ ആരോപണം.

കെ.ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ എന്നു സ്വയം അവകാശപ്പെടുന്ന യാസിര്‍ എടപ്പാള്‍ ആണു രണ്ടു ദിവസമായി വാര്‍ത്തകളില്‍.
ഒരു ‘ചെറിയ’ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പേരില്‍ മന്ത്രി കെ.ടി. ജലീലിന്റെ പീഡനം ഏറ്റുവാങ്ങുന്ന ഒരുവനായി പ്രമുഖ പത്രങ്ങളെല്ലാം ഒന്നാം പേജിലും പ്രമുഖ ചാനലുകളെല്ലാം പ്രൈം ടൈം ചര്‍ച്ചകളിലും യാസിര്‍ എടപ്പാളിനെ അവതരിപ്പിക്കുകയുണ്ടായി.

ഗവണ്‍മെന്റിനെ ആക്രമിക്കാന്‍ കിട്ടിയ അവസരമായതിനാല്‍ യാസിര്‍ എടപ്പാളിനെ പത്രങ്ങളും ചാനലുകളും കോണ്‍ഗ്രസും ബി.ജെ.പിയും ഒക്കെ ഏറ്റെടുത്തു. അവരെ പ്രതിരോധിക്കാന്‍ സി.പി.എം. പ്രതിനിധികള്‍ ഉപയോഗിച്ചത് യാസിര്‍ എടപ്പാളിന്റെ ഫെയ്‌സ് ബുക് പോസ്റ്റുകളും കമന്റുകളും വിഡിയോകളും ആണ്. കേട്ടാലറയ്ക്കുന്ന അശ്ലീലമായിരുന്നു എല്ലാം. സ്വതന്ത്ര പത്രപ്രവര്‍ത്തകയായ സുനിത ദേവദാസിന് എതിരേയുള്ള അറപ്പ് ഉളവാക്കുന്ന ഫെയ്‌സ് ബുക് കമന്റുകള്‍ മിക്ക ചാനലുകളിലും അവര്‍ ഉപയോഗിച്ചു.

ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എം. പ്രതിനിധി അതില്‍ ഒരു വരിയേ വായിച്ചുള്ളൂ. പക്ഷേ, വാര്‍ത്താവതാരകന് അത് ആഘാതമായി. അശ്ലീലം നിറഞ്ഞ കമന്റുകള്‍ വായിക്കാന്‍ തയ്യാറായ സി.പി.എം. പ്രതിനിധിയുടെ മാന്യതയില്ലായ്മയാണ് അതെഴുതിയ യാസിര്‍ എടപ്പാളിന്റെ സാന്നിധ്യത്തേക്കാള്‍ അവതാരകനെ അലട്ടിയത്. അതുകൊണ്ട്, അദ്ദേഹം പിറ്റേന്ന് അതു സംബന്ധിച്ചു പ്രേക്ഷകരോടു മാപ്പു ചോദിച്ചു. ഈ മാപ്പപേക്ഷയുടെ കാപട്യം വെളിപ്പെടുത്തുന്ന ഒരു വിഡിയോ സുനിത ദേവദാസ് പോസ്റ്റ് ചെയ്തു. വളരെ പ്രസക്തമായ ചോദ്യങ്ങളാണു സുനിത ഈ വിഡിയോയില്‍ വാര്‍ത്താ അവതാരകന്‍ വിനു വി ജോണിനോടു ചോദിച്ചത്.

”ഏതോ ഒരു സ്ത്രീയെ ആരോ എഴുതിയ തെറിയൊന്നു വായിച്ചു കേട്ടപ്പോള്‍ കേരളം മുഴുവന്‍ ഞെട്ടിത്തെറിച്ചത്രേ. വേദനിച്ചത്രേ. അമ്പരന്നു പോയത്രേ. സംസ്‌കാരം തകര്‍ന്നടിഞ്ഞു പോയത്രേ. കേരളത്തില്‍ ഇതു കേട്ട കുട്ടികള്‍ മുഴുവന്‍ വഴിതെറ്റിപ്പോയത്രേ. കുടുംബങ്ങളുടെ പവിത്രത ഇതു കേട്ടു നഷ്ടപ്പെട്ടത്രേ. നിങ്ങളോര്‍ത്തു നോക്കൂ. ആരോ ആരെയോ വിളിച്ച തെറി കേട്ടിട്ടാണ് നിങ്ങള്‍ക്ക് ഇത്രയും വികാരങ്ങള്‍ ഒന്നിച്ചു വന്നത്, അല്ലേ? അപ്പോള്‍ ആ തെറി കേട്ട സ്ത്രീയുടെ വേദന എത്ര വലുതായിരിക്കും? ആ ട്രോമ എത്ര വലുതായിരിക്കും? എന്നിട്ടും നിങ്ങളും ഏഷ്യാനെറ്റും ആ തെറി വിളിയുടെ ഒപ്പമാണു നിന്നത്. ആ ആഭാസനു വേണ്ടിയാണു നിങ്ങള്‍ മാപ്പു പറഞ്ഞതും അയാളെ സംരക്ഷിക്കാന്‍ നോക്കിയതും. കേരളത്തില്‍ സൈബര്‍ ആക്രമണത്തിനു നിരന്തരം വിധേയരായിക്കൊണ്ടിരിക്കുന്ന എത്രയോ സ്ത്രീകള്‍ ഇതൊക്കെ സ്വയം അനുഭവിച്ച്, സഹിച്ച് മിണ്ടാതിരിക്കണമെന്നാണോ നിങ്ങള്‍ ഇതിലൂടെ തരുന്ന സന്ദേശം? എന്നിട്ടു വേട്ടക്കാര്‍ മുഴുവന്‍ പകല്‍ മാന്യന്‍മാരായി വിലസണം അല്ലേ? അവര്‍ക്കു ചാനലുകളില്‍ ഇരിപ്പിടം, മികച്ച പേര്, പ്രശസ്തി… യാസിര്‍ എടപ്പാള്‍ പച്ചത്തെറി വിളിച്ച സ്ത്രീ ഞാനാണ്.”

ഈ സംഭവത്തില്‍ ശ്രദ്ധേയമായ ചില സംഗതികളുണ്ട് :

തെറി വിളിച്ചതു യാസിര്‍ എടപ്പാള്‍.
തെറി കേട്ടതു സുനിത.

പക്ഷേ, ചാനലിനെ വേദനിപ്പിച്ചതു യാസിര്‍ എടപ്പാള്‍ അല്ല.

അവതാരകന്‍ പ്രേക്ഷകരോടു ക്ഷമ ചോദിച്ചതു യാസിര്‍ എടപ്പാളിനെ വിളിച്ചിരുത്തിയതിനല്ല.
തെറി എഴുതിയതിന് യാസിര്‍ എടപ്പാളോ യാസിര്‍ എടപ്പാളിനെ ഗവണ്‍മെന്റ് പീഡിപ്പിക്കുന്നു എന്നു പരാതിപ്പെടുന്ന ബന്ധുമിത്രാദികളോ യാസിര്‍ എടപ്പാളിനു വേണ്ടി വാദിക്കാന്‍ ചാനലിലെത്തിയ ആരെങ്കിലുമോ യാസിര്‍ എടപ്പാള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാക്കളോ ഇതുവരെ സുനിതയോടു മാപ്പു പറഞ്ഞിട്ടില്ല.

അതിനു സാധ്യതയും ഇല്ല.
കാരണം, ഒരു സ്ത്രീയെ അതും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടു വച്ചു പുലര്‍ത്തുന്ന ഒരുവളെ തെറി വിളിക്കുന്നതിനെ അതിക്രമമായി അംഗീകരിക്കാനോ യാസിര്‍ എടപ്പാളിനെ തിരുത്താനോ ഈ നാട്ടില്‍ ആരെങ്കിലും തയ്യാറാകുമെന്നു പ്രതീക്ഷിക്കാന്‍ വയ്യ. സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണക്കാണ്.

ഇനി ഈ സംഭവവും ഞാനുമായി എന്താണു ബന്ധം?

സുനിതയ്ക്ക് അശ്ലീലം കേള്‍ക്കേണ്ടി വന്നത് എന്നെ അനുകൂലിച്ച് ഒരു പോസ്റ്റ് ഇട്ടതു കൊണ്ടാണ്. ഇന്നലെ സുനിതയുടെ മറ്റൊരു വിഡിയോയിലൂടെയാണ് ഈ വിവരം ഞാന്‍ അറിഞ്ഞതെങ്കിലും.
എനിക്കു നേരെ സൈബര്‍ അബ്യൂസ് അഴിച്ചു വിടാന്‍ തൃത്താല എം.എല്‍.എ. അണികളോട് ആഹ്വാനം ചെയ്തപ്പോള്‍ സുനിത എന്നെ അനുകൂലിച്ച് ഒരു പോസ്റ്റ് എഴുതുകയുണ്ടായി.
ആ പോസ്റ്റിനു താഴെയാണ് യാസിര്‍ എടപ്പാള്‍ സുനിതയെ കുറിച്ച് അറപ്പ് ഉളവാക്കുന്ന അശ്ലീലം എഴുതിയത്. ‘അക്ഷരം തെറ്റരുത്’ എന്ന് എം.എല്‍.എ. അണികളോട് ആഹ്വാനം ചെയ്തത് അതേപടി യാസിര്‍ എടപ്പാളിന്റെ കമന്റില്‍ വായിക്കാം.
അതായത്, സുനിതയോട് മാപ്പു ചോദിക്കേണ്ടതു യാസിര്‍ എടപ്പാള്‍ മാത്രമല്ല, തൃത്താല എം.എല്‍.എ. കൂടിയാണ്.
പക്ഷേ ക്ഷമാപണം പ്രതീക്ഷിക്കുന്നതു വിഡ്ഢിത്തമാണ്.
അതുകൊണ്ട്, സുനിതയോടു ഞാന്‍ ക്ഷമ ചോദിക്കുന്നു.
കൂടുതല്‍ കരുത്തും കൂടുതല്‍ സന്തോഷവും നേരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: K R Meera Supports Sunitha devadas

We use cookies to give you the best possible experience. Learn more