| Sunday, 25th October 2020, 10:35 am

'എന്നോട് കാണിച്ചോ ഫാക്ച്ച്വല്‍ കറക്ടനെസ്'; സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് നിയമന വിവാദത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് ഏഴ് ചോദ്യങ്ങളുമായി കെ.ആര്‍ മീര

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലീഗ് നേതാവ് യാസിര്‍ എടപ്പാളിന്റെ ഫേസ്ബുക്ക് പരാമര്‍ശം ചാനല്‍ ചര്‍ച്ചയില്‍ വായിച്ചതിനെ തുടര്‍ന്ന് വിനു വി. ജോണ്‍ മാപ്പ് പറഞ്ഞ വിവാദം ശക്തമാകുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസിനോട് ചോദ്യങ്ങളുമായി എഴുത്തുകാരി കെ.ആര്‍ മീര.

സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് നിയമനത്തില്‍ കെ.ആര്‍ മീരക്കെതിരെ ഏഷ്യാനെറ്റ് നല്‍കിയ വാര്‍ത്തയിലെ പിഴവുകള്‍ എണ്ണിയെണ്ണിപറഞ്ഞാണ് കെ.ആര്‍ മീര ഫേസ്ബുക്കില്‍ രംഗത്തെത്തിയത്.

”ഏതായാലും, മാധ്യമപ്രവര്‍ത്തകര്‍ക്കു ഫാക്ച്വല്‍ കറക്ട്‌നെസ് എത്ര പ്രധാനമാണ് എന്ന് ഓര്‍മ്മിപ്പിച്ച സ്ഥിതിക്ക് ഏഷ്യാനെറ്റ് ന്യൂസില്‍നിന്ന് രണ്ടു മാസം മുമ്പുണ്ടായ ഒരു അനുഭവം ഞാനും പങ്കുവെക്കുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനാലിന് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുണ്ടായിരുന്നു. വിനുവിന് ഓര്‍മ്മയുണ്ടോ എന്ന് അറിയില്ല.

മന്ത്രി കെ.ടി ജലീലിനെ അടിക്കാന്‍ യാസിര്‍ എടപ്പാളിനെ കൊണ്ടുവന്നതു പോലെ, ഗവണ്‍മെന്റിനെ പ്രതിക്കൂട്ടിലാക്കാന്‍ എനിക്ക് എതിരെ ഒരു വ്യാജ വാര്‍ത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചു.

”ചട്ടങ്ങള്‍ മറികടന്ന് കെ. ആര്‍ മീരയ്ക്ക് എം.ജി. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിയമനം” എന്നു ഫ്‌ളാഷ് ന്യൂസും ബ്രേക്കിങ് ന്യൂസും ഒക്കെ ഉണ്ടായിരുന്നു”. കെ.ആര്‍ മീര പറഞ്ഞു. ഈ വാര്‍ത്തയുടെ വസ്തുതാപരമായ വിവരങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ട് എന്ന് പറഞ്ഞായിരുന്നു കെ.ആര്‍ മീര ചോദ്യങ്ങള്‍ ഉന്നയിച്ചത്.

ഏഷ്യാനെറ്റിനോടുള്ള മീരയുടെ ചോദ്യങ്ങള്‍ ഇവയായിരുന്നു.

1. നിയമനം എന്ന വാക്ക് ഏഷ്യാനെറ്റ് ന്യൂസ് ഉപയോഗിച്ചതു ഫാക്ച്വലി കറക്ട് ആയിരുന്നോ?

2. മ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്ത ഒരു ബോര്‍ഡിലേക്കുള്ള നാമനിര്‍ദ്ദേശത്തെ ഏഷ്യാനെറ്റ് ന്യൂസ് നിയമനം എന്നു വിളിച്ചതു ഫാക്ച്വലി കറക്ട് ആയിരുന്നോ?

3. നാമനിര്‍ദ്ദേശം ചട്ടങ്ങള്‍ മറികടന്നാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതു ഫാക്ച്വലി കറക്ട് ആയിരുന്നോ?

4. നിങ്ങള്‍ അന്നു മുഴുവന്‍ സ്‌ക്രീനില്‍ എഴുതിക്കാണിച്ചതുപോലെ വിദഗ്ധസമിതി നല്‍കിയ പേരുകള്‍ വെട്ടിയിട്ട് എന്റെ പേരു തിരുകിക്കയറ്റി എന്ന ആരോപണം ഫാക്ച്വലി കറക്ട് ആയിരുന്നോ?

5. വിദഗ്ധ സമിതി ഉണ്ടായിരുന്നുഎന്ന ധ്വനി ഫാക്ച്വലി കറക്ട് ആയിരുന്നോ?

6. അന്ന് അര്‍ദ്ധരാത്രി വരെ ഏഷ്യാനെറ്റ് ന്യൂസ് ആ വാര്‍ത്ത തുടര്‍ച്ചയായി കാണിച്ചു കൊണ്ടിരുന്നതു വിലകുറഞ്ഞ രാഷ്ട്രീയ പക പോക്കലും എന്നെ അപകീര്‍ത്തിപ്പെടുത്തലും ലക്ഷ്യമിട്ടായിരുന്നില്ലേ?

7. അല്ലായിരുന്നെങ്കില്‍, അതു നിയമനം അല്ലെന്നും ചട്ടങ്ങള്‍ അനുസരിച്ചുള്ള നാമനിര്‍ദ്ദേശമാണെന്നും വൈസ് ചാന്‍സലര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതു പിറ്റേന്ന് ആദ്യത്തെ വാര്‍ത്ത കൊടുത്ത അതേ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു ഫാക്ച്വല്‍ കറക്ട്‌നെസിനോടുള്ള ചാനലിന്റെയും വിനുവിന്റെയും പ്രതിബദ്ധത വെളിപ്പെടുത്തേണ്ടതായിരുന്നില്ലേ? കെ.ആര്‍ മീര ചോദിച്ചു.

യാസിര്‍ എടപ്പാളിനു വേണ്ടിയായിരുന്നില്ലേ വിനുവും ചാനല്‍ ചര്‍ച്ചയില്‍ വാദിച്ചു കൊണ്ടിരുന്നത്? യാസിര്‍ എടപ്പാള്‍ നിരന്തരം എഴുതി പ്രചരിപ്പിക്കുന്ന അശ്ലീല പോസ്റ്റുകളെ കുറിച്ചും അവയിലെ പദപ്രയോഗങ്ങളെ കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചും അറിയാതെയാണോ വിനു ആ ചര്‍ച്ച നടത്തിയത്? ഒരാള്‍ക്കു വേണ്ടി ചര്‍ച്ച നടത്തുമ്പോള്‍ അയാളെ കുറിച്ചു മിനിമം ധാരണ പോലുമില്ലെങ്കില്‍, അതെന്തു തരം ജേണലിസമാണ്? എന്ന ചോദ്യങ്ങളും മീര ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K R Meera’s seven question to Asianet, MG Radhakrishnan and Vinu V John

We use cookies to give you the best possible experience. Learn more