| Monday, 28th October 2019, 8:00 am

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, മാങ്ങ തിന്നു വിശപ്പടക്കിയിട്ട്, ഒരൊമ്പതു വയസ്സുകാരി കഴുക്കോലില്‍ തൂങ്ങി മരിച്ചു എന്നു വിശ്വസിക്കുന്നുണ്ടോ?

കെ.ആര്‍ മീര

പതിനൊന്നും ഒമ്പതും വയസ്സുള്ള സഹോദരിമാര്‍. പട്ടികജാതി കുടുംബത്തില്‍പ്പെട്ട ദിവസക്കൂലി തൊഴിലാളികളുടെ കുട്ടികള്‍. അമ്പത്തിരണ്ടു ദിവസങ്ങളുടെ വ്യത്യാസത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തപ്പെട്ടവര്‍. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പ്രകാരം ലൈംഗിക അതിക്രമത്തിനു പല തവണ വിധേയരായവര്‍. അവര്‍ മരിച്ചിട്ടു രണ്ടു കൊല്ലം കഴിഞ്ഞിരിക്കുന്നു.

കേസ് പരിഗണിച്ച പോക്‌സോ കോടതി തെളിവില്ലാത്തതിനാല്‍ പ്രതികളെ വിട്ടയച്ചു വിധി പ്രസ്താവിച്ചു കഴിഞ്ഞിരിക്കുന്നു. പ്രതികളെ ശിക്ഷിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. എന്തു കൊണ്ട്? കൃത്യമായ സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളും ലഭിക്കാത്തതുകൊണ്ട് എന്നു പോലീസ് പറയുന്നു.

പോലീസിനു മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി പ്രതിഭാഗം അഭിഭാഷകന്‍ സഹതപിക്കുന്നു. ഇതൊക്കെ ഉത്തര്‍പ്രദേശിലെ ബദാവുനിലോ കശ്മീരിലെ കത്വയിലോ ആണെന്നു കരുതരുത്. വാളയാറിലാണ്, സ്ത്രീ സുരക്ഷ മുന്‍ഗണനയായി പ്രഖ്യാപിച്ച് ഇടതുപക്ഷം അധികാരമേറ്റ കേരളത്തിലെ വാളയാറില്‍.

ഒമ്പതു വയസ്സുകാരിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: ”പല തവണ മലദ്വാരത്തിലൂടെയുള്ള പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിനു കുട്ടി വിധേയയാക്കപ്പെട്ടതായി സൂചിപ്പിക്കുന്ന തെളിവുകള്‍ ഉണ്ട്.

കുട്ടിയുടെ പ്രായവും (ഒമ്പതു വയസ്സ് ) ഉപ്പുറ്റി മുതല്‍ വലതു കൈ മുകളിലേക്കു നിവര്‍ത്തുമ്പോള്‍ നടുവിരല്‍ വരെയുള്ള നീളവും ( 151 സെമീ ) കണക്കിലെടുക്കുമ്പോള്‍ കൊലപാതകത്തിനുള്ള സാധ്യത, കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ അളവുകളും അന്വേഷണവും വഴി വിലയിരുത്തേണ്ടതാണ്”.

അവളുടെ ചേച്ചിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് 2017 ജനുവരി 13നാണ്. കുട്ടിയുടെ ശരീരത്തില്‍ പല തവണ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നു പോസ്റ്റ് മോര്‍ട്ടം നിര്‍വഹിച്ച സര്‍ജന്‍ കണ്ടെത്തി പൊലീസിനെ ധരിച്ചിപ്പു.

ഒരു ബന്ധു കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതു കണ്ടിട്ടുണ്ടെന്നു കുട്ടിയുടെ മാതാവ് മൊഴി നല്‍കി. എന്നിട്ടും കുട്ടി മനോവിഷമം മൂലം കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.ഐ. പി.സി. ചാക്കോ റിപ്പോര്‍ട്ട് എഴുതി.

മൂത്ത കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ ആദ്യം കണ്ടത് രണ്ടാമത്തെ കുട്ടിയായിരുന്നു. അന്നു വീട്ടില്‍നിന്ന് മുഖം മറച്ച രണ്ടു പേര്‍ ഇറങ്ങിപ്പോകുന്നതു കണ്ടതായി കുട്ടി പറഞ്ഞിരുന്നു. 2017 മാര്‍ച്ച് നാലിന് അതേ മുറിയില്‍ രണ്ടാമത്തെ കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തി.

രണ്ടു കുട്ടികളുടെയും തൂക്കം 20 കിലോയില്‍ താഴെയായിരുന്നു.  ജനരോഷം ഉയര്‍ന്നു. കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. എസ്. ഐ. പി. സി. ചാക്കോയെ സസ്‌പെന്‍ഡ് ചെയ്തു. പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം.ജെ. സോജന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയമിച്ചു. ഒരാഴ്ചയ്ക്കകം എല്ലാ പ്രതികളും അറസ്റ്റിലായി.

പക്ഷേ, കുറ്റപത്രം രണ്ടു വര്‍ഷത്തോളം വൈകി. പോക്‌സോ കോടതിയില്‍ വിചാരണ തുടങ്ങിയപ്പോഴോ, മൂന്നാം പ്രതിയായ പ്രദീപ് കുമാറിനു വേണ്ടി പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍. രാജേഷ് ഹാജരായി.

കുട്ടികളുടെ ക്ഷേമത്തിനുവേണ്ടിയുള്ള ഒരു സമിതിയുടെ തലപ്പത്തിരുന്നു കൊണ്ട് പോക്‌സോ കേസ് പ്രതിക്കു വേണ്ടി ഹാജരാകുന്നതിലെ അധാര്‍മികതയും ഹൃദയശൂന്യതയും അഭിഭാഷകനായ എന്‍.രാജേഷിനെ അലട്ടിയില്ല. ശിശുക്ഷേമത്തിന്റെ സാമൂഹിക വിവക്ഷകള്‍ സംബന്ധിച്ച് തരിമ്പുപോലും ധാരണയില്ലാത്ത ഒരാളെ ആ സമിതിയുടെ തലപ്പത്ത് ഇരുത്താന്‍ ഇടതുപക്ഷ ഗവണ്‍മെന്റിനും മടിയുണ്ടായില്ല.

കോടതിയില്‍ പ്രതിക്കു വേണ്ടി ഹാജരായി എന്ന ആരോപണം എന്‍. രാജേഷ് നിഷേധിച്ചു. രാജേഷിന്റെ ജൂനിയര്‍ ആണ് കേസ് ഏറ്റതെന്നും രാജേഷ് ഹാജരായെന്നും തെളിയിക്കുന്ന രേഖകള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ സമര്‍പ്പിച്ചു. എന്‍. രാജേഷിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മാറ്റുന്നതായി അറിയിപ്പു വന്നു. മാറ്റുകയും ചെയ്തു. എന്‍. രാജേഷിനെയല്ല, രാജേഷിന് എതിരെ തെളിവു നല്‍കിയ ജലജ മാധവനെ. രാജേഷ് ചെയര്‍മാന്‍ ആയി തുടര്‍ന്നു.

ഇതേ കാലത്ത്, നിര്‍ഭയ ഹോമില്‍ വാളയാറില്‍ നിന്നെത്തിയ രണ്ടു കുട്ടികളില്‍ ഒരാള്‍ പെട്ടെന്ന് അപ്രത്യക്ഷമായതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ആ കുട്ടിക്ക് മരിച്ച കുട്ടികളെ അറിയാമായിരുന്നു. പെട്ടെന്ന് ഒരു ദിവസം അവള്‍ ഹോമില്‍നിന്ന് തിരികെ വിളിക്കപ്പെട്ടു. അവളുടേതായി ഹോമില്‍ നല്‍കിയിരുന്ന വിലാസത്തില്‍ അവളെ കണ്ടെത്താന്‍ പിന്നീട് സാധിച്ചിട്ടില്ല.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി ലത ജയരാജ് നിയമിതയായി. പൊലീസും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായി. പൊലീസ് തെളിവുകള്‍ കണ്ടെത്തിയില്ല എന്നു പ്രോസിക്യൂട്ടര്‍ പരാതിപ്പെട്ടു. പൊലീസ് കണ്ടെത്തിയ കാര്യങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കുന്നതില്‍ പ്രോസിക്യൂട്ടര്‍ പരാജയപ്പെട്ടു എന്നു പൊലീസ് പരാതിപ്പെട്ടു.

ചുരുക്കം ഇത്രയേയുള്ളൂ രണ്ടു കുട്ടികള്‍ ഇല്ലാതായി. അവരുടെ മരണത്തിന് ഉത്തരവാദികള്‍ ഇല്ല. അവര്‍ അനുഭവിച്ച ലൈംഗിക അതിക്രമത്തിനും ഉത്തരവാദികള്‍ ഇല്ല. പതിനൊന്നും ഒമ്പതും പ്രായമുള്ള രണ്ടു പിഞ്ചു ശരീരങ്ങള്‍ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന്റെ യാതനകള്‍ക്ക് ഉത്തരവാദികള്‍ ഇല്ല. ആ അനുഭവങ്ങള്‍ അവരുടെ കുഞ്ഞുമനസ്സുകളില്‍ നിറച്ചിരിക്കാവുന്ന അപകര്‍ഷതാ ബോധത്തിന്റെയും അപമാനത്തിന്റെയും നിസ്സഹായതയുടെയും വലിയ ഭാരങ്ങള്‍ക്കും ഉത്തരവാദികള്‍ ഇല്ല.

പൊലീസ് അറസ്റ്റ് ചെയ്ത മുഴുവന്‍ പ്രതികളും കോടതിയില്‍നിന്ന് ഉല്ലാസത്തോടെ ഇറങ്ങിപ്പോകുമ്പോള്‍ ഇടതുപക്ഷ ഗവണ്‍മെന്റ് ലജ്ജിച്ചു ചൂളേണ്ടതാണ്. ഒരു പരിഷ്‌കൃത രാജ്യം ആയിരുന്നെങ്കില്‍ അന്വേഷണത്തിനു നേതൃത്വം കൊടുത്തവരും അവരെ നയിക്കുന്നവരുമായ ഉന്നത ഉദ്യോഗസ്ഥര്‍ രാജിവയ്ക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്‌തേനെ. ഇന്ത്യയിലും കേരളത്തിലും ലൈംഗികാതിക്രമ കേസുകള്‍ ഒരു ഭൂഷണമാണ്. ജനപ്രതിനിധികളാണെങ്കില്‍, പ്രത്യേകിച്ചും.

ലൈംഗികാതിക്രമം ഗൗരവതരമായ കുറ്റകൃത്യമാണെന്ന ബോധ്യമുള്ളവര്‍ പൊലീസ് സേനയിലും കുറവാണ്. കുട്ടികളുടെ അവകാശങ്ങളും അവരോടുള്ള കടമകളും സംബന്ധിച്ച ബോധ്യവും അങ്ങനെ തന്നെ. പതിനൊന്നു വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടിക്കുമേലുള്ള പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തെ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായി വിശേഷിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസില്‍ ഉള്ളത് അതുകൊണ്ടാണ്.

സൂര്യനെല്ലി കേസു മുതല്‍ ഇന്നോളമുള്ള പെണ്‍വാണിഭക്കേസുകളും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളും പരിശോധിക്കുക. യഥാര്‍ഥ പ്രതികള്‍ പിടിക്കപ്പെട്ട കേസുകള്‍ എത്രയോ ചുരുക്കം. പിടിക്കപ്പെട്ട പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് അതിലും എത്രയോ ചുരുക്കം. കേസുകള്‍ ദുര്‍ബലമാക്കപ്പെടുന്നതിന്റെയും പ്രതികളെ രക്ഷപ്പെടുത്താന്‍ പഴുതുകള്‍ ഒരുക്കുന്നതിന്റെയും പാഠപുസ്തകമാണ് ഓരോ കേസും.

കോടതി നടപടികളുടെ കാലതാമസം കൂടിയാകുമ്പോള്‍ എല്ലാം പൂര്‍ണ്ണം. അതിക്രമിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ ഭരണകൂടം കവര്‍ന്നെടുക്കുന്നു. പ്രതിക്ക് നീതി ഉറപ്പാക്കുകയും ചെയ്യുന്നു. സാമൂഹിക പ്രതിബദ്ധതയോ അതിജീവിച്ചവരോടുള്ള കനിവോ അശേഷമില്ലാത്ത അന്വേഷണത്തിന്റെയും വിചാരണയുടെയും പരിണിതഫലമായി അതിക്രമങ്ങള്‍ തടയുന്ന നിയമങ്ങള്‍ നിഷ്പ്രയോജനമാകുന്നു. നിലവില്‍, ലൈംഗികാതിക്രമ കേസുകള്‍ കൊണ്ട് രണ്ടു കൂട്ടര്‍ക്കേ ഗുണമുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥരിലെ അഴിമതിക്കാര്‍ക്ക്. പിന്നെ പ്രതിഭാഗം അഭിഭാഷകര്‍ക്ക്.

അതിന്റെ ഫലമോ? അതറിയാന്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ പെണ്‍വാണിഭ കേസുകളിലെ പ്രതികളുടെ പട്ടിക പരിശോധിച്ചാല്‍ മതി. മിക്കവാറും പട്ടികകളില്‍ ഒരേ പേരുകള്‍ ആവര്‍ത്തിക്കുന്നതു കാണാം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സീരിയല്‍ റേപ്പിസ്റ്റുകള്‍ എന്നു വിളിക്കപ്പെടുന്ന സ്ഥിരം ലൈംഗികാതിക്രമികള്‍ ലോകമെങ്ങുമുണ്ട്. ഒരേ കുറ്റം ആവര്‍ത്തിക്കാന്‍ എങ്ങനെ ധൈര്യം കിട്ടുന്നു എന്ന ചോദ്യത്തിന് അവരെല്ലാവരും നല്‍കുന്ന ഉത്തരം ഒന്നുതന്നെയാണ്, ആദ്യത്തെ തവണ പിടിക്കപ്പെടാതിരുന്നതില്‍ നിന്ന് അല്ലെങ്കില്‍ ആദ്യത്തെ തവണ ശിക്ഷയില്‍നിന്നു രക്ഷപ്പെട്ടതു കൊണ്ട്.

മിക്കവാറും അതിക്രമികള്‍ കുട്ടിക്കാലത്ത് ക്രൂരമായ അതിക്രമങ്ങള്‍ക്കു വിധേയരായവരാണ് എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍ ലൈംഗികാതിക്രമ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്.

വാളയാര്‍ കേസ് കുറച്ചു കൂടി ഗൗരവമുള്ളതാണ്. അതിന്റെ രാഷ്ട്രീയം ജാതീയവും സാമ്പത്തികവും കൂടിയാകുന്നു. മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടികളുടെ അച്ഛനമ്മമാര്‍ ദിവസക്കൂലി തൊഴിലാളികളാണ്.

തലമുറകളായി സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ അധികാര പദവികളില്‍നിന്നെല്ലാം അകറ്റിനിര്‍ത്തപ്പെട്ടവരും ചൂഷണം ചെയ്യപ്പെട്ടവരുമായ ജനങ്ങളില്‍പ്പെട്ടവരാണ് അവര്‍. അച്ഛനും അമ്മയും പണിക്കു പോയാല്‍ മാത്രം അടുപ്പില്‍ തീ പുകയുന്ന കുടുംബമാണ് അവരുടേത്. കുട്ടികളെ പരിചരിച്ചു വീട്ടിലിരിക്കാനുള്ള ആര്‍ഭാടം അവരുടെ അമ്മയ്ക്കില്ല.

ആ ഒമ്പതു വയസ്സുകാരിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവളുടെ ആമാശയത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞ ഭക്ഷണപദാര്‍ഥം മാങ്ങയുടെ അംശങ്ങളാണ് എന്നു പറയുന്നുണ്ട്. മറ്റു ഭക്ഷണപദാര്‍ഥങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കൊഴുത്ത മഞ്ഞ ദ്രവരൂപത്തില്‍ ആയിരുന്നു എന്നും. അതിന്റെ അര്‍ത്ഥം അവള്‍ കാര്യമായ ഭക്ഷണം കഴിച്ചിട്ടു മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു എന്നാണ്. അവസാനം കഴിച്ച മാങ്ങ ദഹിക്കുന്നതിനു മുമ്പേ അവളുടെ മരണം സംഭവിച്ചു എന്നും.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഒരു മാങ്ങ തിന്നു വിശപ്പടക്കിയിട്ട്, ഇരുപതു കിലോയില്‍ താഴെ തൂക്കമുള്ള ഒരൊമ്പതു വയസ്സുകാരി തന്റെ ഒറ്റമുറി വീട്ടിലെ ഉയരത്തിലുള്ള കഴുക്കോലില്‍ തൂങ്ങി മരിച്ചു എന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ?

ഇല്ലെങ്കില്‍ ഓര്‍ക്കുക, അവളുടെയും സഹോദരിയുടെയും മരണങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ പിടിക്കപ്പെടാത്തതിന്റെയോ ശിക്ഷിക്കപ്പെടാത്തതിന്റെയോ ആത്മവിശ്വാസത്തില്‍ കൂടുതല്‍ ഒമ്പതുകാരികളെയും പതിനൊന്നുകാരികളെയും ഉന്നംവച്ച് നമുക്കിടയില്‍ കറങ്ങി നടക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗ്രാഫിക്‌സ് കടപ്പാട്: മന്‍ജി

ഡെക്കാന്‍ ക്രോണിക്കിളില്‍ എഴുതിയ ലേഖനം..

കെ.ആര്‍ മീര

എഴുത്തുകാരി

We use cookies to give you the best possible experience. Learn more