| Wednesday, 2nd January 2019, 10:49 pm

യുവതികള്‍ പ്രവേശിച്ചത് സുപ്രീംകോടതി വിധി അനുസരിച്ച്; ഹര്‍ത്താല്‍ ഭരണഘടനയ്‌ക്കെതിരെ: കെ.ആര്‍ മീര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും ഭരണഘടന ഉറപ്പുവരുത്തുന്ന ആരാധനാസ്വാതന്ത്ര്യം ശബരിമലയിലും അനുവദിച്ച സുപ്രീംകോടതി വിധി അനുസരിക്കുക മാത്രമാണു യുവതികള്‍ ചെയ്തതെന്ന് എഴുത്തുകാരി കെ.ആര്‍ മീര. അതിനെതിരെ നടത്തുന്ന ഏതു ഹര്‍ത്താലും സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും എതിരേയുള്ളതാണെന്നും കെ.ആര്‍ മീര ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“ദരിദ്രരില്‍ ദരിദ്രരായവരുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെതിരേ നടത്തേണ്ടതാണു ഹര്‍ത്താല്‍ പോലെയുള്ള സമരങ്ങള്‍. പക്ഷേ, ഇന്നത്തെ ഹര്‍ത്താല്‍ ജനസംഖ്യയില്‍ പകുതിയുടെ പൗരാവകാശങ്ങള്‍ നിഷേധിക്കണം എന്ന ആവശ്യത്തിനു വേണ്ടിയാണ് എന്നതാണ് ശ്രദ്ധേയം” – മീര പറഞ്ഞു.

Read Also : സഹിക്കുന്നതിന് ഒരു അതിരില്ലേ, ഇതിനൊക്കെ ബി.ജെ.പിക്ക് തിരിച്ചടി ഉണ്ടാകും; ഹര്‍ത്താലിനെതിരെ സക്കറിയ

യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് സുപ്രീംകോടതി വിധി അനുസരിച്ചാണ്. കോടതി വിധിച്ചു, ആ വിധി നടപ്പാക്കപ്പെട്ടു. അതില്‍ വിശ്വാസത്തിന്റെയോ ആചാര ലംഘനത്തിന്റെയോ പ്രശ്‌നം ഉദിക്കുന്നില്ല. കാരണം എല്ലാക്കാലത്തും ശബരിമലയില്‍ യുവതികളായ സ്ത്രീകള്‍ പ്രവേശിച്ചിരുന്നു. അതിനുള്ള തെളിവുകള്‍ എത്ര വേണമെങ്കിലുമുണ്ടെന്നും മീര പറഞ്ഞു.

“യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചപ്പോള്‍ ആരാണു ജയിച്ചത് ആരാണു തോറ്റത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അര്‍ത്ഥശൂന്യമാണ്. ഇതു രണ്ടു പക്ഷങ്ങള്‍ തമ്മിലുള്ള മല്‍സരമായി കാണാനാണു നമുക്കു താല്‍പര്യമെങ്കില്‍ അതിനര്‍ത്ഥം നമ്മുടെ രാഷ്ട്രീയാവബോധത്തിനു മാത്രമല്ല, ജീവിതാവബോധത്തിനും കാര്യമായ തകരാറുണ്ട് എന്നാണ്” – മീര കൂട്ടിച്ചേര്‍ത്തു.

Read Also : സംഘപരിവാര്‍ ഹര്‍ത്താല്‍ സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവും: ബാലചന്ദ്രന്‍ ചുള്ളിക്കാട്

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ബി.ജെ.പി ആര്‍.എസ്.എസ് പിന്തുണയോടെയാണ് ഹര്‍ത്താല്‍.ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമങ്ങളാണ് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്. കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു. നിരവധി പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.

We use cookies to give you the best possible experience. Learn more