| Sunday, 25th October 2020, 9:38 am

'വിനു ഇല്ലാതാക്കിയത് ഏഷ്യാനെറ്റിന്റെ വിശ്വാസ്യത'; സ്വന്തം താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയല്ല പത്രവും ചാനലുമെന്ന് വിനു വി ജോണിനോട് കെ.ആര്‍ മീര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലീഗ് നേതാവിന്റെ അശ്ലീല ഫേസ്ബുക്ക് കമന്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിനു.വി ജോണിന് മറുപടിയുമായി കെ.ആര്‍ മീര.

ഒരാളുടെ വ്യക്തിപരമായ താല്‍പര്യങ്ങളും പക്ഷപാതവും പ്രകടിപ്പിക്കാനുള്ള വേദിയല്ല പത്രവും ചാനലും. ആ പരമമായ നിയമം വിനു നിരന്തരം ലംഘിക്കുന്നു. അതുവഴി വിനു ഇല്ലാതാക്കിയത് ചാനലിന്റെയും വിനുവിന്റെയും വിശ്വാസ്യതയാണ്. വിശ്വാസ്യതയില്ലെങ്കില്‍ പിന്നെ വാര്‍ത്തയുണ്ടോ? കെ.ആര്‍ മീര ചോദിച്ചു.

”ഏഷ്യാനെറ്റിന്റെ ഇന്നത്തെ ന്യൂസ് അവറില്‍ എന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ കുറിച്ചു വിനു പരാമര്‍ശിച്ചതായി അറിഞ്ഞു. ഞാന്‍ ചര്‍ച്ച കണ്ടിരുന്നില്ല. ഒരു കൂട്ടുകാരിയാണു പറഞ്ഞത്. അതുകൊണ്ടു യൂ ട്യൂബില്‍ ആ ചര്‍ച്ചയുടെ പ്രസക്ത ഭാഗം കണ്ടു.

സുനിത ദേവദാസിനെ കുറിച്ച്, കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലം എഴുതിയ യാസിര്‍ എടപ്പാളിനെ ന്യൂസ് അവറില്‍ ‘വിളിച്ചിരുത്തി’ എന്ന് ഇന്നലെ എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയതു വസ്തുതാപരമായി തെറ്റാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കു ഫാക്ച്വല്‍ കറക്ട്‌നെസ് അത്യാവശ്യമാണെന്ന പാഠം പഴയ മാധ്യമപ്രവര്‍ത്തകയായ ഞാന്‍ മറന്നതു ശരിയായില്ലെന്നും പറഞ്ഞതു കേട്ടു.

എല്ലാ സ്‌നേഹത്തോടെയും പറയട്ടെ, ഞാന്‍ പത്രപ്രവര്‍ത്തക ആയിരുന്ന കാലം മുതല്‍ മുടങ്ങാതെ ശ്രദ്ധിച്ചിരുന്ന ഒരു ചാനല്‍ ആയിരുന്നു ഏഷ്യാനെറ്റും പില്‍ക്കാലത്ത് ഏഷ്യാനെറ്റ് ന്യൂസും. ശ്രീ ശശികുമാര്‍, സക്കറിയ, സി.എല്‍.തോമസ്, ടി.എന്‍. ഗോപകുമാര്‍ എന്നിവരുടെയൊക്കെ സാന്നിധ്യം കൊണ്ട്, ആ ചാനലിനോട് അവര്‍ ചാനല്‍ വിട്ടു പോയതിനുശേഷവും പ്രത്യേകമായൊരു മമത ഉണ്ടായിരുന്നു.

പക്ഷേ, കുറച്ചു കാലമായി ഞാന്‍ ഏഷ്യാനെറ്റ് ന്യൂസ് കാണാറില്ല. പ്രത്യേകിച്ചും വിനുവിന്റെ ന്യൂസ് അവര്‍. എഴുത്തുകാരിയെന്ന നിലയില്‍ വിനു എന്നെ ഇഷ്ടപ്പെടുന്നതായി പറഞ്ഞെങ്കിലും, വിനുവിന്റെ ന്യൂസ് അവര്‍ എനിക്ക് ഇഷ്ടമല്ല എന്നു വിഷമത്തോടെ പറയട്ടെ. അതു പറയുന്നതു കൊണ്ട് ഇനിമേല്‍ എഴുത്തുകാരിയെന്ന നിലയില്‍ എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും സാരമില്ല.

കാരണം, ഞാന്‍ പഠിച്ചിട്ടുള്ള ജേണലിസം അനുസരിച്ച്, നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും വ്യക്തിപരമായ താല്‍പര്യങ്ങളും പക്ഷപാതവും പ്രകടിപ്പിക്കാനുള്ള വേദിയല്ല, പത്രവും ചാനലും.

ആ പരമമായ നിയമം വിനു നിരന്തരം ലംഘിക്കുന്നു. അതു വഴി വിനു ഇല്ലാതാക്കിയത് ചാനലിന്റെയും വിനുവിന്റെയും വിശ്വാസ്യതയാണ്. വിശ്വാസ്യതയില്ലെങ്കില്‍ പിന്നെ വാര്‍ത്തയുണ്ടോ?”കെ. ആര്‍ മീര ചോദിച്ചു.

വസ്തുതാവിരുദ്ധമായ പിശകുകളുടെ കാര്യത്തില്‍ കെ.ആര്‍ മീരയെ വിമര്‍ശിച്ച വിനു. വിജോണിന് ഏഷ്യാനെറ്റ് തനിക്കെതിരെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു കെ.ആര്‍ മീര മറുപടി പറഞ്ഞത്. അതില്‍ പറയുന്നതിങ്ങനെ

”ഏതായാലും, മാധ്യമപ്രവര്‍ത്തകര്‍ക്കു ഫാക്ച്വല്‍ കറക്ട്‌നെസ് എത്ര പ്രധാനമാണ് എന്ന് ഓര്‍മ്മിപ്പിച്ച സ്ഥിതിക്ക് ഏഷ്യാനെറ്റ് ന്യൂസില്‍നിന്ന് രണ്ടു മാസം മുമ്പുണ്ടായ ഒരു അനുഭവം ഞാനും പങ്കുവെക്കുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനാലിന് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുണ്ടായിരുന്നു. വിനുവിന് ഓര്‍മ്മയുണ്ടോ എന്ന് അറിയില്ല.

മന്ത്രി കെ.ടി ജലീലിനെ അടിക്കാന്‍ യാസിര്‍ എടപ്പാളിനെ കൊണ്ടുവന്നതു പോലെ, ഗവണ്‍മെന്റിനെ പ്രതിക്കൂട്ടിലാക്കാന്‍ എനിക്ക് എതിരെ ഒരു വ്യാജ വാര്‍ത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചു. ”ചട്ടങ്ങള്‍ മറികടന്ന് കെ. ആര്‍ മീരയ്ക്ക് എം.ജി. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിയമനം” എന്നു ഫ്‌ളാഷ് ന്യൂസും ബ്രേക്കിങ് ന്യൂസും ഒക്കെ ഉണ്ടായിരുന്നു.

അതിന്റെ ഫാക്ച്വല്‍ കറക്ട്‌നെസിനെ കുറിച്ച് എനിക്ക് അറിയാന്‍ താല്‍പര്യമുണ്ട്. ‘നിയമനം’ എന്ന വാക്ക് ഏഷ്യാനെറ്റ് ന്യൂസ് ഉപയോഗിച്ചതു ഫാക്ച്വലി കറക്ട് ആയിരുന്നോ? ‘ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്ത ഒരു ബോര്‍ഡിലേക്കുള്ള നാമനിര്‍ദ്ദേശത്തെ’ ഏഷ്യാനെറ്റ് ന്യൂസ് ‘നിയമനം’ എന്നു വിളിച്ചതു ഫാക്ച്വലി കറക്ട് ആയിരുന്നോ?

ആ നാമനിര്‍ദ്ദേശം ‘ചട്ടങ്ങള്‍ മറികടന്നാണ്’ എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതു ഫാക്ച്വലി കറക്ട് ആയിരുന്നോ? നിങ്ങള്‍ അന്നു മുഴുവന്‍ സ്‌ക്രീനില്‍ എഴുതിക്കാണിച്ചതുപോലെ ‘വിദഗ്ധസമിതി നല്‍കിയ പേരുകള്‍ വെട്ടിയിട്ട്’ എന്റെ പേരു തിരുകിക്കയറ്റി എന്ന ആരോപണം ഫാക്ച്വലി കറക്ട് ആയിരുന്നോ? ‘വിദഗ്ധ സമിതി ഉണ്ടായിരുന്നു’ എന്ന ധ്വനി ഫാക്ച്വലി കറക്ട് ആയിരുന്നോ?

അന്ന് അര്‍ദ്ധരാത്രി വരെ ഏഷ്യാനെറ്റ് ന്യൂസ് ആ വാര്‍ത്ത തുടര്‍ച്ചയായി കാണിച്ചു കൊണ്ടിരുന്നതു വിലകുറഞ്ഞ രാഷ്ട്രീയ പക പോക്കലും എന്നെ അപകീര്‍ത്തിപ്പെടുത്തലും ലക്ഷ്യമിട്ടായിരുന്നില്ലേ?

അല്ലായിരുന്നെങ്കില്‍, അതു ‘നിയമനം’ അല്ലെന്നും ചട്ടങ്ങള്‍ അനുസരിച്ചുള്ള നാമനിര്‍ദ്ദേശമാണെന്നും വൈസ് ചാന്‍സലര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതു പിറ്റേന്ന് ആദ്യത്തെ വാര്‍ത്ത കൊടുത്ത അതേ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു ഫാക്ച്വല്‍ കറക്ട്‌നെസിനോടുള്ള ചാനലിന്റെയും വിനുവിന്റെയും പ്രതിബദ്ധത വെളിപ്പെടുത്തേണ്ടതായിരുന്നില്ലേ?” കെ.ആര്‍ മീര ചോദിച്ചു.

ശനിയാഴ്ച്ച ലീഗ് പ്രവര്‍ത്തകന്‍ യാസിര്‍ എടപ്പാള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസിനെതിരെ ഇട്ട അശ്ലീല ഫേസ്ബുക്ക് കമന്റുകള്‍ ചാനല്‍ ചര്‍ച്ചയില്‍ സി.പി.ഐ.എം പ്രതിനിധി വായിച്ചതിനെത്തുടര്‍ന്ന് പ്രേക്ഷകരോട് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താവതാരകന്‍ വിനു വി ജോണ്‍ മാപ്പ് പറഞ്ഞ സംഭവത്തില്‍ വിമര്‍ശനവുമായി കെ.ആര്‍ മീര രംഗത്തെത്തിയിരുന്നു.

ഇതിനു മറുപടിയായാണ് വിനു വി ജോണ്‍ ന്യൂസ് അവറില്‍ കെ.ആര്‍ മീരക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. പോരാളികളുടെ നിലവാരത്തില്‍ നിന്ന് പറഞ്ഞ് സ്വയം ഇളിഭ്യരാവരുതെന്നായിരുന്നു വിനുവിന്റെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K.R Meera against Asianet news anchor Vinu V John

We use cookies to give you the best possible experience. Learn more