| Tuesday, 10th July 2018, 6:54 pm

മലയാള സിനിമകളെ അക്കാദമിക്ക് വേണ്ട : സാങ്കേതിക കാരണങ്ങളാല്‍ ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ച് അക്കാദമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: IDSFFKയിലെത്തുന്ന മലയാളച്ചിത്രങ്ങളെ അക്കാദമി അധികൃതര്‍ അവഗണിക്കുന്നതായി പരാതിയുയരുന്നു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മലയാളച്ചിത്രങ്ങളെ അധികൃതര്‍ മേളയില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതെന്ന് തുറന്നുപറഞ്ഞുകൊണ്ട് സംവിധായകനായ കെ.ആര്‍ മനോജ് രംഗത്തെത്തി.

രണ്ടു വര്‍ഷമായി സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നിരസിച്ചതില്‍ പരാതിയുമായി സംവിധായകന്‍ കെ.ആര്‍ മനോജ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ കമലിന് കത്തയച്ചു. കഴിഞ്ഞ വര്‍ഷം മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന കെ.ആര്‍ മനോജ് സംവിധാനം ചെയ്ത വര്‍ക്ക് ഓഫ് ഫയര്‍ എന്ന ഡോക്യുമെന്ററിയ്ക്കാണ് രണ്ടു വര്‍ഷവും ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍ ഓഫ് കേരളയില്‍ അവസരം നിഷേധിച്ചത്.

പി.എസ്.ബി.ടിയും ദൂരദര്‍ശനും ചേര്‍ന്ന് നിര്‍മ്മിച്ച ഡോക്യുമെന്ററി കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ചപ്പോള്‍ ദൂരദര്‍ശനില്‍ നിന്നും അനുമതി ലഭിച്ചിട്ടില്ലാത്തതിനാല്‍ പൂര്‍ത്തിയാകാത്ത ചിത്രമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുക്കപ്പെട്ട ശേഷവും പ്രദര്‍ശനം സംബന്ധിച്ച് അക്കാദമിയില്‍ നിന്നും എതിര്‍പ്പുകളുയര്‍ന്നപ്പോള്‍ പിന്‍വലിക്കുകയായിരുന്നു. അടുത്ത വര്‍ഷം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന ഉറപ്പും നല്‍കിയിരുന്നു.


Read Also : എന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് തന്നെ മുസ്‌ലീങ്ങളാണ്; അവരെ വേട്ടയാടുന്നത് വിഷമിപ്പിക്കുന്നെന്ന് തപ്‌സി പന്നു


“കഴിഞ്ഞ വര്‍ഷം ഡോക്യുമെന്ററി സമര്‍പ്പിക്കുന്ന സമയത്ത് നിര്‍മ്മാതാക്കളിലൊരാളായ പി.എസ്.ബി.ടി മാത്രമായിരുന്നു ഡോക്യുമെന്ററി കണ്ട് ഔദ്യോഗിക അനുമതി നല്‍കിയത്. ഡോക്യുമെന്ററി മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീടാണ് ദൂരദര്‍ശനില്‍ നിന്നും അനുമതി ലഭിക്കാനുള്ള സമയം ലഭിക്കാത്തതിനാല്‍ Work in Progress” എന്ന വാട്ടര്‍മാര്‍ക്കോടു കൂടി ചിത്രം അക്കാദമിയിലേക്ക് അയക്കുന്നത്. ഫെസ്റ്റിവലിനു ഒരു മാസം മുന്‍പായിരുന്നു അത്. അതിനാല്‍ ദൂരദര്‍ശന്‍ അധികൃതര്‍ അത് കണ്ട് അനുമതി നല്‍കുമെന്നും അറിയിച്ചിരുന്നു. പക്ഷെ പൂര്‍ത്തിയാകാത്ത ചിത്രമാണെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ വലിയ ബഹളം വെച്ചതിനെ തുടര്‍ന്ന് ചിത്രം സ്വയം പിന്‍വലിക്കുകയായിരുന്നു.” കെ.ആര്‍ മനോജ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

അടുത്ത വര്‍ഷം ദൂരദര്‍ശനില്‍ നിന്നുള്ള അനുമതി കൂടി നേടി, യാതൊരു സാങ്കേതിക തടസ്സങ്ങളുമില്ലാതെ ചിത്രം ഫെസ്റ്റിവലിലേക്ക് അയക്കാമെന്ന് കമല്‍ അടക്കമുള്ള അക്കാദമി അധികൃതര്‍ ഉറപ്പു നല്‍കിയ ശേഷമായിരുന്നു ഡോക്യുമെന്ററി പിന്‍വലിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ നിര്‍മ്മാതാക്കളായ പി.എസ്.ബി.ടി എല്ലാ അനുമതികളോടു കൂടി ഡോക്യുമെന്ററി സമര്‍പ്പിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച
ചിത്രമായതിനാല്‍ ഈ വര്‍ഷം തെരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്ന അക്കാദമിയില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു. “ഒരിക്കല്‍ സമര്‍പ്പിച്ച ചിത്രം വീണ്ടും സമര്‍പ്പിക്കാന്‍ കഴിയില്ല എന്ന ന്യായം പറഞ്ഞാണ് നിര്‍മ്മാതാക്കളെ പിന്തിരിപ്പിച്ചതെന്നും അതുകാരണം പി.എസ്.ബി.ടി ചിത്രം ഫെസ്റ്റിവല്‍ എന്‍ട്രി നടത്തിയെങ്കിലും മത്സരത്തിന് സമര്‍പ്പിച്ചില്ലെന്നും” കെ.ആര്‍ മനോജ് കമലിന് അയച്ച കത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം സംവിധായകനായ ഞാന്‍ വര്‍ക്ക് ഓഫ് ഫയര്‍ എന്നെ സംബന്ധിച്ചിടത്തോളം പൂര്‍ത്തിയായതാണെന്ന് പറഞ്ഞപ്പോള്‍ നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്നു കൂടിയുള്ള അനുമതി ലഭിച്ച ശേഷം മാത്രമേ പരിഗണിക്കാന്‍ സാധിക്കു എന്നായിരുന്നു അക്കാദമിയുടെ തീരുമാനം. പൂര്‍ത്തികരിക്കാത്ത ചിത്രം സമര്‍പ്പിച്ചെന്ന പേരില്‍ പ്രതിഷേധവും നേരിട്ടെന്നും കെ.ആര്‍ മനോജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സംവിധായകര്‍ തന്നെ പിന്‍വലിച്ച ചിത്രങ്ങള്‍ അടുത്ത വര്‍ഷം പരിഗണിക്കുന്നത് എല്ലാ ചലച്ചിത്രമേളകളിലും നിയമപരമായ വസ്തുതയാണ്. മേളയുടെ നിയമപ്രകാരമുള്ള സമയപരിധിക്കുള്ളില്‍ തന്നെ ചെയ്ത ഡോക്യുമെന്ററിയായതിനാല്‍ അത്തരം സാങ്കേതിക തടസ്സങ്ങളില്ലെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക കാരണങ്ങളാല്‍ പിന്‍വലിച്ച ചിത്രങ്ങള്‍ മുന്‍പ് അക്കാദമി സ്വീകരിച്ചിട്ടുണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് പി.എസ്.ബി.ടി എന്‍ട്രി സമര്‍പ്പിച്ചപ്പോള്‍ മത്സരത്തില്‍ പങ്കെടു്ക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചെതെന്നും സംവിധായകന്‍ ചോദിക്കുന്നു.

ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ ഒരു മലയാള ചിത്രം പോലും ഇല്ലാത്ത സാഹചര്യത്തിലാണ് മത്സരിക്കാന്‍ പോലും അനുവദിക്കാതെ തന്റെ ചിത്രം ഒഴിവാക്കിയതെന്നും കെ.ആര്‍ മനോജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഡോക്യുമെന്ററികള്‍ തുലോം കുറവായ മലയാളത്തില്‍ സാങ്കേതിക നൂലാമാലകള്‍ പറഞ്ഞ് കേരളത്തില്‍ നിര്‍മ്മിക്കുന്ന ഡോക്യുമെന്ററികളെ ഒഴിവാക്കുന്നത് നല്ല പ്രവണതയല്ലെന്നും കെ.ആര്‍ മനോജ് പറഞ്ഞു. “കേരളത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങളില്‍ ശ്രദ്ധേയമായവ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കാനും, ദേശീയ രാജ്യാന്തരശ്രദ്ധ നേടിക്കൊടുക്കാനും ബാദ്ധ്യതപ്പെട്ട ചലച്ചിത്ര അക്കാദമി അധികാരികള്‍ എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്?” അദ്ദേഹം കത്തില്‍ ചോദിക്കുന്നു.

ചെയര്‍മാന്‍ കമലിന്റെ നേതൃത്വത്തില്‍ ചലച്ചിത്ര അക്കാദമി വിഷയം പരിശോധിക്കുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.ആര്‍ മനോജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കന്യക ടാക്കീസ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു പരിചിതനായ കെ.ആര്‍ മനോജിന്റെ ഡോക്യുമെന്ററിയായ വര്‍ക്ക് ഓഫ് ഫയര്‍ വിവിധ ചലച്ചിത്ര മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more