| Tuesday, 11th May 2021, 12:28 pm

ഭരണ-പ്രതിപക്ഷത്തെ നോക്കി നിങ്ങള്‍ക്ക് വോട്ടാണ് പ്രധാനം, സാമൂഹ്യനീതിയല്ലെന്ന് പൊട്ടിത്തെറിച്ച ഗൗരിയമ്മ

അമല്‍ സി.രാജന്‍

നിയമസഭയില്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും നോക്കി ‘നിങ്ങള്‍ക്കു വോട്ടാണ് പ്രധാനം, അല്ലാതെ സാമൂഹ്യ നീതിയല്ല’ എന്നു പൊട്ടിത്തെറിച്ചിട്ടുണ്ട് കെ.ആര്‍.ഗൗരി. എന്തുകൊണ്ട് കെ.ആര്‍.ഗൗരിയമ്മ കേരളം ഭരിച്ചില്ല എന്ന ചോദ്യത്തിന്റെ ഉത്തരവും അതു തന്നെയാണ്. ഗൗരിയമ്മക്കു പ്രധാനം സാമൂഹ്യനീതിയായിരുന്നു. അവരെന്നും ചിന്തിച്ചത് സമൂഹത്തിലെ ഏറ്റവും ദുര്‍ബലരെ കുറിച്ച് മാത്രമായിരുന്നു.

സംശയമുള്ളവര്‍ 1996 ലെ കേരള പട്ടികവര്‍ഗക്കാര്‍ (ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചു കൊടുക്കലും) ഭേദഗതി ബില്ലിന്റെ നാള്‍വഴികള്‍ പരിശോധിക്കുക. ഗൗരിയമ്മയുടെ അടിയേറ്റ് ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ പുളയുന്നതു കാണാം. ആദിവാസികള്‍ക്കായി ഒറ്റക്കൊരാള്‍ വീറോടെ പൊരുതുന്നതു കാണാം…

09/09/1996
കേരള നിയമസഭ

കെ.ആര്‍. ഗൗരിയമ്മ :

ശ്രീ. സത്യന്‍ മൊകേരി ആദിവാസികള്‍ക്കുവേണ്ടി ധാരാളം പ്രവര്‍ത്തിക്കുന്നുണ്ടായിരിക്കും. ആദിവാസികള്‍ പഴയ ആളുകള്‍ അല്ല. വിദ്യാഭ്യാസത്തിലും മറ്റു കാര്യങ്ങളിലും ആദിവാസി കള്‍ വളരെ ഉന്നതമായിട്ടുള്ള നിലയിലെത്തി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇന്നും ആദിവാസികള്‍ സങ്കേതത്തില്‍ കഴിയുന്നവരാണ്. ആ നിലയില്‍ ഈ നിയമം ആദിവാസികളെ രക്ഷിക്കാനാണോ. ശ്രീമാന്‍ കെ.എം. മാണി ആത്മാര്‍ത്ഥമായിട്ടെങ്കിലും പറഞ്ഞു, അദ്ദേഹം കൊണ്ടുവന്ന നിയമം കൃഷിക്കാരനെ രക്ഷിക്കാനാണെന്ന്. ആദിവാസികളെ രക്ഷിക്കാനാണെന്ന് ഇവിടെ പറഞ്ഞില്ല.

ഈ നിയമത്തില്‍ ആദിവാസികളെ രക്ഷിച്ചു എന്നാണ് പറയുന്നത്. കൂട്ടത്തോടെ വംശനാശം വരുത്താനാണ് അവരെ മാറ്റി താമസിപ്പിക്കും എന്നു പറയുന്നത്. ഭൂമി എവിടെയുണ്ട്. മലയിലുണ്ടോ, നിങ്ങളുടെ ഈ സിറ്റിയിലുണ്ടോ ഭൂമി അവര്‍ക്കു കൊടുക്കാന്‍. കാഞ്ഞിരപ്പള്ളിയില്‍ ഒരൊറ്റ ആദിവാസിയുണ്ടോ, അവരുടെ ഭൂമി ഇന്നു മുഴുവന്‍ അന്യരുടെ കയ്യില്‍, കൂട്ടത്തോടെ അവരെ നശിപ്പിച്ചു. ഭൂമി അവര്‍ക്കുണ്ടോ, ധനാഢ്യന്മാരും രാഷ്ട്രീയത്തില്‍ സ്വാധീനമുള്ളവരും ഭൂമി അവരില്‍ നിന്നും തട്ടിപ്പറിച്ചു. അവരെ അവരുടെ ഭൂമിയില്‍ നിന്നും ആട്ടിപ്പായിച്ചു .

അട്ടപ്പാടിയിലും വയനാട്ടിലും ഒരൊറ്റ ആദിവാസിക്കെങ്കിലും താമസിക്കുന്ന സ്ഥലമല്ലാതെ കൃഷി ചെയ്യാന്‍ വേറെ ഭൂമിയുണ്ടോ, ഈ അടുത്തകാലത്ത് ഞാന്‍ പോയ ഒരു വീട്ടില്‍ ഇങ്ങനെ ഒരു അനുഭവം കണ്ടു. ആ വീട്ടില്‍ മൂന്നു തലമുറകളാണ് താമസിക്കുന്നത്. അവിടുത്തെ കൊച്ചുമകന്‍ കല്ല്യാണം കഴിച്ചുകൊണ്ടുവന്ന പെണ്‍കുട്ടി കെട്ടിത്തൂങ്ങി ചത്തു. കാരണം ആ കുട്ടിയെ എല്ലാവരും ഒന്നിച്ചു താമസിക്കുന്ന മുറിയില്‍ വിവസ്ത്രയാക്കി. അപമാനഭാരത്താല്‍ ആ കുട്ടി ആത്മഹത്യ ചെയ്തു. അട്ടപ്പാടിയിലെ സ്‌കീം എവിടെ, സുഗന്ധഗിരി എവിടെ, പൂക്കോട്ട് ഡയറി എവിടെ, ഇവിടെയൊക്കെ ഉണ്ടായിരുന്ന മറ്റു സ്‌കീമുകള്‍ എവിടെ, അതുമുഴുവന്‍ നിങ്ങളുടെ ഉദ്യോഗസ്ഥര്‍ തിന്നു തീര്‍ത്തിട്ട് മിണ്ടിയിട്ടില്ല .

ഒറിജിനല്‍ നിയമത്തില്‍ മറ്റു വകുപ്പുകള്‍ കൂടി പരിശോധിക്കാന്‍, ഭൂമി വേഗം തിരിച്ചെടുക്കാന്‍ ആവശ്യമുള്ള ഭേദഗതികള്‍ എഴുതുന്നതിനുപകരം കൃഷിക്കാര്‍ക്ക് ഭൂമിയും ആദിവാസികള്‍ക്ക് ഗവണ്‍മെന്റിന്റെ ഉറപ്പും ഉണ്ടാകണം. അവര്‍ പാവപ്പെട്ടവരാണ്. അവരെ സഹായിക്കാന്‍ ആരുമില്ല. അതുകൊണ്ട് ഈ നിയമം ഇതുപോലെ പാസ്സാക്കിയാല്‍ ആദിവാസികള്‍ക്കിടയില്‍ വംശനാശമുണ്ടാകും. മുമ്പൊരിക്കല്‍ ഈ വിഭാഗക്കാരെ വയനാട്ടില്‍ നിന്ന്, വെട്ടാന്‍ കൊണ്ടുപോകുന്ന മൃഗങ്ങളെപ്പോലെ ഇവിടെ ആട്ടിത്തെളിച്ചുകൊണ്ടുവന്നിരുന്നു. ശ്രീ. കണാരന്‍ ഇത്രപെട്ടെന്ന് അവരെ കശാപ്പു ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല. അവരെ താമരശ്ശേരിയില്‍ വച്ചാണ് കണ്ടത്. കാര്യം സാധിച്ചല്ലോ കണാരാ.

കര്‍ഷകത്തൊഴിലാളികളെ രക്ഷിക്കാന്‍ നടക്കുന്നു, അവരെ അവിടെത്തന്നെ താമസിപ്പിക്കണം. കൃഷിക്കാരെയും ആദിവാസികളെയും തമ്മില്‍ തല്ലിക്കാത്തവിധത്തില്‍ ഗവണ്‍മെന്റിന്റെ പണമുപയോഗിച്ച് കൃഷിക്കാരെ മാറ്റിത്താമസിപ്പിക്കണം. കൃഷിക്കാര്‍ക്ക് വേറെ ഭൂമിയും പണവും വേണം.

ആദിവാസി റീഹാബിലിറ്റേഷന്‍ ഫണ്ടിനെപ്പറ്റി ഇങ്ങനെ പറയുന്നു : The said fund mainly consist of grants and loans from the Government.

‘ഇനി ആദിവാസികള്‍ക്ക് ബഡ്ജറ്റില്‍ പ്രൊവിഷന്‍ കാണുകയില്ല. എല്ലാം റീഹാബിലിറ്റേഷനു പോകും. ആ വിധത്തിലുള്ള നടപടിയുണ്ടാകും. അതാണ് വരാന്‍ പോകുന്നത്. ഈ നിയമം നടപ്പിലാക്കിയാല്‍ പാവപ്പെട്ട ആദിവാസിയെ ഇല്ലായ്മ വരുത്തുന്നതിന്റെ ഉത്തരവാദിത്വം ശ്രീ. ഇസ്മയിലിന്റെ തലയില്‍ തന്നെ വരും. അവരെ മാറ്റിത്താമസിപ്പിച്ചാല്‍ അവര്‍ ജീവനോടെ കാണുകയില്ല. മത്സ്യത്തെ കരയില്‍ വളര്‍ത്തുന്നതിന് തുല്യമാണ് വരാന്‍ പോകുന്നത്. ആ വിധത്തില്‍ ഈ നിയമം പുനഃപരിശോധിക്കണം.

കൃഷിക്കാര്‍ സംഘടിതമാണ്. വയനാട്ടില്‍ രണ്ടുലക്ഷം ആദിവാസികളുള്ളപ്പോള്‍ നാലുലക്ഷം കൈയേറ്റക്കാരുണ്ട്. നിങ്ങള്‍ക്കു വോട്ടാണ് പ്രധാനം. അല്ലാതെ സാമൂഹ്യ നീതിയല്ല. ആദിവാസികളെ എങ്ങനെ രക്ഷിക്കാം, അവരെ ഏതുവിധത്തില്‍ പുനരധിവസിപ്പിക്കാം എന്നു നോക്കുന്നതിനുപകരം എന്താണ് നിങ്ങള്‍ നോക്കുന്നത്. അതുകൊണ്ട് ഇത് എതിര്‍ക്കേണ്ട നിയമമാണ്. ആ വിധത്തില്‍ ഞാന്‍ ഇതിനെ എതിര്‍ക്കുകയാണ്’

ബില്ല് നിയമസഭ പാസാക്കി. ഗൗരിയമ്മ മാത്രമെതിര്‍ത്തു. രാഷ്ട്രപതി ബില്ല് ചവറ്റു കൊട്ടയിലെറിഞ്ഞു. ഇതേ നിയമയം മറ്റൊരു രൂപത്തില്‍ 1999ല്‍ വീണ്ടും സഭയിലെത്തി. അന്നും കെ.ആര്‍ ഗൗരി ആദിവാസികള്‍ക്കായി പൊരുതി. ഒറ്റക്കുള്ള പോരാട്ടം അവര്‍ക്ക് ജീവിതമായിരുന്നു. അവരെന്നും സാമൂഹ്യനീതിയുടെ പക്ഷത്തായിരുന്നു. പാവപ്പെട്ടവരുടെ മനസില്‍ ഗൗരിയമ്മ മരിക്കില്ല, അതിനുള്ള ശക്തിയൊന്നും മരണത്തിനില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: K R Gouri amma supports farmers and tribes

അമല്‍ സി.രാജന്‍

We use cookies to give you the best possible experience. Learn more