| Saturday, 30th March 2024, 9:06 am

അന്ന് അമ്മ ബ്ലെസി സാറെ വിളിച്ച് ചീത്ത പറയുമായിരുന്നു; ആടുജീവിതത്തിലെ ഹക്കിം പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾ ഏവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം.

തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.

പൃഥ്വിയെ പോലെ തന്നെ ചിത്രത്തിൽ എടുത്ത് പറയേണ്ട മേക്ക് ഓവർ നടത്തിയ നടനാണ് കെ.ആർ.ഗോകുൽ. നോവൽ വായിച്ച എല്ലാവരിലും ഇന്നും നോവായി അവശേഷിക്കുന്ന ഹക്കീമിനെ ഏറ്റവും ഗംഭീരമായാണ് ഈ യുവ നടൻ ചെയ്ത് വെച്ചിട്ടുള്ളത്. മുമ്പ് ബാലതാരമായി അഭിനയിച്ചിട്ടുള്ള ഗോകുൽ തീർച്ചയായും മലയാള സിനിമയ്ക്ക് ഒരു മുതൽകൂട്ടാണെന്ന് ഒറ്റ ചിത്രം കൊണ്ട് തെളിയിച്ചിട്ടുണ്ട്.

സിനിമയ്ക്കായി ട്രാൻസ്ഫോർമേഷൻ നടത്തിയ സമയത്ത് തന്റെ അമ്മ ബ്ലെസിയെ വിളിച്ച് ദേഷ്യപ്പെടുമായിരുന്നുവെന്ന് ഗോകുൽ പറയുന്നു. മാനസികമായും ശാരീരികമായും ഒരുപാട് ബുദ്ധിമുട്ടുണ്ടായിരുന്ന സമയമായിരുന്നു അതെന്നും ഗോകുൽ പറയുന്നു. ദി ഫോർത്തിനോട്‌ സംസാരിക്കുകയായിരുന്നു താരം.

‘അമ്മ ബ്ലെസി സാറെ വിളിച്ചിട്ട് ചീത്തയൊക്കെ പറഞ്ഞിട്ടുണ്ട്, എന്റെ മോൻ ഒന്നും കഴിക്കുന്നില്ല എന്നൊക്കെ പറഞ്ഞിട്ട്. ആ രീതിയിലൊക്കെ അമ്മ സംസാരിച്ചിട്ടുണ്ട്. അപ്പോൾ ബ്ലെസി സാർ സമാധാനിപ്പിക്കും. നല്ല കാര്യത്തിന് വേണ്ടിയല്ലേ എന്നൊക്കെ ബ്ലെസി സാർ പറയും.

ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കുമ്പോൾ പ്രഷറൊക്കെ തെറ്റി വീഴുന്ന അവസ്ഥയായിരുന്നു. വല്ലാത്ത മൂഡ് സ്വിങ്സ് ആയിരിക്കും ആ സമയത്ത്. ഒട്ടും എനർജിയില്ലായിരുന്നു. നമുക്ക് ഒരു കാര്യത്തിലും ശ്രദ്ധ കിട്ടില്ല. നമുക്ക് അത്യാവശ്യം മൈൻഡ് വർക്ക്‌ ചെയ്യണമെങ്കിലും ഭക്ഷണമൊക്കെ വേണ്ടേ. പത്ത് സെക്കന്റിൽ കൂടുതൽ ഒരു കാര്യത്തിൽ ഫോക്കസ് ചെയ്യാൻ പറ്റില്ലായിരുന്നു. അങ്ങനെയൊരു കാലമായിരുന്നു അത്. ഇതൊക്കെ ഒരു നല്ല കാര്യത്തിനാണ് എന്നൊരു പ്രതീക്ഷയിലാണ് മുന്നോട്ട് പോയത്,’ ഗോകുൽ പറയുന്നു.

അതേസമയം, ആടുജീവിതം ഗംഭീര അഭിപ്രായമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും നേടുന്നത്. നീണ്ട പതിനാറ് വർഷത്തെ പരിശ്രമത്തിനൊടുവില്ലാണ് ബ്ലെസി ആടുജീവിതം തിയേറ്ററിൽ എത്തിക്കുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ട്രാൻസ്ഫോർമേഷൻ വലിയ ശ്രദ്ധ നേടിയിരുന്നു.

Content Highlight: k.r. Gokul Talk About Struggles That Faced For Aadujeevitham Makeover

Latest Stories

We use cookies to give you the best possible experience. Learn more