മലയാളികൾ ഏവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം.
തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.
പൃഥ്വിയെ പോലെ തന്നെ ചിത്രത്തിൽ എടുത്ത് പറയേണ്ട മേക്ക് ഓവർ നടത്തിയ നടനാണ് കെ.ആർ.ഗോകുൽ. നോവൽ വായിച്ച എല്ലാവരിലും ഇന്നും നോവായി അവശേഷിക്കുന്ന ഹക്കീമിനെ ഏറ്റവും ഗംഭീരമായാണ് ഈ യുവ നടൻ ചെയ്ത് വെച്ചിട്ടുള്ളത്. മുമ്പ് ബാലതാരമായി അഭിനയിച്ചിട്ടുള്ള ഗോകുൽ തീർച്ചയായും മലയാള സിനിമയ്ക്ക് ഒരു മുതൽകൂട്ടാണെന്ന് ഒറ്റ ചിത്രം കൊണ്ട് തെളിയിച്ചിട്ടുണ്ട്.
ചിത്രത്തിന് ഡബ്ബ് ചെയ്തതിനെ കുറിച്ച് പറയുകയാണ് ഗോകുൽ. ആടുജീവിതത്തിനായി തന്റെ ശബ്‌ദം കളഞ്ഞെന്നും അങ്ങനെ ഡബ്ബ് ചെയ്തപ്പോൾ സംവിധായകൻ ബ്ലെസിക്ക് ഇഷ്ടമായെന്നും ഗോകുൽ പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘സ്മോക്കൊക്കെ ചെയ്തിട്ട് തൊണ്ടയൊക്കെ ഒന്ന് വരളിച്ചിട്ട് സംസാരിച്ചു നോക്കി. അങ്ങനെ സംസാരിച്ചാൽ ഒരു കരകരപ്പ് വരും. കുറെ അലറി വിളിച്ചു. ഒരു പരീക്ഷണം പോലെ ചെയ്തതാണ്. കുറേ ശബ്‌ദം പോയി. ഒരു മീറ്റർ പിടിച്ചപ്പോൾ ബ്ലെസി സാറിനും അത് ഓക്കെ ആയിരുന്നു.
പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് അതേ ഡ്രൈനസിൽ തന്നെയാണ് ഞാൻ സംസാരിച്ചത്. വെള്ളമൊന്നും കുടിച്ചില്ല. അങ്ങനെ ചെന്ന് ചെയ്ത് നോക്കിയപ്പോൾ അത് ബ്ലെസി സാറിനും ഇഷ്ടപ്പെട്ടു. ശരിക്കും എന്റെ സൗണ്ട് പോയത് തന്നെയാണ്. സൗണ്ട് കളഞ്ഞ് എന്റെ തൊണ്ടയെ മാക്സിമം ടോർച്ചർ ചെയ്താണ് ഡബ്ബിനുള്ള ആ ഒരു സാധനം കിട്ടിയത്,’കെ.ആർ.ഗോകുൽ പറയുന്നു.
അതേസമയം, ആടുജീവിതം ഗംഭീര അഭിപ്രായമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും നേടുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ട്രാൻസ്ഫോർമേഷൻ വലിയ ശ്രദ്ധ നേടിയിരുന്നു. ഏറ്റവും വേഗത്തിൽ അമ്പത് കോടി നേടുന്ന മലയാള ചിത്രമായി ആടുജീവിതം മാറി.
Content Highlight: K.R.Gokul Talk About Dubbing Of Aadujeevitham