സ്കൂളിൽ വെച്ച് അപസ്മാരം വന്ന സഹപാഠിയെയാണ് ഞാൻ ആ നിമിഷം ഓർത്തത്: കെ.ആർ.ഗോകുൽ
Entertainment
സ്കൂളിൽ വെച്ച് അപസ്മാരം വന്ന സഹപാഠിയെയാണ് ഞാൻ ആ നിമിഷം ഓർത്തത്: കെ.ആർ.ഗോകുൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th April 2024, 11:11 am

മലയാളികൾ ഏവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം.

തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചിരുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്. പൃഥ്വിയെ പോലെ തന്നെ ചിത്രത്തിൽ എടുത്ത് പറയേണ്ട മേക്ക് ഓവർ നടത്തിയ നടനാണ് കെ.ആർ.ഗോകുൽ. നോവൽ വായിച്ച എല്ലാവരിലും ഇന്നും നോവായി അവശേഷിക്കുന്ന ഹക്കീമിനെ ഏറ്റവും ഗംഭീരമായാണ് ഈ യുവ നടൻ ചെയ്ത് വെച്ചിട്ടുള്ളത്.

 

ക്ലൈമാക്സ്‌ പോർഷനിൽ ഹക്കിമിന്റെ കഥാപാത്രം വിടപറയുന്ന രംഗം ഹൃദയസ്പർശിയായ സീനാണ്. സീനിലെ ഗോകുലിന്റെ പ്രകടനവും എടുത്ത് പറയണം. ആ സീനിനായി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് പറയുകയാണ് ഗോകുൽ.

വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ കാര്യങ്ങൾ കഥാപാത്രത്തിനായി മനസിൽ വിചാരിച്ചെന്നും സ്കൂളിൽ വെച്ച് അപസ്മാരം വന്ന തന്റെ സഹപാഠിയെ താൻ മനസിൽ കരുതിയെന്നും ഗോകുൽ പറയുന്നു. ഗൃഹ ലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു ഗോകുൽ.

 

‘ക്ലൈമാക്‌സ് വളരെ പ്രധാനപ്പെട്ടതാണെന്ന് നേരത്തേ അറിയാമായിരുന്നു അതിനുള്ള തയ്യാറെടുപ്പുകൾ നടത്തി. ദൈവത്തോട് പ്രാർഥിച്ച് ചെയ്യൂ എന്നാണ് ബ്ലെസി സാർ പറഞ്ഞത്. തിരക്കഥയിലും പുസ്‌തകത്തിലും ഉള്ള വിശദാംശങ്ങൾ, നാഷണൽ സർവീസ് സ്‌കീമിൻ്റെ ഭാഗമായി മാനസികാരോഗ്യകേന്ദ്രത്തിൽ പോയപ്പോൾ കണ്ട രോഗികളുടെ പെരുമാറ്റ രീതികൾ, സ്‌കൂളിൽ വച്ച് അപസ്‌മാരം വന്ന സഹപാഠിയുടെ അന്നത്തെ അവസ്ഥ, ഒക്കെയും കഥാപാത്രത്തിലേക്ക് കൊണ്ടുവന്നു. എല്ലാത്തിലും ഉപരി കഥാപാത്രമാണെന്ന് സ്വയം വിശ്വസിപ്പിക്കുകയാണ് പ്രധാനമായി ചെയ്‌തത്,’ ഗോകുൽ പറയുന്നു.

അതേസമയം ആടുജീവിതം 150 കോടി കളക്ഷനും നേടി ബോക്സ്‌ ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആടുജീവിതം തിയേറ്ററിൽ എത്തിയത്.

Content Highlight: K.R. Gokul Talk About Climax  Aadujeevitham