| Friday, 29th March 2024, 8:00 am

അന്ന് ചില ചിത്രങ്ങൾ എന്നെ തേടി വന്നപ്പോൾ, ഹാർഡ് വർക്കിനുള്ള റിസൾട്ട് നിനക്ക് കിട്ടും കാത്തിരിക്കൂവെന്നാണ് ബ്ലെസി സാർ പറഞ്ഞത്: കെ.ആർ.ഗോകുൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾ ഏവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം.

തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.

പൃഥ്വിയെ പോലെ തന്നെ ചിത്രത്തിൽ എടുത്ത് പറയേണ്ട മേക്ക് ഓവർ നടത്തിയ നടനാണ് കെ.ആർ.ഗോകുൽ. നോവൽ വായിച്ച എല്ലാവരിലും ഇന്നും നോവായി അവശേഷിക്കുന്ന ഹക്കീമിനെ ഏറ്റവും ഗംഭീരമായാണ് ഈ യുവ നടൻ ചെയ്ത് വെച്ചിട്ടുള്ളത്. ആടുജീവിതത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു ഗോകുൽ.

തന്നെ കുറിച്ച് ബ്ലെസി സാറിന് ഒരു വിഷൻ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് സിനിമ ഇറങ്ങുന്നത് വരെ തന്റെ കഥാപാത്രത്തെ കുറിച്ച് അധികം പുറത്ത് വിടഞ്ഞതെന്നും ഗോകുൽ പറയുന്നു. ഈ കാലയളവിൽ പല സിനിമകളും തന്നെ തേടി വന്നിരുന്നുവെന്നും ഗോകുൽ പറഞ്ഞു.

‘എന്നെ കുറിച്ച് ബ്ലെസി സാറിന് ഒരു വിഷൻ ഉണ്ടായിരുന്നു. കാരണം ഈ സിനിമ കഴിഞ്ഞാലായിരിക്കാം എന്നെ ആളുകൾ തിരിച്ചറിയുക. ഇതിനുമുമ്പ് ഗോകുൽ എന്ന വ്യക്തിയെ ആർക്കും അറിയില്ല. ഇപ്പോൾ സിനിമ ഇറങ്ങിയതിനു ശേഷം ആളുകൾ എന്നെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. സാറിന്റെ ഒരു വിഷൻ ആയിരുന്നു, ഈ സമയത്തായിരിക്കും ആളുകൾ എന്നെ തിരിച്ചറിയുകയെന്നത്. അദ്ദേഹം അത്രയും എക്സ്പീരിയൻസുള്ള ഒരു സംവിധായകനല്ലേ.

ഈയൊരു കാലയളവിൽ എനിക്ക് ഒരു മൂന്നാല് സിനിമകൾ വന്നിരിന്നു. അതെല്ലാം വേണ്ടെന്ന് വെച്ച് ഞാൻ ബ്ലെസി സാറെ വിളിച്ച് ചോദിക്കുമ്പോൾ അദ്ദേഹം പറയും, കാത്തിരിക്കൂ നിനക്കുള്ള സമയം ആവുന്നതേയുള്ളൂവെന്ന്.

റസൂൽ സാറിന്റെ ( റസൂൽ പൂക്കുട്ടി) ഒരു സിനിമയെല്ലാം എന്നെ തേടി വന്നിരുന്നു. അപ്പോഴെല്ലാം ബ്ലെസി സാർ പറഞ്ഞത്, നിന്റെ ഹാർഡ് വർക്കിനുള്ള റിസൾട്ട് നിനക്ക് കിട്ടും, കാത്തിരിക്കൂവെന്ന്,’ ഗോകുൽ പറയുന്നു.

അതേസമയം, ആടുജീവിതം ഗംഭീര അഭിപ്രായമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും നേടുന്നത്. നീണ്ട പതിനാറ് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ബ്ലെസി ആടുജീവിതം തിയേറ്ററിൽ എത്തിക്കുന്നത്. ചിത്രത്തിനായി പൃഥ്വി നടത്തിയ ട്രാൻസ്ഫോർമേഷൻ വലിയ ശ്രദ്ധ നേടിയിരുന്നു.

Content Highlight: K.R.Gokul Talk About Blessy And Aadujeevitham

We use cookies to give you the best possible experience. Learn more