ഞാൻ ചെയ്യുന്ന അതേ ജോലി തന്നെയാണ് ഗോകുലും ചെയ്യുന്നതെന്ന് പറഞ്ഞ് രാജുവേട്ടൻ അവരോട് ദേഷ്യപ്പെട്ടു: ആടുജീവിതത്തിലെ ഹക്കിം പറയുന്നു
Entertainment
ഞാൻ ചെയ്യുന്ന അതേ ജോലി തന്നെയാണ് ഗോകുലും ചെയ്യുന്നതെന്ന് പറഞ്ഞ് രാജുവേട്ടൻ അവരോട് ദേഷ്യപ്പെട്ടു: ആടുജീവിതത്തിലെ ഹക്കിം പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th March 2024, 10:31 pm

മലയാളികൾ ഏവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം.

ഇന്ന് തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.

 

പൃഥ്വിയെ പോലെ തന്നെ ചിത്രത്തിൽ എടുത്ത് പറയേണ്ട മേക്ക് ഓവർ നടത്തിയ നടനാണ് കെ.ആർ.ഗോകുൽ. നോവൽ വായിച്ച എല്ലാവരിലും ഇന്നും നോവായി അവശേഷിക്കുന്ന ഹക്കീമിനെ ഏറ്റവും ഗംഭീരമായാണ് ഈ യുവ നടൻ ചെയ്ത് വെച്ചിട്ടുള്ളത്. ആടുജീവിതത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു ഗോകുൽ.

‘സെറ്റിൽ ഒരു സംഭവം ഉണ്ടായിരുന്നു. ഒരു ഷോട്ട് എടുക്കുകയാണ്. മരുഭൂമിയാണ്. നട്ടുച്ച സമയമാണ്. നല്ല വെയിലുണ്ട്. ഞാനപ്പോൾ എന്റെ പൊസിഷൻ നോക്കാൻ വേണ്ടി കിടക്കുകയാണ്. എന്റെ പൊസിഷൻ നോക്കാൻ വേണ്ടി ക്യാമറയൊക്കെ വെച്ചിട്ടുണ്ട്.

എന്റെ കൂടെയുള്ളവരൊക്കെ ഈ വെയിൽ കൊള്ളുന്നുണ്ട്. ആ സമയത്താണ് ഷോട്ട് എടുക്കാനായി രാജുവേട്ടനെ വിളിച്ചത്. രാജുവേട്ടൻ വരുമ്പോൾ കാണുന്നത് ഞാനവിടെ നട്ടപൊരി വെയിലത്ത്‌ കിടക്കുന്നതാണ്. അത് കണ്ടപ്പോൾ രാജുവേട്ടൻ പ്രത്യേക ഫീലായി പോയി.

രാജുവേട്ടൻ അന്ന് ദേഷ്യപ്പെട്ടിട്ട് പറഞ്ഞു ഇവനൊരു കുട കൊടുക്ക്, ഞാൻ ചെയ്യുന്ന അതേ ജോലി തന്നെയാണ് ഗോകുലും ചെയ്യുന്നത്. ഇവന് കുട കൊടുക്കാതെ ഞാൻ അഭിനയിക്കില്ലായെന്ന് പറഞ്ഞു. അതിന് ശേഷം എപ്പോഴും എന്റെ കൂടെ ഒരാൾ കുട പിടിച്ച് കൂടെ നിൽക്കുമായിരുന്നു.

ആ ഒരു പരിഗണനയും സഹോദര തുല്യമായി കാണുന്നതും വലിപ്പ ചെറുപ്പമില്ലാതെ മറ്റൊരു അഭിനേതാവിനോട് കാണിക്കുന്ന പരിഗണനയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്,’ഗോകുൽ

Content Highlight: K.R.Gokul Shares Shooting Experience Of Aadujeevitham