ഏഷ്യന്‍ വംശജര്‍ക്ക് നേരെയുള്ള വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തി ലോക പ്രശസ്ത കൊറിയന്‍ പോപ് ബാന്റ് ബിടിഎസ്. ഏഷ്യയില്‍ നിന്നുള്ളവരായതുകൊണ്ട് തങ്ങള്‍ക്കും പല തവണ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും ബിടിഎസ് പ്രസ്താവനയില്‍ പറയുന്നു.
ഗ്രാമി നോമിനേഷന്‍ നേടിയ ബിടിഎസിനെതിരെ ഒരു ജര്‍മന്‍ ആര്‍.ജെ വംശീയാധിക്ഷേപം നടത്തിയിരുന്നു. കൊവിഡ് 19 മഹാമാരിയെന്ന് വിളിച്ചായിരുന്നു ബാന്റിനെ ആര്‍.ജെ അധിക്ഷേപിച്ചത്.
അതേസമയം അടുത്ത കാലത്തായി അമേരിക്കയില്‍ ഏഷ്യന്‍ വംശജര്‍ക്കെതിരെ വലിയ ആക്രമണങ്ങള്‍ നടന്നുവരുന്നുണ്ട്. മാര്‍ച്ചില്‍ അമേരിക്കയിലെ ചില സ്പാകളില്‍ ഏഷ്യന്‍ വംശജര്‍ക്കെതിരെ വെടിവെപ്പ് നടക്കുകയും ആറോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
‘ഞങ്ങള്‍ക്ക് ദുഖവും അമര്‍ഷവും തോന്നുന്നുണ്ട്. ഏഷ്യാക്കാരയതിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വന്ന സമയങ്ങള്‍ ഓര്‍ത്തുപോവുകയാണ്. ഒരു കാരണവുമില്ലാതെ ഞങ്ങളെ ആളുകളെ തെറി പറഞ്ഞു, ഞങ്ങളുടെ രൂപത്തെ കളിയാക്കി. ഏഷ്യക്കാര്‍ എന്തിനാണ് ഇംഗ്ലിഷ് പറയുന്നതെന്ന് വരെ ചോദിച്ചവരുണ്ട്.
ഇതിന്റെയൊക്കെ പേരില്‍ ആക്രമണങ്ങളും വിദ്വേഷവും നേരിടേണ്ടി വരുമ്പോളുണ്ടാകുന്ന വേദന പറഞ്ഞറയിക്കാനാകില്ല. ഇക്കഴിഞ്ഞ ആഴ്ചകളില്‍ നടന്ന സംഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങളുടെ അനുഭവങ്ങളെല്ലാം എത്രയോ നിസ്സാരമാണെന്ന് അറിയാം. പക്ഷെ ആ അനുഭവങ്ങള്‍ ഞങ്ങളെ എത്രമാത്രം ബലഹീനരാക്കിയെന്നും സ്വാഭിമാനത്തെ തകര്‍ത്തു കളഞ്ഞെന്നും ഞങ്ങള്‍ക്കറിയാം. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഞങ്ങളുടെ ഏഷ്യന്‍ സത്വത്തില്‍ മാറ്റി നിര്‍ത്തി ചിന്തിക്കാനാകില്ല.
വംശീയ വിവേചനത്തിനെതിരെ ഞങ്ങള്‍ ഒന്നിച്ചുനില്‍ക്കുകയാണ്. അത് വ്യക്തമായി തന്നെ പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആക്രമണങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. നിനക്കും എനിക്കും ബഹുമാനിക്കപ്പെടാനുള്ള അവകാശമുണ്ട്. നമ്മള്‍ ഒന്നിച്ചുനില്‍ക്കും,’ ബിടിഎസിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക