Kerala News
കെ ഫോണ്‍ പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാവും; സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 29, 01:24 pm
Friday, 29th May 2020, 6:54 pm

തിരുവനന്തപുരം: ഈ വര്‍ഷം ഡിസംബറില്‍ കെ ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് കണ്‍സോര്‍ഷ്യം ലീഡര്‍ എം.വി ഗൗതം ഉറപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തെ സംബന്ധിച്ച് പദ്ധതിയുടെ പൂര്‍ത്തീകരണം വലിയ നേട്ടമായിരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇന്റര്‍നെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമാണ്. ഇതിന്റെ ഭാഗമായാണ് ഗുണമേന്മയുള്ള ഇന്റര്‍നെറ്റിന് കെ ഫോണ്‍ പദ്ധതി ആവിഷ്‌കരിച്ചത്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഈ പദ്ധതി നടപ്പാക്കിയിട്ടില്ല. 1500 കോടിയാണ് ചെലവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ കീഴിലെ രണ്ട് പ്രധാന കമ്പനികള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം രൂപീകരിച്ചു. ബിഇഎല്‍, റെയില്‍ടെല്‍ എന്നീ പൊതുമേഖലാ കമ്പനികളും എസ്ആര്‍എല്‍ടി,. എല്‍എസ്ടിഎസ് എന്നിവയും അംഗങ്ങള്‍. ഈ കമ്പനികളുടെ മേധാവികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പുരോഗതി വിലയിരുത്തി. രണ്ട് മാസം പ്രവര്‍ത്തി മുടങ്ങിയിരുന്നു. ഈ വര്‍ഷം ഡിസംബറില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കാമെന്ന് കണ്‍സോര്‍ഷ്യം ലീഡര്‍ എംവി ഗൗതം ഉറപ്പു നല്‍കി. മറ്റ് പങ്കാളികളും യോജിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ സംബന്ധിച്ച് പദ്ധതിയുടെ പൂര്‍ത്തീകരണം വലിയ നേട്ടമായിരിക്കും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് നല്‍കും. വിദ്യാലയങ്ങളിലും ആശുപത്രികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഈ നെറ്റ്വര്‍ക്കിലൂടെ കണക്ഷന്‍ കിട്ടും. വിജ്ഞാന അധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്ക് കെ ഫോണ്‍ ഉത്തേജനമാകും. വ്യവസായ വളര്‍ച്ച നേടാനാവും. കണ്‍സോര്‍ഷ്യത്തിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. ഐടി വകുപ്പ് പദ്ധതി പുരോഗതി തുടര്‍ച്ചയായി വിലയിരുത്തുന്നു. കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകും ഇവിടെ നിക്ഷേപം നടത്താനും കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങലോട് ആവശ്യപ്പെട്ടു. വിജ്ഞാന അധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്ക് കെ ഫോണ്‍ ഉത്തേജനമാകും. വ്യവസായ വളര്‍ച്ച നേടാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക